മാതൃകയാക്കാം... സജിയെയും ദക്ഷിണയെയും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പുസ്തക വില്പനയിലൂടെയും ചിത്രരചനയിലൂടെയും ലഭിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി സജിയും ദക്ഷിണയും മാതൃകയാകുന്നു.
സ്വന്തം പുസ്തകം നാടുനീളെ നടന്ന് വിറ്റുകിട്ടിയ പണമാണ് കിണറുവെട്ട് തൊഴിലാളിയായ സജി കല്യാണി സംഭാവന ചെയ്തത്. ചടങ്ങിന് സാക്ഷ്യംവഹിക്കാന്‍ ശിവപുരം ഹൈസ്കൂളില്‍ സജിയെ പഠിപ്പിച്ച മന്ത്രി കെ.കെ ശൈലജയുമെത്തിയിരുന്നു. കിണര്‍ കുഴിക്കല്‍ തൊഴിലാക്കിയ സജി ഒഴിവുനേരങ്ങളില്‍ എഴുതിയ 'പനിയുമ്മകള് ഉറങ്ങുന്ന വീട്' എന്ന പുസ്തകം വിറ്റ പണമാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഒരു ലക്ഷം രൂപയാണ് ഇദ്ദേഹം സംഭാവന ചെയ്തത്.
ഇതിനുമുന്‍പ് രണ്ട് കവിതാസമാഹാരങ്ങള്‍ സജി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യത്തെ കവിതാസമാഹാരം വിറ്റുകിട്ടിയ തുക കാന്‍സര്‍ രോഗിക്ക് നല്‍കുകയായിരുന്നു. കാലടി സംസ്കൃത സര്‍വകലാശാലയിലെ അധ്യാപികയായ പ്രമീളയാണ് ഭാര്യ. രണ്ടര വയസുമുതല്‍ ചിത്രരചനയില്‍ താല്പര്യം പ്രകടിപ്പിച്ചുതുടങ്ങിയ ദക്ഷിണ താന്‍ വരച്ച ചിത്രങ്ങള്‍ വിറ്റുകിട്ടിയ പണമാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
അഞ്ഞൂറില്‍പ്പരം ചിത്രങ്ങള്‍ ഇതുവരെ വരച്ചിട്ടുണ്ട്. കോഴിക്കോട് ഗുരുകുലം ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ച തന്റെ 350ഓളം ചിത്രങ്ങള്‍ വിറ്റുകിട്ടിയ പണമാണ് പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രിക്ക് കൈമാറിയത്. താനാളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ജീവനക്കാരനായ നോബിളിന്റെയും ഷൈനിയുടെയും മകളാണ്. മലപ്പുറം തൃക്കണ്ടിയൂര്‍ ജി.എല്‍.പി സ്കൂള്‍ രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയാണ്. താന്‍ വരച്ച മുഖ്യമന്ത്രിയുടെ ചിത്രവും ഈ മിടുക്കി കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."