വിടപറഞ്ഞത് നാട് അംഗീകരിച്ച പൊതുപ്രവര്‍ത്തകന്‍
ആലക്കോട്: നൂറുദീന്‍ ഹാജിയുടെ വിടവാങ്ങലോടെ നടുവില്‍ മഹല്ലിനു നഷ്ടമായത് മികച്ച സംഘാടകനെ. തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിലും മഹല്ലിന്റെയും നാടിന്റെയും പുരോഗതിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധാലുവായിരുന്നു നൂറുദീന്‍ ഹാജി.
നിഷ്‌കളങ്കമായ സ്‌നേഹത്തിനുടമയായ അദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജാതിമത ഭേദമന്യേ നാട്ടുകാര്‍ ഒരേ മനസോടെയാണ് അംഗീകരിച്ചിരുന്നത്. ബന്ധുവിന്റെ ഖബറടക്ക ചടങ്ങുകള്‍ക്കിടെ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയോടെയാണ് അദേഹത്തെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ പുലര്‍ച്ചയോടെ ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഉച്ചയോടെ സ്വവസതിയില്‍ എത്തിച്ച മയ്യത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ നൂറുകണക്കിന് ആളുകളാണ് എത്തിയത്.
പൊതുമരാമത്ത് വകുപ്പ് എന്‍ജിനിയേഴ്‌സ് സ്റ്റാഫ് അസോസിയേഷന്‍ സെക്രട്ടറി, നടുവില്‍ ബി.ടി.എം ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍ സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു.
നടുവില്‍ മഹല്ലിന്റെ നേതൃത്വത്തില്‍ നടത്തുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നൂറുദീന്‍ ഹാജി നല്‍കിയ സംഭാവനകള്‍ ഏറെയാണ്. അവിസ്മരണീയമായ ഓര്‍മകള്‍ ബാക്കിയാക്കി നൂറുദീന്‍ ഹാജി യാത്രയാകുന്നതോടെ നടുവില്‍ ഗ്രാമത്തിനു നഷ്ടമാകുന്നത് കരുണയുടെയും സ്‌നേഹത്തിന്റെയും പ്രചാരകനെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."