കുത്തിവയ്പ്പിനുള്ള മരുന്ന് വിദേശത്തുനിന്ന് നേരത്തെ എത്തും
സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: ഇന്ത്യന്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മെനഞ്ചൈറ്റിസ് കുത്തിവയ്പ്പിന് അടക്കമുള്ള മരുന്ന് വിദേശത്തുനിന്ന് നേരത്തെ എത്തിക്കാന്‍ നടപടികളെടുക്കുന്നു.
കഴിഞ്ഞ വര്‍ഷം സമയബന്ധിതമായി മരുന്ന് ലഭിക്കാത്തതിനാല്‍ തീര്‍ത്ഥാടകര്‍ യാത്രക്ക് തലേന്നാണ് കുത്തിവയ്‌പ്പെടുത്തത്. ഇതിനേതുടര്‍ന്നാണ് മരുന്ന് നേരത്തേ എത്തിക്കാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി നടപടികളെടുക്കുന്നത്.
ഇതിനായി കേന്ദ്ര ആരോഗ്യവകുപ്പിനെ സമീപിക്കാനാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ തീരുമാനം. ഓരോ സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്കും 2020 മാര്‍ച്ച് 31ന് മരുന്നുകള്‍ കൈമാറും. ഏപ്രില്‍ ഒന്നിന് കുത്തിവയ്പ്പ് ക്യാംപ് നടത്തും. ജൂണ്‍ 25നാണ് ഹജ്ജ് സര്‍വിസുകള്‍ ആരംഭിക്കുന്നത്.
മരുന്ന് സമയത്തിന് എത്താത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം കുത്തിവയ്പ്പും തുള്ളിമരുന്ന് നല്‍കലും വൈകിയത്. ഹജ്ജ് യാത്രയുടെ 10 ദിവസം മുന്‍പ് രോഗപ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്നാണ് നിബന്ധന.
മെനഞ്ചൈറ്റിസ് കുത്തിവയ്പ്പ്, ഓറല്‍ പോളിയോ വാക്‌സിന്‍ എന്നിവയാണ് തീര്‍ത്ഥാടകര്‍ ഹജ്ജിന് പോകുംമുന്‍പ് നിര്‍ബന്ധമായും എടുക്കേണ്ടത്. 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ സീസണല്‍ ഇന്‍ഫ്‌ളുവന്‍സ വാക്‌സിനും (എസ്.ഐ.വി) എടുക്കണം. വിദേശത്ത് നിന്നെത്തുന്ന മരുന്ന് ചെന്നൈയില്‍ ഡയരക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വിസ് (ഡി.എച്ച്.എസ്) മുഖേന ശേഖരിച്ച് അതത് സംസ്ഥാനങ്ങളിലെ റീജ്യനല്‍ സ്റ്റോറുകള്‍ വഴി ഓരോ മേഖലകളിലേക്കും എത്തിക്കും. സര്‍ക്കാര്‍ ആശുപത്രികളിലാണ് കുത്തിവയ്പ്പിനായി സൗകര്യം ഒരുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."