നിയമസഭയില്‍ ബഹളം വച്ച് യു.ഡി.എഫിനെ ഒതുക്കാമെന്ന് കരുതണ്ട: കെ.മുരളീധരന്‍
കൊല്ലം: യു.ഡി.എഫിന്റെ 47 എം.എല്‍.എമാര്‍ അസംബ്ലിയില്‍ വരുന്നത് സി.പി.എമ്മിന് മംഗളപത്രം പാടാനല്ലെന്നും നിയമസഭയില്‍ ബഹളം വെച്ച് യു.ഡി.എഫിനെ ഒതുക്കാമെന്ന് മാര്‍ക്സ്സിസ്റ്റുപാര്‍ട്ടി കരുതേണ്ടെന്നും കെ മുരളീധരന്‍ എം.എല്‍.എ.
കശുവണ്ടി ഫാക്ടറികള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം. പിയുടെ നേതൃത്വത്തില്‍ നടക്കുന്ന നാല്പത്തിയെട്ടു മണിക്കൂര്‍ രാപ്പകല്‍ സമരം ചിന്നക്കട ഹെഡ് പോസ്റ്റാഫിസീന് മുമ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമസഭയില്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയെന്നത് പ്രതിപക്ഷത്തിന്റെ കടമയാണ്. അതിന് മുതിരുമ്പോള്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കൂട്ടത്തോടെ കുതിരകയറുകയാണ്.
കൊല്ലത്ത് യു.ഡി.എഫിനേറ്റ കനത്ത പരാജയത്തിന് കാരണം കശുവണ്ടി വിഷയം തന്നെയാണ്. തെരഞ്ഞെടുപ്പിന് രണ്ടുവര്‍ഷംമുമ്പ് തന്നെ സി.ഐ.ടി.യുവും ചില മുതലാളിമാരും യുഡിഎഫ് സര്‍ക്കാരിനെ മറിക്കാന്‍ നടത്തിയ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിതെന്നും മുരളീധരന്‍ പറഞ്ഞു.
ജില്ലയിലെ 11 എം.എല്‍.എമാര്‍ കശുവണ്ടി തൊഴിലാളികളോട് മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡി.സി.സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി അധ്യക്ഷനായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഡോ ശൂരനാട് രാജശേഖരന്‍,ഡി.സി.സി വൈസ് പ്രസിഡന്റ് വിപിന ചന്ദ്രന്‍, ഭാരതീപുരം ശശി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ സി രാജന്‍, അഡ്വ ഷാനവാസ്ഖാന്‍, എംഎം നസീര്‍, രതികുമാര്‍, ചാമക്കാല ജ്യോതികുമാര്‍, കെ സുരേഷ് ബാബു, എന്‍ അഴകേശന്‍, വി സത്യശീലന്‍,ബിന്ദു കൃഷ്ണ,ജമീലാ ഇബ്രാഹീം, മേരിദാസന്‍, കോയിവിള രാമചന്ദ്രന്‍, മോഹന്‍ ശങ്കര്‍, സി ആര്‍ മഹേഷ്, മുന്‍ എംഎല്‍എ എഎ അസീസ്, കെകരുണാകരന്‍ പിള്ള, പി രാമഭദ്രന്‍, പുനലൂര്‍ മധു,സൂരജ് രവി തുടങ്ങിയവര്‍ സംസാരിച്ചു.
പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ ഉടന്‍ തുറക്കുക, തൊഴിലാളികള്‍ക്ക് 3000 രൂപ ഇടക്കാലാശ്വാസവും, സൗജന്യമായി 25 കിലോ അരിയും നല്‍കുക, കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം കൂലി നടപ്പിലാക്കുക എന്നീ ആവശ്യങ്ങളില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് സമരം. സമരം നാളെ രാവിലെ 10ന് അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."