റെഡ് അലര്‍ട്ട് ഇല്ലെങ്കിലും ജാഗ്രത വിടാതെ സംസ്ഥാനം
ദുരന്തനിവാരണ സേന സംസ്ഥാനത്ത് തുടരുന്നു
തിരുവനന്തപുരം: അതിതീവ്ര മഴയുടെ മുന്നറിയിപ്പുകള്‍ നിലവിലില്ലെങ്കിലും ജാഗ്രത വിടാതെ സംസ്ഥാനം.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിശക്ത മഴയുടെ പശ്ചാത്തലത്തില്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ സംസ്ഥാനത്ത് അതേപടി തുടരുകയാണ്. അതിതീവ്ര മഴക്കുള്ള റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെത്തിയ ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാനത്ത് തുടരുകയാണ്. ആരക്കോണത്ത് നിന്ന് എത്തിയ ദേശീയ ദുരന്ത നിവാരണ സേനയുടെ ഒന്‍പത് സംഘങ്ങളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇവരെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലായി വിന്യസിച്ചിരിക്കുകയാണ്. അടിയന്തരഘട്ടങ്ങളുണ്ടായാല്‍ തമിഴ്‌നാട്ടില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും ഗുജറാത്തില്‍ നിന്നുമൊക്കെയായി സേനയെ എത്തിക്കുന്നതിന് കാലതാമസം എടുക്കുമെന്നതിനാലാണ് ഇപ്പോള്‍ മുന്‍കൂട്ടി തന്നെ ഇവരെ വിവിധ ജില്ലകളിലായി വിന്യസിച്ചിരിക്കുന്നത്.
ഇതിനുപുറമെ അതിതീവ്ര മഴയുടെ സാഹചര്യത്തില്‍ പ്രവര്‍ത്തനക്ഷമമാക്കിയ സ്റ്റേറ്റ് എമര്‍ജന്‍സി ഓപറേഷന്‍ സെന്ററും സജീവമാണ്. അടിയന്തര ഘട്ടങ്ങളില്‍ പൊലിസ്, ഫയര്‍ഫോഴ്‌സ്, ഇറിഗേഷന്‍, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി തുടങ്ങിയ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ എമര്‍ജന്‍സി ഓപറേഷന്‍ സെന്ററുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഇന്നലെ ആഭ്യന്തരവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഇവിടെയെത്തി നടപടികള്‍ വിലയിരുത്തിയിരുന്നു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകള്‍ക്ക് അനുസരിച്ചാണ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും വരുംദിവസങ്ങളില്‍ ലഭിക്കുന്ന വിലയിരുത്തലുകള്‍ അനുസരിച്ച് ഇതില്‍ മാറ്റംവരുത്തുമെന്നും ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ എല്‍. കുര്യാക്കോസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."