നാലു സ്ത്രീകളെ കിട്ടാത്ത മുന്നണിയാണോ എല്‍.ഡി.എഫ്? ശബരിമലയില്‍ നിലപാടു മാറ്റാതെ മുഖ്യമന്ത്രി
കോഴിക്കോട്: ശബരിമല വിഷയത്തില്‍ നിലപാടു മാറ്റാതെ മുഖ്യമന്ത്രി. വ്യാഴായ്ച്ച ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ സംയുക്ത യോഗത്തിനു ശേഷം തന്റെ നിലപാടു വീണ്ടും ആവര്‍ത്തിച്ചു മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. എന്നാള്‍ ഏറ്റുമുട്ടല്‍ നിലപാടിലേക്കില്ലെന്നു വ്യക്തമാകുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ കുറിപ്പ്.
റിവ്യൂ ഹരജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു എന്നതുകൊണ്ട് നിലവിലുളള സാഹചര്യത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല. ശബരിമല പ്രശ്‌നത്തില്‍ സര്‍ക്കാരിന് മുന്‍വിധിയോ എങ്ങനെയെങ്കിലും യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന വാശിയോ ഇല്ല. സുപ്രീംകോടതി അനുവദിച്ചതുകൊണ്ട് ധാരാളം സ്ത്രീകള്‍ ശബരിമലയില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ ആരെങ്കിലും വന്നാല്‍ അവര്‍ക്കുളള സൗകര്യം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. എങ്ങനെയെങ്കിലും യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന് എല്‍.ഡി.എഫിന് വാശിയുണ്ടായിരുന്നുവെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല.
നാലു സ്ത്രീകളെ കിട്ടാത്ത മുന്നണിയാണോ എല്‍.ഡി.എഫ്? സ്ത്രീകളെ ശബരിമലയിലേക്ക് കൊണ്ടുപോകാന്‍ എല്‍.ഡി.എഫോ സര്‍ക്കാരോ ഒന്നും ചെയ്തിട്ടില്ല. എന്നാല്‍, വിശ്വാസത്തിന്റെ ഭാഗമായി പോകുന്നവര്‍ക്ക് സംരംക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. തീര്‍ത്ഥാടനത്തിന്റെ പേരില്‍ ശബരിമലയില്‍ എത്തിയ ചിലര്‍ സമാധാനം തകര്‍ക്കാനും ഭക്തരെ തടയാനുമാണ് ശ്രമിച്ചതെന്ന് തുലാമാസ പൂജാവേളയിലും ചിത്തിര ആട്ടവിശേഷ പൂജാദിവസവും വ്യക്തമായി.
അമ്പത് കഴിഞ്ഞവരെ പോലും തടഞ്ഞു. പ്രക്ഷോഭത്തിന്റെ പേരില്‍ ശബരിമലയില്‍ എത്തിയ പലരും ആചാരം ലംഘിക്കുന്ന സ്ഥിതിയുണ്ടായി. ഒരു ഭാഗത്ത് കോടതിവിധി നടപ്പാക്കുന്നത് തടയുക. മറുവശത്ത് സംഘര്‍ഷമുണ്ടാക്കുക ഇത്തരമൊരു പ്രവര്‍ത്തനപദ്ധതിയാണ് ചിലര്‍ നടപ്പാക്കാന്‍ ശ്രമിച്ചത്. രക്തവും മൂത്രവും വീഴ്ത്തി സന്നിധാനം അശുദ്ധമാക്കാനുളള പരിപാടിയുണ്ടായിരുന്നു എന്നതും പുറത്തുവന്നു. വനിതാപോലീസിന്റെ പ്രായം ചിലര്‍ പരിശോധിച്ചുവെന്ന ആരോപണവും അവകാശവാദവും അടിസ്ഥാനരഹിതമാണ്. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല.
മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ശബരിമല പ്രശ്‌നത്തില്‍ സര്‍ക്കാരിന് മുന്‍വിധിയോ എങ്ങനെയെങ്കിലും യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന വാശിയോ ഇല്ല. ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ ഇക്കാര്യങ്ങള്‍ സംസാരിച്ചു.
സുപ്രീംകോടതി വിധി നടപ്പിലാക്കുന്ന ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒരു തരത്തിലും മാറിനില്‍ക്കാനാവില്ല. ഭക്തര്‍ക്ക് സമാധാനപരമായി ദര്‍ശനം നടത്താനുളള സാഹചര്യം ഒരുക്കാനാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്. മണ്ഡലമകരവിളക്ക് തീര്‍ത്ഥാടന കാലം സമാധാനപരമായിരിക്കണം. ഒരു കാരണവശാലും സംഘര്‍ഷമുണ്ടാകരുത്. ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹായം ഉണ്ടാകണം. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ശബരിമലിയില്‍ എത്തുന്നത്. അവര്‍ക്ക് അവമതിപ്പ് ഉണ്ടാക്കുന്ന സാഹചര്യം തീര്‍ത്തും ഒഴിവാക്കണം. അത് നാടിന്റെ താല്പര്യമാണ്.
പ്രളയദുരന്തം നാം ഒറ്റക്കെട്ടായി നേരിട്ടു. ഈ യോജിപ്പ് ദേശീയഅന്തര്‍ദേശീയ തലത്തില്‍ തന്നെ പ്രശംസിക്കപ്പെട്ടു. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാനുളള പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. ഇക്കാര്യത്തിലും നാം യോജിപ്പോടെ നീങ്ങണം.
സുപ്രീംകോടതി അനുവദിച്ചതുകൊണ്ട് ധാരാളം സ്ത്രീകള്‍ ശബരിമലയില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ ആരെങ്കിലും വന്നാല്‍ അവര്‍ക്കുളള സൗകര്യം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അതുകൊണ്ടാണ് സപ്തംബര്‍ 28ന് സുപ്രീംകോടതി വിധി വന്നപ്പോള്‍ സ്ത്രീകള്‍ക്കാവശ്യമായ സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തത്. സര്‍ക്കാരിന് മുന്‍വിധിയുണ്ടായിരുന്നെങ്കില്‍ സപ്തംബര്‍ 28ന് മുമ്പ് പ്രത്യേക നിലപാട് എടുക്കാമായിരുന്നു. യുവതികളെ വിലക്കുന്ന ഹൈക്കോടതി വിധി 1991ല്‍ വന്ന ശേഷം ഒരുഘട്ടത്തിലും അതിനെതിരായ നിലപാട് എല്‍.ഡി.എഫ് സര്‍ക്കാര്‍ എടുത്തിട്ടില്ല. 1991ലും 2006ലും അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാരുകളും ഇപ്പോഴത്തെ സര്‍ക്കാരും ആ വിധി നടപ്പാക്കുകയാണ് ചെയ്തത്.
എങ്ങനെയെങ്കിലും യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന് എല്‍.ഡി.എഫിന് വാശിയുണ്ടായിരുന്നുവെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. നാലു സ്ത്രീകളെ കിട്ടാത്ത മുന്നണിയാണോ എല്‍.ഡി.എഫ്? സ്ത്രീകളെ ശബരിമലയിലേക്ക് കൊണ്ടുപോകാന്‍ എല്‍.ഡി.എഫോ സര്‍ക്കാരോ ഒന്നും ചെയ്തിട്ടില്ല. എന്നാല്‍, വിശ്വാസത്തിന്റെ ഭാഗമായി പോകുന്നവര്‍ക്ക് സംരംക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. സുപ്രീംകോടതി വിധി അംഗീകരിക്കുന്നത് അവിവേകവും വിധി ലംഘിക്കുന്നത് വിവേകവുമാകുന്നത് എങ്ങനെ? കോടതി വിധി നടപ്പാക്കില്ല എന്ന നിലപാട് ഏതെങ്കിലും സര്‍ക്കാരിന് എടുക്കാന്‍ കഴിയുമോ? റിവ്യൂ ഹരജി പരിഗണിച്ച് നിലവിലുളള വിധിയില്‍ സുപ്രീംകോടതി തിരുത്തല്‍ വരുത്തിയാല്‍ സര്‍ക്കാര്‍ അതിന്റെ കൂടെ നില്‍ക്കും.
റിവ്യൂ ഹരജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു എന്നതുകൊണ്ട് നിലവിലുളള സാഹചര്യത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല. സപ്തംബര്‍ 28ന്റെ വിധിക്ക് സ്റ്റേ ഇല്ല എന്ന് സുപ്രീം കോടതി വിധിയില്‍ എടുത്തുപറഞ്ഞതുകൊണ്ട് ഇത് വ്യക്തമാണ്. റിവ്യൂ ഹരജി തുറന്ന കോടതിയില്‍ കേള്‍ക്കുന്നു എന്നതുകൊണ്ട് നിലവിലുളള വിധി നിലനില്‍ക്കില്ല എന്ന വാദം തെറ്റാണ്. സാധാരണഗതിയില്‍ റിവ്യൂ ഹരജികള്‍ ഇന്ന ദിവസം കേള്‍ക്കും എന്നു മാത്രം പറഞ്ഞാല്‍ മതിയായിരുന്നു. ഏതെങ്കിലും തരത്തില്‍ അവ്യക്തതയോ ആശയക്കുഴപ്പമോ ഉണ്ടാകരുത് എന്നതുകൊണ്ടാണ് സ്റ്റേ അനുവദിക്കുന്നില്ല എന്ന് വ്യക്തമാക്കിയത്. കേസ് വേഗം പരിഗണിക്കണമെന്ന ഹരജി വന്നപ്പോഴും സുപ്രീംകോടതി ഇതേ നിലപാടാണ് എടുത്തത്.
സുപ്രീംകോടതിവിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിനു മുമ്പില്‍ വേറെ വഴികളില്ല. പത്തിനും അമ്പതിനും ഇടയ്ക്ക് പ്രായമുളള സ്ത്രീകള്‍ക്ക് ശബരിമല സന്ദര്‍ശിക്കാന്‍ സുപ്രീംകോടതി വിധി പ്രകാരം അവകാശമുണ്ട്. അതിന് ക്രമീകരണമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദേവസ്വംബോര്‍ഡുമായി ആലോചിച്ച് ഇക്കാര്യങ്ങള്‍ ചെയ്യും. ഇക്കാര്യത്തില്‍ എല്ലാവരും സഹകരിക്കണം. വിധി നടപ്പാക്കുന്നത് ജനുവരി 22 വരെ നിര്‍ത്തിവെക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല. അങ്ങനെ ചെയ്താല്‍ സുപ്രീംകോടതിയുടെ മുന്നില്‍ സര്‍ക്കാര്‍ കുറ്റക്കാരാകും.
തീര്‍ത്ഥാടനത്തിന്റെ പേരില്‍ ശബരിമലയില്‍ എത്തിയ ചിലര്‍ സമാധാനം തകര്‍ക്കാനും ഭക്തരെ തടയാനുമാണ് ശ്രമിച്ചതെന്ന് തുലാമാസ പൂജാവേളയിലും ചിത്തിര ആട്ടവിശേഷ പൂജാദിവസവും വ്യക്തമായി. അമ്പത് കഴിഞ്ഞവരെ പോലും തടഞ്ഞു. പ്രക്ഷോഭത്തിന്റെ പേരില്‍ ശബരിമലയില്‍ എത്തിയ പലരും ആചാരം ലംഘിക്കുന്ന സ്ഥിതിയുണ്ടായി. ഒരു ഭാഗത്ത് കോടതിവിധി നടപ്പാക്കുന്നത് തടയുക. മറുവശത്ത് സംഘര്‍ഷമുണ്ടാക്കുക ഇത്തരമൊരു പ്രവര്‍ത്തനപദ്ധതിയാണ് ചിലര്‍ നടപ്പാക്കാന്‍ ശ്രമിച്ചത്. രക്തവും മൂത്രവും വീഴ്ത്തി സന്നിധാനം അശുദ്ധമാക്കാനുളള പരിപാടിയുണ്ടായിരുന്നു എന്നതും പുറത്തുവന്നു. സന്നിധാനത്ത് കലാപമുണ്ടാക്കാനുളള നീക്കമാണ് നടന്നത്. സംയമനം പാലിച്ചുകൊണ്ട് കുഴപ്പങ്ങള്‍ ഒഴിവാക്കാനുളള ശ്രമമാണ് പോലീസ് നടത്തിയത്. ശബരിമലയില്‍ മാത്രമല്ല, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും അക്രമങ്ങള്‍ നടന്നു. ഒരുപാട് നുണക്കഥകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. അയ്യപ്പഭക്തരെ പോലീസ് ആക്രമിക്കുന്നു എന്ന് വരുത്താന്‍ ഒരു ഭക്തന്റെ നെഞ്ചില്‍ പോലീസ് ചവിട്ടുന്ന ദൃശ്യം വ്യാജമായി സൃഷ്ടിച്ച് പ്രചരിപ്പിച്ചു.
പ്രക്ഷോഭത്തിന്റെ പേരില്‍ സര്‍ക്കാര്‍ ആര്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ല. നാമജപത്തിന്റെ പേരിലും കേസെടുത്തിട്ടില്ല. അക്രമം നടത്തിയവര്‍ക്കെതിരെ വീഡിയോ ചിത്രങ്ങള്‍ പരിശോധിച്ചാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൂടുതല്‍ പോലീസിനെ വിന്യസിച്ചില്ലെങ്കില്‍ ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാകും.
വാഹന പെര്‍മിറ്റ് ഏര്‍പ്പെടുത്തുന്നതുകൊണ്ട് ഭക്തര്‍ക്ക് ഒരു തരത്തിലുമുളള അസൗകര്യവുമുണ്ടാകില്ല. ഭക്തജനബാഹുല്യവും ഇപ്പോഴത്തെ പ്രത്യേക സാഹചര്യവും കണക്കിലെടുത്താണ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഹൈക്കോടതി അത് അംഗീകരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയത് തീര്‍ത്ഥാടകരുടെ ബുദ്ധിമുട്ട് കുറയ്ക്കാനാണ്. ജനങ്ങള്‍ ഇതിനോട് നന്നായി സഹകരിക്കുന്നുണ്ട്.
വനിതാപോലീസിന്റെ പ്രായം ചിലര്‍ പരിശോധിച്ചുവെന്ന ആരോപണവും അവകാശവാദവും അടിസ്ഥാനരഹിതമാണ്. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല.
ശബരിമലയുടെ യശസ്സ് വര്‍ദ്ധിപ്പിക്കുന്ന രീതിയിലുളള വികസനം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രളയത്തില്‍ പമ്പയിലും നിലയ്ക്കലിലും വലിയ കെടുതിയാണ് ഉണ്ടായത്. അവിടെ അതിവേഗം പുനര്‍നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ 9,000 പേര്‍ക്ക് സൗകര്യം ഒരുക്കി കഴിഞ്ഞു. ബാക്കി സൗകര്യം കൂടി ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്നു. ശബരിമലയുമായി ബന്ധപ്പെട്ട റോഡു പ്രവൃത്തികള്‍ക്ക് 200 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."