ജാതി തെളിയിക്കാന്‍ വഴിയില്ല തുടര്‍പഠനം വഴിമുട്ടി മണിമാല
ചെറുവത്തൂര്‍ (കാസര്‍കോട്): മികവോടെ പഠിച്ചിട്ടും ജാതി സര്‍ട്ടിഫിക്കറ്റിന്റെ 'കുരുക്കില്‍' പഠനം വഴിമുട്ടി മണിമാലയെന്ന 18 കാരി. കൂട്ടുകാരെല്ലാം തുടര്‍പഠനത്തിനായി വിവിധയിടങ്ങളില്‍ പ്രവേശനം നേടുമ്പോഴും പഠനമോഹം ഉള്ളിലൊതുക്കി ഫാന്‍സി കടയില്‍ തൊഴിലെടുക്കുകയാണ് ഈ പെണ്‍കുട്ടി. കാടങ്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് 74 ശതമാനം മാര്‍ക്കോടെ ഹയര്‍സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കി തുടര്‍ പഠനത്തിനായി കോളജില്‍ എത്തിയപ്പോഴാണ് ജാതി തെളിയിക്കാനാകാതെ പ്രവേശനം പ്രതിസന്ധിയിലായത്. എസ്. എസ്. എല്‍. സി സര്‍ട്ടിഫിക്കറ്റില്‍ ഒ. ബി. സി കൗണ്ടര്‍ എന്ന് രേഖപ്പെടുത്തിയതാണ് വിനയായത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മണിമാലയുടെ അച്ഛനും അമ്മയും തമിഴ് നാട്ടില്‍ നിന്ന് കേരളത്തിലെത്തിയത്. മണിമാല ജനിച്ചതും ഹയര്‍സെക്കന്‍ഡറിവരെ പഠിച്ചതുമെല്ലാം കേരളത്തില്‍ തന്നെ. സര്‍ട്ടിഫിക്കറ്റില്‍ ജാതിയുടെ കോളത്തില്‍ 'ഒബിസി കൗണ്ടര്‍' എന്ന് രേഖപ്പെടുത്തിയതിനാല്‍ ഒരു ആനുകൂല്യവും ലഭിച്ചിരുന്നില്ല. ഉന്നതപഠനത്തിനായി ജാതി സര്‍ട്ടിഫിക്കറ്റിന് വില്ലേജ് ഓഫിസിലെത്തിയെങ്കിലും ഇതരസംസ്ഥാനത്ത് നിന്നെത്തി താമസിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള നിയമ തടസമാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. രക്ഷിതാവിന്റെ ജാതി തെളയിക്കുന്ന രേഖ തമിഴ് നാട്ടില്‍ നിന്ന് കൊണ്ടു വന്നാല്‍ മാത്രമേ ഇവിടുത്തെ വില്ലേജ് ഓഫിസില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കാനാവൂ എന്നാണു വിശദീകരണം. ചെറുവത്തൂര്‍ റെയില്‍വെ സ്‌റ്റേഷന് സമീപത്തെ കോളനിയിലാണ് മണിമാലയുടെ കുടുംബം താമസിക്കുന്നത്. ഇനിയെങ്ങനെ തമിഴ്‌നാട്ടില്‍ ചെന്ന് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കുമെന്ന ആശങ്കയിലാണ് 25 വര്‍ഷം മുന്‍പ് കേരളത്തിലെത്തിയ മണിമാലയുടെ അച്ഛന്‍. പ്രവേശന നടപടികള്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അവധി ദിവസങ്ങളില്‍ ഫാന്‍സികടയില്‍ ജോലി ചെയ്താണ് മണിമാല പഠനത്തിനുള്ള കാശ് സ്വരൂപിച്ചിരുന്നത്. ജാതി സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ പഠനം മുടങ്ങാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് മണിമാലയും ഈ വിദ്യാര്‍ഥിനിക്ക് സഹായങ്ങള്‍ ചെയ്തുകൊടുക്കുന്ന കാടങ്കോട് ഹയര്‍ സെക്കന്‍ഡറിയിലെ അധ്യാപിക സ്വേതയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."