ഖത്തര്‍: ഉര്ദുഗാന് സല്മാന് രാജാവുമായി ചര്‍ച്ച നടത്തി
ഇസ്താംബൂള്‍: ഖത്തര്‍ നയതന്ത്ര പ്രതിസന്ധി പരിഹരിക്കാന്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് സഊദി അധികൃതരുമായി ഫോണില്‍ സംസാരിച്ചു. സല്മാന് രാജാവ്, പുതിയ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് എന്നിവരുമായാണ് മധ്യസ്ഥശ്രമത്തിന്റെ ഭാഗമായി ചര്‍ച്ച നടത്തിയത്.
ഖത്തറിനെതിരേ മേഖലയില്‍ ഉടലെടുത്ത പ്രശ്നങ്ങള്‍ അവസാനിപ്പിക്കാനുള്ള നടപടി വേഗത്തിലാക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായതായി തുര്‍ക്കി വൃത്തങ്ങള്‍ അറിയിച്ചു. അടുത്ത മാസം ജര്‍മനിയിലെ ഹാംബര്‍ഗില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ കൂടിക്കാഴ്ചയ്ക്ക് സല്മാന് രാജാവ് സമ്മതിച്ചിട്ടുണ്ട്. പുതുതായി നിയമനം ലഭിച്ച മുഹമ്മദ് ബിന്‍ സല്‍മാനെ ഉര്ദുഗാന് പ്രത്യേകം അഭിനന്ദിച്ചു.
നയതന്ത്ര പ്രതിസന്ധിക്കിടെ ഭക്ഷണ, സൈനിക സഹായങ്ങളുമായി ഖത്തറിന് ശക്തമായ പിന്തുണയാണ് തുര്‍ക്കി നല്‍കുന്നത്. തുര്‍ക്കി പാര്‍ലമെന്റിന്റെ അംഗീകാരത്തോടെ തുര്‍ക്കി ഖത്തറില്‍ സൈനികതാവളം തുറക്കുകയും സൈന്യത്തെ രാജ്യത്തേക്ക് അയക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."