റമദാനിന്റെ അന്ത്യനിമിഷങ്ങള്‍
വിശുദ്ധ റമദാന്‍ അന്ത്യത്തോടടുത്തിരിക്കുന്നു. നന്മകള്‍കൊണ്ട് അതിനെ പുഷ്‌കലമാക്കിയവനു സന്തോഷിക്കാം. കാലം ആരെയും കാത്തുനില്‍ക്കാറില്ല. കാലചക്രത്തിന്റെ പ്രയാണത്തില്‍ ജനനവും മരണവും നടക്കും. തലമുറകള്‍ മാറിമാറി വരും. റമദാനും അങ്ങനെത്തന്നെ. ചന്ദ്രവര്‍ഷത്തിന്റെ ഒന്‍പതാംമാസവും അങ്ങനെത്തന്നെ.
വിടപറയുന്ന റമദാന്‍ നൊമ്പരം തന്നെയാണു വിശ്വാസിക്ക്. അനുഭവിച്ച സുഖത്തിന്റെ ആഴം തന്നെയാണ് ആ നൊമ്പരത്തിനു ഹേതു. ഏതൊരു കാര്യവും വിലയിരുത്തപ്പെടുന്നത് അന്ത്യം പരിശോധിച്ചിട്ടാണ്. സുന്ദരമായ ദിനരാത്രങ്ങളെ ജീവസുറ്റതാക്കിയവര്‍പോലും അശ്രദ്ധരാകുന്ന നിമിഷങ്ങളാണവ. അതിനാല്‍ ഇനിയുള്ള നിമിഷം ജാഗ്രത പാലിക്കേണ്ടവയാണ്.
ഈമാന്‍ അനുഭവിച്ചറിയേണ്ട അനുഭൂതിയാണ്. അത് എഴുത്തിലോ പ്രസംഗത്തിലോ വരച്ചുകാട്ടാവുന്നതല്ല. ആനന്ദമനുഭവിക്കാന്‍ കഴിയാതെ പോകുന്നതിന്റെ കാരണം നാമറിയണം. സ്വന്തം കര്‍മങ്ങളെ വിശകലനം ചെയ്യാന്‍ സമയമായെന്ന ബോധം ഇനിയെങ്കിലും വേണം.
ഒരിക്കല്‍ ഇബ്‌റാഹീമുബ്‌നു അദ്ഹം പട്ടണത്തിലൂടെ നടന്നുപോവുമ്പോള്‍ ചിലര്‍ ആവലാതിയുമായി വന്ന് ഇങ്ങനെ പറഞ്ഞു: ''അബൂ ഇസ്ഹാഖ്, അല്ലാഹു പറയുന്നു 'എന്നോട് പ്രാര്‍ഥിക്കുക, ഞാനുത്തരം നല്‍കും' എന്ന്. പക്ഷേ, ഞങ്ങള്‍ അല്ലാഹുവിനോട് എത്ര പ്രാര്‍ഥിച്ചിട്ടും ഉത്തരം കിട്ടാത്തത് എന്തുകൊണ്ടാണ്.''
ഇബ്‌റാഹീമുബ്‌നു അദ്ഹം പറഞ്ഞു:''നിങ്ങളുടെ ഹൃദയം പത്തു കാരണങ്ങളാല്‍ മരിച്ചുപോയിരിക്കുന്നു. അല്ലാഹുവിനെ അറിഞ്ഞ നിങ്ങള്‍ അവന്റെ അവകാശങ്ങള്‍ നല്‍കുന്നില്ല. ഖുര്‍ആന്‍ ഓതുന്ന നിങ്ങള്‍ അതനുസരിച്ചു പ്രവര്‍ത്തിക്കുന്നില്ല. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ഭുജിക്കുന്ന നിങ്ങള്‍ അവനു നന്ദി ചെയ്യുന്നില്ല. പ്രവാചകനെ സ്‌നേഹിക്കുന്നുണ്ടെന്നു പറയുന്ന നിങ്ങള്‍ തിരുമേനിയുടെ സുന്നത്തിനെ പിന്‍പറ്റുന്നില്ല.
പിശാചിനെ ശത്രുവാക്കിയ നിങ്ങള്‍ അവനെ അനുസരിക്കുന്നതില്‍നിന്നു വിട്ടുനില്‍ക്കുന്നില്ല. സ്വര്‍ഗത്തെ കൊതിക്കുന്ന നിങ്ങള്‍ അതിനുവേണ്ടി പണിയെടുക്കുന്നില്ല. നരകത്തെ പേടിക്കുന്ന നിങ്ങള്‍ അതില്‍നിന്ന് ഓടിയകലുന്നില്ല. മരണം യാഥാര്‍ഥ്യമാണെന്നു ബോധ്യപ്പെട്ട നിങ്ങള്‍ അതിനായി തയാറാവുന്നില്ല. ജനങ്ങളുടെ ന്യൂനത അന്വേഷിച്ചു നടക്കുന്ന നിങ്ങള്‍ സ്വന്തം പോരായ്മകള്‍ കാണുന്നില്ല. മരിച്ചവരെ മറമാടിപ്പിരിയുന്ന നിങ്ങള്‍ അതിലെ മുന്നറിയിപ്പുകള്‍ മനസ്സിലാക്കുന്നില്ല. ഇപ്രകാരം ഹൃദയം മരിച്ച നിങ്ങളുടെ പ്രാര്‍ഥന അല്ലാഹു എങ്ങനെയാണു സ്വീകരിക്കുക.'' (ഇഹ്‌യാഉ ഉലൂമുദ്ദീന്‍ 3:38 )
മരണഭയമാണു ബുദ്ധിയുടെ ഉറവിടം. പ്രമുഖ താബിഈ പണ്ഡിതനാണ് അബുല്‍ ആലിയ റഫീഅ്ബ്‌നു മെഹ്‌റാന്‍(റ). ആരോഗ്യമുള്ളപ്പോള്‍ തന്നെ അബുല്‍ ആലിയ 'നാളെ മരിക്കു'മെന്ന വിശ്വാസത്താല്‍ 60 പ്രാവശ്യം വസ്വിയ്യത്ത് എഴുതിവച്ചിരുന്നു. ഓരോ രാത്രി കഴിയുമ്പോഴും അതില്‍ ചിലപ്പോള്‍ തിരുത്തല്‍ വരുത്തും, അല്ലെങ്കില്‍ അതേപടി വയ്ക്കും. എന്നും രാത്രി വസ്വിയ്യത്ത് എഴുതിവച്ചു എന്നുറപ്പാക്കിയേ ഉറങ്ങൂ. മുന്‍ഗാമികളുടെ പ്രവര്‍ത്തനങ്ങള്‍ അത്രയും അങ്ങനെയായിരുന്നു. അവര്‍ നാളേയ്ക്കുവേണ്ടി ഒരുങ്ങി. അതിനാല്‍ അവര്‍ ആ ആനന്ദം അനുഭവിച്ചു. നമുക്കിടയിലും എത്രയോ ആളുകള്‍ ആ ആനന്ദം ഇപ്പോഴും അനുഭവിക്കുന്നു. നമ്മുടെ പൂര്‍വസൂരികളായ സലഫുകളെപ്പോലെ. റമദാന്‍ വിട വാങ്ങുമ്പോള്‍ അവര്‍ക്കുണ്ടായിരുന്നതുപോലെ ദുഃഖവും പ്രയാസവും നമുക്കുണ്ടോ. ഇനിയുമൊരു റമദാന്‍ ലഭിക്കുമോ എന്ന പേടിയുണ്ടായിരുന്നു അവര്‍ക്ക്. അതുകൊണ്ടാണ് അവര്‍ റമദാനുശേഷവും റമദാനിലെ ഞങ്ങളുടെ കര്‍മങ്ങളെ സ്വീകരിക്കേണമേയെന്നു പ്രാര്‍ഥിച്ചുകൊണ്ടിരുന്നത്.
റമദാന്‍ കഴിഞ്ഞുള്ള ആറു മാസങ്ങളില്‍ കഴിഞ്ഞ റമദാനിലെ തങ്ങളുടെ കര്‍മങ്ങളെ സ്വീകരിക്കണമെന്ന് അവര്‍ പ്രാര്‍ഥിച്ചു. അവര്‍ ആരാധനയില്‍ കണിശത പുലര്‍ത്തിയവരായിരുന്നു. സ്ഖലിതം വരാത്ത വിശ്വാസത്തിന്റെ ഉടമകളായിരുന്നു. എന്നിട്ടും കര്‍മങ്ങള്‍ സ്വീകരിക്കപ്പെടാതെ പോകുമോയെന്ന ഭയം അവരില്‍നിന്നു വിട്ടകന്നില്ല.
അലി(റ) പറയുന്നു: 'കര്‍മങ്ങളേക്കാള്‍ നിങ്ങള്‍ പ്രാധാന്യം നല്‍കേണ്ടത് അതിന്റെ സ്വീകാര്യതയിലാണ്. അല്ലാഹു പറഞ്ഞതു നിങ്ങള്‍ കേട്ടില്ലേ, 'തീര്‍ച്ചയായും ദൈവബോധമുള്ളവരില്‍ നിന്നാണ് അവന്‍ കര്‍മങ്ങള്‍ സ്വീകരിക്കുക.'
റമദാന്‍ ആഗതമായപ്പോള്‍ സന്തോഷത്തോടെ സ്വീകരിച്ചവര്‍ക്കും ആരാധനാനിരതരായവര്‍ക്കും ആനന്ദിക്കാമെങ്കിലും ധൈര്യപ്പെടാനായിട്ടില്ല. അവയെല്ലാം സ്വീകരിക്കപ്പെടുമോയെന്ന ചിന്ത വിട്ടുമാറാന്‍ പാടില്ല. ഒരിക്കല്‍ ആഇശ ബീവി(റ) തിരുദൂതരോടു ചോദിച്ചു: 'തങ്ങളുടെ രക്ഷിതാവിലേക്കു മടങ്ങിച്ചെല്ലേണ്ടവരാണല്ലോയെന്നു മനസില്‍ ഭയത്തോടുകൂടി തങ്ങള്‍ ദാനം ചെയ്യുന്നതെല്ലാം 'ദാനം ചെയ്യുന്നവര്‍' എന്നു സൂറത്തുല്‍ മുഅ്മിനൂനില്‍ പരാമര്‍ശിക്കപ്പെട്ടവര്‍ വ്യഭിചരിക്കുകയും മോഷ്ടിക്കുകയും മദ്യപിക്കുകയും ചെയ്ത ആളുകളായിരുന്നോ.'
നബി(സ) പറഞ്ഞു: ''ഒരിക്കലുമല്ല, സിദ്ദീഖിന്റെ പുത്രീ, അവര്‍ നിസ്‌കരിക്കുന്നവര്‍ തന്നെയാണ്. നോമ്പെടുക്കുകയും ദാന ധര്‍മങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്നവരാണ്. എന്നാല്‍, അതൊക്കെ അല്ലാഹു സ്വീകരിക്കുമോയെന്ന ഭയാശങ്ക വച്ചുപുലര്‍ത്തുന്നവരാണവര്‍.''
ഈ സൂക്തത്തിലെ വിശ്വാസികളെപ്പോലെ, നമ്മുടെ കര്‍മങ്ങള്‍ എത്രത്തോളം സ്വീകരിക്കപ്പെടുമെന്നു നാമും ഭയപ്പെടേണ്ടിയിരിക്കുന്നു.
ആരാധനകള്‍ റമദാന്‍ അവസാനിക്കുന്നതോടെ അവസാനിപ്പിക്കാറായിട്ടില്ല. ആരാധനകള്‍ക്കെവിടെയാണ് അന്ത്യം. വര്‍ഷം മുഴുവന്‍ ആരാധനകളുണ്ട്. റമദാന്‍ പരിശീലനം മാത്രമായിരുന്നു. ആത്മാവിനെ പരിപോഷിപ്പിക്കാനുള്ള ഊര്‍ജമാണവന്‍ സംഭരിച്ചത്. പാരത്രികലോകത്തെ വിജയത്തിനുള്ള ഊര്‍ജം. ഇനി ആ ഊര്‍ജവുമായി സഞ്ചരിക്കയാണു വേണ്ടത്.
ആത്മാവുള്ള ആരാധന നിലയ്ക്കാത്ത ആരാധനയാണ്. തോന്നുമ്പോള്‍ ചെയ്യുകയും തോന്നുമ്പോള്‍ ഉപേക്ഷിക്കുകയും ചെയ്യുന്നത് അല്ലാഹുവിന് അത്രത്തോളം ഇഷ്ടമുള്ളതല്ല. കര്‍മനൈരന്തര്യമാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത്. പ്രവാചകന്‍(സ)യുടെ കര്‍മത്തെക്കുറിച്ചു ചോദിക്കപ്പെട്ടപ്പോള്‍ ആഇശ(റ) ഇപ്രകാരമാണ് പറഞ്ഞത്:
''അദ്ദേഹത്തിന്റെ കര്‍മങ്ങള്‍ക്കു നൈരന്തര്യമുണ്ടായിരുന്നു. നിലച്ചുപോവാത്ത മഴയെപ്പോലെയായിരുന്നു അത്.''
തിരുമേനി(സ്വ) ഒരു ആരാധനാകര്‍മം തുടങ്ങിയാല്‍ അതു പതിവായി നിര്‍വഹിക്കാറുണ്ടായിരുന്നു. നാം റമദാനില്‍ നോമ്പെടുക്കുകയും ഒപ്പം ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കുകയും ചെയ്തശേഷം അവ ഉപേക്ഷിക്കാതെ പതിവുശീലമാക്കുകയാണു വേണ്ടത്. അവ അതുപോലെ പൂര്‍ണമായി നിര്‍വഹിക്കാന്‍ സാധിച്ചില്ലെങ്കില്‍ കുറച്ചെങ്കിലും സ്വീകരിക്കാന്‍ തയാറാവണം.
തിരുമേനി(സ്വ) അനുയായികളെ പരിശീലിപ്പിച്ചിരുന്നത് അപ്രകാരമായിരുന്നു. നിലച്ചുപോയ വലിയ സല്‍ക്കര്‍മങ്ങളുടെ ആധിക്യത്തേക്കാളും ഉത്തമം തുടര്‍ന്നുകൊണ്ടേയിരിക്കുന്ന കുറഞ്ഞ നന്മകളാണ്.
ഒരാളില്‍നിന്നു റമദാന്‍ സ്വീകരിച്ചോ എന്നതിന്റെ അടയാളം റമദാനിനു ശേഷമുള്ള ജീവിതമാണ്. ഉത്തമജീവിതത്തിലേക്കു പരിവര്‍ത്തിതമായെങ്കില്‍ ആശ്വസിക്കാം, സ്വീകൃതമായെന്ന്.
പുണ്യമാസത്തിന്റെ ഉണര്‍വിനും ഉന്മേഷത്തിനുംശേഷം ഉണ്ടാകുന്ന മടുപ്പ് റമദാനിനുശേഷം നമ്മെ കീഴടക്കിക്കൂടാ. അല്ലാഹുവില്‍നിന്നു പിന്തിരിയുന്നതും ആരാധനകള്‍ പാഴാക്കുന്നതും വിശ്വാസത്തിന്റെ ദൗര്‍ബല്യത്തെയാണു കുറിക്കുന്നത്. നാം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അടിയുറച്ച ദൃഢവിശ്വാസത്തോടെ നിലകൊള്ളേണ്ടവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."