എ.പി ബാപ്പുഹാജി അന്തരിച്ചു
മലപ്പുറം: കാളികാവ് വാഫി പി.ജി ക്യാംപസ് ശില്‍പിയും മത സാമൂഹിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന കാളികാവ് അടക്കാകുണ്ട് അക്കരപീടിക മുഹമ്മദ് എന്ന ബാബുഹാജി (90) നിര്യാതനായി. ഖബറടക്കം നാളെ (വെള്ളി) രാവിലെ 10.30ന് കാളികാവ് അടക്കാകുണ്ട് മഹല്ല് ഖബര്‍സ്ഥാനില്‍. വ്യാഴം രാത്രി 8.30ന്് വണ്ടൂര്‍ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മത സാമൂഹിക, രാഷ്ട്രീയ രംഗത്ത് നിറ സാനിധ്യമായിരുന്നു. കാളികാവ് ഹിമ കെയര്‍ ഹോം ചെയര്‍മാന്‍, അടക്കാകുണ്ട് ക്രസന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍, പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജ് കമ്മറ്റി അംഗം, ചെമ്മാട് ദാറുല്‍ ഹുദാ യുനിവേഴ്‌സിറ്റി കമ്മിറ്റി അംഗം, കരുവാരക്കുണ്ട് ദാറുന്നജാത്ത് ട്രഷറര്‍ ,മുസ്ലിംലീഗ് സംസ്ഥാന കൗണ്‍സിലര്‍ കാളികാവ് ഏരിയ ഖാസി അസോസിയേഷന്‍ സെക്രട്ടറി,അടക്കാകുണ്ട് മഹല്ല് സാരഥി തുടങ്ങിയ പദവികള്‍ അലങ്കരിച്ചിരുന്നു. ഭാര്യ: പുല്ലാണി ഫാത്തിമ.സഹോദരി: ഫാത്തിമ.
വികസനത്തിനും സമുദായത്തിന്റെ അഭിമാനകരമായ നിലനില്‍പ്പിനും ജീവിതവും സമ്പാദ്യവും സമര്‍പ്പിക്കാന്‍ സൗഭാഗ്യം ലഭിച്ച അപൂര്‍വം ചിലരില്‍ ഒരാളായിരുന്നു അന്തരിച്ച അടക്കാകുണ്ട് എ.പി ബാപ്പുഹാജി. ജനസേവനം ജീവിത ചര്യയാക്കിയ ബാപ്പുഹാജി മുസ്‌ലിം സംഘടിത രാഷ്ട്രീയത്തിനൊപ്പം ആദ്യം മുതലേ സഹസഞ്ചാരം നടത്തിയ വ്യക്തിത്വമാണ്. ഏറ്റെടുത്ത കാര്യം പൂര്‍ത്തിയാക്കാന്‍ ഏതറ്റം വരെയും പോകാനുള്ള ഹാജിയുടെ ഇഛാ ശക്തിയാണ് നാടിന്റെ മത സാമൂഹിക വിദ്യാഭ്യാസ പുരോഗതിക്ക് കാരണമായ ഒട്ടേറെ നിത്യ സ്മാരകങ്ങള്‍ക്ക് ശിലയിടാനും അതു പൂര്‍ത്തിയായി കണ്‍കുളിര്‍ക്കെ കാണാനും വഴിയൊരുക്കിയത്. ഏറനാട്ടിലെ മുസ്‌ലിം ലീഗിന്റെ വളര്‍ച്ച മുതല്‍ താന്‍ കൂടി മുന്നില്‍ നിന്ന് പൂര്‍ത്തിയാക്കിയ പള്ളികളും മദ്‌റസകളും സ്‌കൂളും വാഫി കാമ്പസുമെല്ലാം ഇതിന്റെ നേര്‍ സാക്ഷ്യങ്ങളായിരുന്നു.
കൂടുതല്‍ വായിക്കുക... ബാപ്പു ഹാജിയെന്ന ദാനജീവിതം
>>>വീട്ടുമുറ്റത്ത് ഉന്നത കലാലയം; കൃതാര്‍ഥതയോടെ ബാപ്പുഹാജി
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കൊപ്പം ഉറച്ചു നില്‍ക്കുകയും പണ്ഡിതരുടെ വാക്കുകള്‍ക്ക് ചെവികൊടുക്കുകയും ചെയ്ത മനുഷ്യനായിരുന്നു ഹാജി. ഖാഇദെമില്ലത്ത് ഇസ്മാഈല്‍ സാഹിബ്, ബാപ്പു കുരിക്കള്‍, ബാഫഖി തങ്ങള്‍, സി.എച്ച്, പൂക്കോയ തങ്ങള്‍, അലി ഹസന്‍ മുസ്‌ലിയാര്‍, കെ.ടി മാനു മുസ്ലിയാര്‍, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ തുടങ്ങിയ നേതാക്കളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ ബാപ്പുഹാജി മുസ്‌ലിം മുഖ്യധാരയില്‍ ഉറച്ചുനില്‍ക്കേണ്ടതിന്റെ പ്രാധാന്യം ജീവിതത്തിലൂടെ മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നു. ജീവിതാവസാനം വരെ ദീനി സേവനം സപര്യയാക്കിയ വലിയ മനുഷ്യനാണ് ഓര്‍മയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."