കുറ്റവാളികളുടെ ശരീരം കഴുകന്; പൊതുസ്ഥലത്ത് പരസ്യമായി തൂക്കിലേറ്റല്‍: കേരളം അന്ന് അങ്ങനെയായിരുന്നു
തിരുവിതാംകൂറില്‍ രാജ്യഭരണ കാലത്ത് കൊടുംകുറ്റം നടത്തുന്നവരെ ശിക്ഷിക്കുന്ന ഒരു പ്രദേശമുണ്ടായിരുന്നു-കഴുകന്‍തിട്ട. തിരുവിതാംകൂര്‍ രാജഭരണകാലത്ത് കേരളത്തിലും പിന്നെ സംസ്ഥാന വിഭജനത്തില്‍ തമിഴ്‌നാട്ടിലുമായ, കന്യാകുമാരി ജില്ലയിലെ കുഴിത്തുറയ്ക്ക് സമീപമാണ് കഴുകന്‍തിട്ട എന്ന സ്ഥലം.
രാജഭരണകാലത്ത് കൊടുംകുറ്റവാളികളെ വധശിക്ഷയ്ക്ക് വിധേയമാക്കിയിരുന്നു. അതിക്രൂരമായി തൂക്കിലേറ്റി കൊല്ലുക. അതിനായി കഴുമരം നാട്ടിയിരുന്നു. ജനസാന്ദ്രത കുറഞ്ഞ വിജനമായ സ്ഥലങ്ങളാണ് അതിനു തിരഞ്ഞെടുത്തിരുന്നത്.
കഴുകന്‍ മാത്രമേ മനുഷ്യശരീരം ഭക്ഷിക്കുകയുള്ളൂ. ജയിലില്‍നിന്നുള്ള കുറ്റവാളികളെ തൂക്കുമരമുള്ള സ്ഥലത്തു കൊണ്ടുപോയി ശിക്ഷ നടപ്പിലാക്കലായിരുന്നു ചെയ്തിരുന്നത്. കഴുമരങ്ങള്‍ നാട്ടിയിരുന്ന ഉയര്‍ന്ന കുന്നുകളാണ് കഴുകന്‍തിട്ട.
ശിക്ഷാവിധി നടപ്പിലാക്കുന്നതു കണ്ട് ജനങ്ങള്‍ ഭയന്നു തെറ്റിലേക്ക് കടക്കാതിരിക്കാനായിരുന്നു പൊതുസ്ഥലം തിരഞ്ഞെടുത്തിരുന്നത്.
മരംകൊണ്ടുണ്ടാക്കിയ രണ്ടു തൂണുകളും അതിനു കുറുകെ മുകളിലായി മറ്റൊരു തൂണുമായിരിക്കും തൂക്കുമരത്തിനുവേണ്ടി ഉപയോഗിച്ചിരുന്നത്.
അതില്‍ ഇരുമ്പുചങ്ങല കൊണ്ടുള്ള കൊളുത്തുകളും ഉണ്ടായിരിക്കും. ജീവനോടെ ചങ്ങലക്കൊളുത്തില്‍ അകപ്പെട്ട കുറ്റവാളി ആഹാരവും വെള്ളവുമില്ലാതെ അവശനായിരിക്കും. ആ ക്ഷീണാവസ്ഥ മുതലാക്കിയാണ് കഴുകന്‍ കടന്നുവരുന്നത്.
വര്‍ഷങ്ങളോളം മനുഷ്യശരീരം ഇവിടെ കഴുകന്മാരുടെ ഇരയായി മാറിയിരുന്നു. രാജ്യദ്രോഹികളെയും കളവു നടത്തുന്നവരെയും സ്ത്രീകളെ കൊല്ലുന്നവരെയുമാണ് ഈ ശിക്ഷാവിധിയിലൂടെ അധികവും കൊന്നിട്ടുള്ളതെന്നു ചരിത്രം പറയുന്നു.
തിരുവിതാംകൂറിന്റെ ചരിത്രമെഴുതാന്‍ വന്ന വാര്‍ഡ്, കോണര്‍ എന്നീ സര്‍വേയര്‍മാര്‍ 1901 ല്‍ എഴുതിയ മെമൈര്‍ ഓഫ് ട്രാവന്‍കൂര്‍ സര്‍വേ എന്ന പുസ്തകത്തില്‍ കഴുകന്‍തിട്ടയെകുറിച്ച് വിശദമായ പരാമര്‍ശമുണ്ട്.
19- ാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ഈ ശിക്ഷാവിധിയില്‍ മാറ്റംവരുന്നത്. പിന്നീടു കുറ്റവാളികളെ ആരാച്ചാര്‍മാരുടെ മേല്‍ നോട്ടത്തിലാണ് തൂക്കിലേറ്റിയിരുന്നത്. ആരാച്ചാര്‍മാരെ രാജാവ് നാഗര്‍കോവില്‍ പാര്‍വതിപുരത്തായിരുന്നു താമസിപ്പിച്ചിരുന്നത്.
തൂക്കിലേറ്റാന്‍ വരുന്ന ആരാച്ചാര്‍ രാജാവ് അയക്കുന്ന കറുത്തകുതിര വണ്ടിയില്‍( വില്ലുവണ്ടിയില്‍) കറുത്തവേഷം ധരിച്ചാണ് എത്തുക. വെങ്കലത്തിലെ മുരശു കൊട്ടി ആ വിവരം ദേശംമുഴുവന്‍ അറിയിക്കും.
രാജഭരണകാലത്ത് ആരാച്ചാര്‍ ആയിരുന്ന ജനാര്‍ദ്ദന്‍പിള്ളയുടെ ജീവിതവുമായി ബന്ധപ്പെടുത്തി ശശി വാര്യര്‍ എഴുതിയ ലാസ്റ്റ് ഹാങ് മാന്‍ എന്ന പുസ്തകത്തില്‍ കൊലയുടെ വിവരണം കാണാം.
അദ്ദേഹം 1940 വരെ 117 പേരെയാണ് കൊന്നിട്ടുള്ളത്. 1944 ല്‍ ചിത്തിരതിരുനാള്‍ വധശിക്ഷ നിര്‍ത്തലാക്കി.
തിരുവനന്തപുരം- കന്യാകുമാരി തീവണ്ടിപ്പാത കടന്നുപോകുന്നത് കഴുകന്‍തിട്ടയിലൂടെയാണ്. കുഴിത്തുറ മേക്കുഭാഗത്തെ റെയില്‍സ്റ്റേഷന്‍ കഴുകന്തിട്ടയിലാണ്.
പദ്മനാഭപുരം കൊട്ടാരത്തിലെ പുരാവസ്തു മ്യൂസിയത്തില്‍ കുറ്റവാളികളെ ജീവനോടെ തൂക്കിയിടുന്ന ഇരുമ്പില്‍ തീര്‍ത്ത മനുഷ്യക്കൂട് ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."