സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചു, ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരേ കന്യാസ്ത്രീയുടെ പരാതി
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പീഡനത്തിനിരയായ കന്യാസ്ത്രീയുടെ പരാതി. സമൂഹമാധ്യമങ്ങളിലൂടെ ഫ്രാങ്കോ മുളയ്ക്കല്‍ അപമാനിക്കുന്നുവെന്നാണ് പരാതി. ദേശീയ വനിതാ കമ്മിഷനും സംസ്ഥാന വനിതാ കമ്മിഷനുമാണ് കന്യാസ്ത്രീ പരാതി അയച്ചത്.
ബിഷപ്പ് ഫ്രാങ്കോ മുന്‍കൈയെടുത്ത് തുടങ്ങിയ യുട്യൂബ് ചാനലിലൂടെയാണ് അവഹേളിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ കൊടുക്കുന്നതെന്നാണ് പരാതി. ഈ ചാനലിനെതിരേ കുറവിലങ്ങാട് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. ഇതിനിടെയാണ് വീണ്ടും ഇരയെ സമൂഹമധ്യത്തില്‍ തിരിച്ചറിയുന്നതിനിടയാക്കുന്ന തരത്തിലും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലും വിഡിയോകള്‍ ചാനലില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്നത്.
കന്യാസ്ത്രീ പരാതി നല്‍കിയതിനുപിന്നാലെ വൈക്കം പൊലിസ് ബിഷപ്പിന് കാരണം കാണിക്കല്‍ നോട്ടിസ് നല്കി. ജാമ്യം റദ്ദാക്കാതിരിക്കാന്‍ നോട്ടിസ് കൈപ്പറ്റി ഒരാഴ്ചയ്ക്കകം കാരണം കാണിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വൈക്കം എ.എസ്.പിയാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. ജാമ്യം റദ്ദാക്കണമെന്ന കന്യാസ്ത്രീയുടെ പരാതി പ്രകാരമാണ് നടപടി. അതിനിടെ, ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീകള്‍ നല്കിയ പരാതി അതീവഗൗരവമുള്ളതാണെന്ന് വനിതാ കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന് പറഞ്ഞു. ഡി.ജി.പിയോടും സൈബര്‍ പൊലിസിനോടും പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."