റമദാനിലെ അവസാന വെള്ളി; പള്ളികള്‍ സജീവമാക്കി പ്രവാസികള്‍
മനാമ: വിശുദ്ധ റമദാനിലെ അവസാന വെള്ളിയാഴ്ച, പ്രവാസ ലോകത്ത് പള്ളികളും സൂഖുകളും ഒരു പോലെ സജീവമായിരുന്നു. അവസാന വെള്ളിയാഴ്ചയിലെ ജുമുഅക്കും രാത്രി നടന്ന തറാവീഹിനും വന്‍ ജനതിരക്കാണനുഭവപ്പെട്ടത്. ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കപ്പെടാവുന്ന അവസാനത്തെ ഒറ്റയിട്ട രാവ് എന്ന നിലയില്‍ സ്വദേശികള്‍ക്കൊപ്പം പ്രവാസികളും മസ്ജിദുകള്‍ സജീവമാക്കി പ്രാര്‍ത്ഥനാ നിരതരായി.
ജുമുഅക്കും രാത്രിയിലും പള്ളികളിലെ പ്രധാന ആരാധനകള്‍ കഴിഞ്ഞതോടെ സൂഖുകളും സജീവമായി. ഗള്‍ഫിലെല്ലായിടത്തും മിക്ക കച്ചവടസ്ഥാപനളും പുലരുവോളം തുറന്നു പ്രവര്‍ത്തിച്ചു. അവസാന വെള്ളിയാഴ്ചയിലെ ജുമുഅക്ക് മസ്ജിദുകള്‍ നിറഞ്ഞൊഴുകിയാണ് വിശ്വാസികളെത്തിയത്. ഇരു ഹറമുകള്‍ക്കു പുറമെ വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലെ പള്ളികളും ജനനിബിഢമായിരുന്നു.
വാരാന്ത അവധി ദിനം കൂടിയായതിനാല്‍ പലരും നേരത്തെ പള്ളിയിലെത്തി സ്ഥലം പിടിച്ചു. ജുമുഅക്കു മുമ്പെ പള്ളികള്‍ നിറഞ്ഞൊഴുകിയതിനാല്‍ മിക്ക പള്ളികളുടെയും പുറത്ത് റോഡുകളിലേക്ക് നീണ്ട നിരകള്‍ തന്നെ കാണാമായിരുന്നു.
കടുത്ത ചൂടിനെ അവഗണിച്ച് മണിക്കൂറുകളോളമാണ് പ്രവാസികളും പള്ളിക്കു പുറത്ത് കഴിച്ചു കൂട്ടിയത്. ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കപ്പെടുന്ന അവസാന ദിനമായതിനാല്‍ ജുമുഅക്കു ശേഷം അസ്വര്‍ വരെയും ഇഫ്താര്‍ മുതല്‍ തറാവീഹ് വരെയും പള്ളിക്കകത്ത് ഇഅ്തികാഫില്‍ കഴിച്ചു കൂട്ടിയവരുമുണ്ട്.
ഈവര്‍ഷത്തെ റമദാനിലെ അവസാന തറാവീഹ് കൂടിയായിരുന്നു വെള്ളിയാഴ്ച നടന്നത്. തറാവീഹിനു ശേഷം ഭക്തി നിര്‍ഭരമായ പ്രാര്‍ത്ഥനകളോടെയാണ് ഇമാമുമാരും വിശ്വാസികളും തറാവീഹിന് വിടചൊല്ലിയത്.
സംസ്‌കരണം സമ്മാനിച്ച സുകൃത മാസത്തിന്റെ ചൈതന്യം വരും മാസങ്ങളിലും അണയാതെ സൂക്ഷിക്കാന്‍ ജുമുഅ ഖുതുബയില്‍ ഖതീബുമാര്‍ പ്രത്യേകം ഓര്‍മിപ്പിച്ചു.
പുണ്യമാസത്തില്‍ പ്രതിഫലം പ്രതീക്ഷിച്ചു പഴിയും പരദൂഷണവും ഒഴിവാക്കിയപോലെ തുടര്‍ ദിവസങ്ങളിലും ഈ കരുതലും കാവലും വാഗ് വിചാരങ്ങളില്‍ വേണം. പ്രവര്‍ത്തനം, ഉത്പാദനക്ഷമത, പഠനം, അധ്യാപനം, ആരാധന, അനുസരണം തുടങ്ങിയ കാര്യങ്ങള്‍ ജീവിതത്തില്‍ അനിവാര്യമാണെന്നും ഫിത്വര്‍ സകാത്ത് പോലുള്ള നിര്‍ബന്ധ ദാനങ്ങളിലും ആരാധനാ കര്‍മ്മങ്ങളിലും ശ്രദ്ധിക്കണമെന്നും ബാധ്യതകള്‍ നിറവേറ്റണമെന്നും ഖതീബുബാര്‍ ഉദ്‌ബോധിപ്പിച്ചു.
നേരത്തെ ജുമുഅക്ക് ശേഷവും പിന്നീട് തറാവീഹിന് ശേഷവും പള്ളികളിലനുഭവപ്പെട്ട കനത്ത തിരക്ക് പിന്നീട് സൂഖുകളിലേക്ക് വഴിമാറി. പെരുന്നാളിനു തൊട്ടുമുമ്പുള്ള ഏക വെള്ളിയാഴ്ച എന്ന നിലയില്‍ ബഹ്‌റൈനിലെ സൂഖുകളിലും മാളുകളിലും കച്ചവട സ്ഥാപനങ്ങളിലുമെല്ലാം കനത്ത തിരക്കാണനുഭവപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."