അനന്തരം അവളൊരു എം.എല്‍.എയായി
ആലപ്പുഴ: തകഴി കുന്നുമ്മ വലിയപുരയ്ക്കല്‍ ഇബ്രാഹിം കുഞ്ഞിന്റെ മകള്‍ ഷാനിമോള്‍ അനന്തരം എം.എല്‍.എയായി.
വോട്ടെണ്ണലിന്റെ ആദ്യാവസാനം നിലനിന്ന സസ്‌പെന്‍സിനൊടുവിലാണ് അരൂരിനെ ഷാനിമോള്‍ ഉസ്മാന്‍ പിടിച്ചെടുത്തത്.1992 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അവര്‍ മണ്ഡലം യു.ഡി.എഫിനൊപ്പം ചേര്‍ത്തത്.
54 വര്‍ഷത്തിന് ശേഷമാണ് മണ്ഡലത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിക്കുന്നത്.
ഫോട്ടോ ഫിനിഷിലേക്ക് നീങ്ങിയ വോട്ടെണ്ണലില്‍ ഏറെ ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് ഇടത് സ്ഥാനാര്‍ഥിയെ മലര്‍ത്തിയടിച്ച് ഷാനിമോള്‍ ജയിച്ചുകയറിയത്. ആദ്യ റൗണ്ടില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്ന ഘട്ടത്തില്‍ മാത്രമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മനു സി. പുളിക്കലിന് നേരിയ മുന്‍തൂക്കം ലഭിച്ചത്. തുടര്‍ന്ന് വോട്ടെണ്ണുന്ന എല്ലാ ഘട്ടത്തിലും ഷാനിമോള്‍ തന്നെയാണ് ലീഡ് ചെയ്തത്.
മറ്റ് നാല് മണ്ഡലങ്ങളിലെ ഫലവുമായി താരതമ്യം ചെയ്താലും ഏറെ അഭിമാനിക്കാവുന്ന വിജയമാണ് ഷാനിമോള്‍ നേടിയത്. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം വീണ്ടും അരൂരില്‍ സ്ഥാനാര്‍ഥിത്വം നിശ്ചയിച്ചപ്പോഴും അത് മനസ്സാല്‍ ഏറ്റെടുത്ത് പോരാട്ടത്തിനിറങ്ങുകയായിരുന്നു ഇവര്‍.
എല്‍.ഡി.എഫിന് മുന്‍തൂക്കം ലഭിക്കുമെന്ന് കരുതിയിരുന്ന മണ്ഡലത്തിലെ നിര്‍ണായകമായ 14 ബൂത്തുകളില്‍ മികച്ച മുന്നേറ്റം നടത്താന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കായി. ഐക്യ ജനാധിപത്യ മുന്നണി സംസ്ഥാന നേതൃത്വത്തിനും അരൂരിലെ ജനങ്ങള്‍ക്കും ഞാനീ വിജയം സമ്മാനിക്കുന്നുവെന്നാണ് ഷാനിമോള്‍ ഉസ്മാന്‍ ആദ്യമായി പ്രതികരിച്ചത്.
ആലപ്പുഴ എസ്.ഡി. കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ തുടങ്ങിയതാണ് രാഷ്ട്രീയത്തിലെ ചൂട്. കെ.എസ്.യു. ആയിരുന്നു ആദ്യ കളരി. അതിലൂടെ രാഷ്ട്രീയരംഗത്ത് പ്രവേശിച്ചു. ബിരുദാനന്തരബിരുദ പഠനത്തിന് തിരുവനന്തപുരം ലയോള കോളെജിലും നിയമപഠനത്തിന് തലസ്ഥാനത്തെ ലോ അക്കാദമിയിലും പഠിച്ചു. വിദ്യാര്‍ഥിരാഷ്ട്രീയത്തില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകയായി.
തിരുവനന്തപുരം ലൊയോള കോളജില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് എല്‍.എല്‍.ബി പാസായത്. അമ്പലപ്പുഴ കോടതിയില്‍ പ്രാക്ടീസും തുടങ്ങി.
കേരളത്തില്‍ നിന്ന് എ.ഐ.സി.സി സെക്രട്ടറിയായ ആദ്യ വനിതയാണ് ഷാനിമോള്‍.
കെ.പി.സി.സി നിര്‍വാഹക സമിതി അംഗം.
യൂത്ത് കോണ്‍ഗ്രസ് എന്‍.എസ്.യു കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗം,
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്.
ആലപ്പുഴ നഗരസഭാ ചെയര്‍പേഴ്‌സനായിരുന്നു.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗമായും
കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ്.
കേരള സര്‍വകലാശാല സെനറ്റ് അംഗമായും പ്രവര്‍ത്തിച്ചു. ഇങ്ങനെ പരിചയപ്പെടുത്താന്‍ ഒട്ടേറെ മേല്‍വിലാസങ്ങള്‍.
എങ്കിലും ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പിലേക്കെല്ലാം പല തവണ മത്സരിച്ചുവെങ്കിലും ഒരിടത്തും വിജയം തുണച്ചില്ല. ചാവേറാകാന്‍ ഇതി ഷാനിമോള്‍ എന്ന പഴിയും പലയിടത്തുനിന്നും കേട്ടു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്ന് വിജയം വഴുതിപ്പോയി. എങ്കിലും അന്ന് അരൂരിലെ നിയമസഭാ മണ്ഡലത്തില്‍ വ്യക്തമായ ലീഡ് ഷാനിമോള്‍ക്കുണ്ടായിരുന്നു. അതാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാാര്‍ഥിയാകുന്നതിലേക്ക് തുണയായത്.
ഒപ്പം മന്ത്രി ജി. സുധാകരന്‍ നടത്തിയ പൂതന വിവാദവും ഷാനിമോള്‍ക്ക് ഗുണം ചെയ്തു. കഴിഞ്ഞ തവണ ആലത്തൂരില്‍ രമ്യാ ഹരിദാസിനു ലഭിച്ചതുപോലുള്ള അനുകൂലമായ സാഹചര്യം ഇവിടെയും കൈവന്നുവെന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ തോല്‍വിയെക്കുറിച്ച് വിശദമായി പരിശോധിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ അവിടെ ഇതും പരിശോധിക്കുമെന്ന് തന്നെയാണ് വ്യക്തമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."