ചാംപ്യന്‍സ് ലീഗ്: മുന്നേറാന്‍ ബാഴ്‌സയും ലിവര്‍പൂളും
ലണ്ടന്‍: ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തേക്ക് കണ്ണുംനട്ട് മുന്‍ ചാംപ്യന്‍മാരായ ബാഴ്‌സലോണയും ലിവര്‍പൂളും ഇന്ന് കളത്തില്‍.
ദുര്‍ബലരായ സ്ലാവിയ പ്രാഹയെ ബാഴ്‌സ അവരുടെ തട്ടകത്തില്‍ എതിരിടാനൊരുങ്ങുമ്പോള്‍ മറ്റൊരു ദുര്‍ബല ടീം ജെന്‍കുമായി ലിവര്‍പൂളും കൊമ്പുകോര്‍ക്കും. മറ്റു മത്സരങ്ങളില്‍ അട്ടിമറി വിരുതന്‍മാരായ അയാക്‌സ് സൂപ്പര്‍ ടീം ചെല്‍സിയുമായി പോരടിക്കാനിറങ്ങുമ്പോള്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഇന്റര്‍ മിലാനെയും നാപ്പോളി സാള്‍സ്ബര്‍ഗിനേയും വലന്‍സിയ ലില്ലിയേയും ബെന്‍ഫിക്ക ലിയോണിനേയും ആര്‍.ബി ലീപ്‌സിഗ് സെനിത്തിനേയും നേരിടും.
നിലവില്‍ ലീഗിലെ ഗ്രൂപ്പുകളില്‍ രണ്ടാമതാണ് ബാഴ്‌സയുടേയും ലിവര്‍പൂളിന്റേയും സ്ഥാനം. ഗ്രൂപ്പ് ഇയില്‍ നാലു പോയിന്റുള്ള നാപ്പോളിക്ക് പിന്നിലായാണ് ലിവര്‍പൂളിന്റെ നില്‍പ്പ്. ആദ്യ മത്സരത്തില്‍ നാപ്പോളിയോട് രണ്ട് ഗോളിന് പരാജയപ്പെട്ട ലിവര്‍പൂള്‍ സാല്‍സ്ബര്‍ഗിനെതിരായ രണ്ടാം മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരുടെ പോരാട്ടമെടുത്ത് വെന്നിക്കൊടി നാട്ടിയാണ് കുതിച്ചുചാടിയത്. കളിക്കാരില്‍ ലീഗിലെ കഴിഞ്ഞ മത്സരങ്ങളില്‍നിന്ന് വിട്ടുനിന്ന സൂപ്പര്‍ താരം മുഹമ്മദ് സലാഹിന്റെ തിരിച്ചുവരവും ടീമിന് ഗുണം ചെയ്യും.
കൂടാതെ മുന്നേറ്റത്തില്‍ സാദിയോ മാനെയുടേയും റോബര്‍ട്ടോ ഫില്‍മിനോയുടേയും സാന്നിധ്യവും വാന്‍ഡിക്ക് നയിക്കുന്ന പ്രതിരോധനിരയും പ്രീമിയര്‍ ലീഗിലെ നിലവിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. മറുവശത്ത് 12ാമനായി സ്വന്തം ആരാധകരുണ്ടെന്നതാണ് ജെന്‍കിന്റെ വിജയപ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നത്.
അതേസമയം ചാംപ്യന്‍സ് ലീഗില്‍ രണ്ട് മത്സരങ്ങളില്‍ അപരാജിതരായി മുന്നേറുന്ന ബാഴ്‌സയക്ക് ഇത് മൂന്ന് പോയിന്റിന്റെ കാര്യമാണ്. ക്യാംപ് നൗവിലാണ് മത്സരമെന്നതിനാല്‍ സ്ലാവിയ പ്രാഹയ്‌ക്കെതിരേ ഉഗ്രന്‍ വിജയം തന്നെ പ്രതീക്ഷിക്കാം.
ഒന്നാമതുള്ള ഡോര്‍ട്ട്മുണ്ടിനും ബാഴ്‌സയ്ക്കും നാല് പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയിലെ മുന്നേറ്റമാണ് ഡോര്‍ട്ട്മുണ്ടിനെ നിലവില്‍ ഗ്രൂപ്പിലെ അമരത്തെത്തിച്ചത്.
ഒന്നാം സ്ഥാനം ലക്ഷ്യമിടുമ്പോള്‍ സൂപ്പര്‍ താരങ്ങളെ അണിനിരത്തിയാവും കോച്ച് ഏണസ്റ്റോ വാല്‍വെര്‍ഡെ ബാഴ്‌സയെ വിന്യസിപ്പിക്കുക. ലാലിഗയില്‍ എയ്ബറിനെയരായ അവസാന മത്സരത്തില്‍ പിറന്ന മൂന്ന് ഗോളുകളുടെ ഉടമകളായ മെസ്സിക്കും സുവാരസിനും ഗ്രീസ്മാനുമാണ് ആക്രമണത്തിന്റെ ചുമതല. പ്രതിരോധ താരം സെര്‍ജി റോബര്‍ട്ടോയുടെ പരുക്ക് മാത്രമാണ് ടീമിന് ആശങ്ക. എങ്കിലും ആ വിടവ് വിലക്കില്‍നിന്ന് മോചിതനായ പിക്വെയും ജോര്‍ഡി ആല്‍ബയും ക്ലെമന്റ് ലെങ്‌ലറ്റും ചേര്‍ന്ന് നികത്തുമെന്നാണ് വിലയിരുത്തല്‍. മധ്യനിരയില്‍ ആര്‍തറിനേയും സെര്‍ജിയോ ബുസ്‌കെറ്റ്‌സിനേയും അര്‍തുറോ വിദാലിനേയും പരീക്ഷിക്കാനൊരുങ്ങുമ്പോള്‍ യുവതാരം ഡി ജോങ്ങിനെ എല്‍ ക്ലാസികോ മുന്നില്‍ കണ്ട് ബെഞ്ചിലിരുത്താനാണ് സാധ്യത.
അതേസമയം, ആദ്യ മത്സരത്തില്‍ ഇന്ററിനെ 1-1ന് സമനിലയില്‍ തളച്ച് ചെക്ക് ടീം സ്ലാവിയ വരവറിയിച്ചെങ്കിലും രണ്ടാം മത്സരത്തില്‍ ഡോര്‍ട്ട്മുണ്ടിനെതിരേ 2-0ന് പരാജയപ്പെട്ടത് ടീമിന് വിനയായി.
ഇന്ന് കരുത്തരാണ് എതിരാളിയെന്നതിനാല്‍ വിജയം പിടിക്കാന്‍ ടീമിന് നന്നായി വിയര്‍ക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."