കണ്ടെയ്‌നര്‍ ലോറിയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ചൈനീസ് പൗരന്മാരുടേത്
ലണ്ടന്‍: ബ്രിട്ടനില്‍ കണ്ടെയ്‌നര്‍ ലോറിയില്‍ കണ്ടെത്തിയ 39 മൃതദേങ്ങള്‍ ചൈനീസ് പൗരന്മാരുടേത്. എസെക്‌സ് കൗണ്ടി പൊലിസാണ് ഇക്കാര്യം അറിയിച്ചത്. ശീതീകരണ സംവിധാനമുള്ള ട്രക്കില്‍ മൈനസ് 25 ഡിഗ്രി തണുപ്പിനെ തുടര്‍ന്നാണ് ഇവര്‍ മരിച്ചതെന്ന് സൂചന. ലോറി ഡ്രൈവര്‍ റോബിന്‍സണിനെ(25) പൊലിസ് ചോദ്യം ചെയ്തുവരികയാണ്.
വടക്കന്‍ അയര്‍ലന്‍ഡിലെ അര്‍മാഗ് സ്വദേശിയാണ് റോബിന്‍സണ്‍. എട്ട് സ്ത്രീകളും 31 പുരുഷന്മാരുമാണ് ട്രക്കിലുണ്ടായിരുന്നതെന്ന് പൊലിസ് അറിയിച്ചു. ബെല്‍ജിയത്തില്‍നിന്ന് ലണ്ടനിലേക്ക് പ്രവേശിച്ച കണ്ടെയ്‌നര്‍ ലോറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ വടക്കന്‍ അയര്‍ലന്‍ഡിലെ മൂന്നിടങ്ങളില്‍ റെയ്ഡ് നടത്തിയെന്ന് നാഷനല്‍ ക്രൈം ഏജന്‍സി പറഞ്ഞു. പിന്നില്‍ പ്രവര്‍ത്തിച്ചവരാരാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അവര്‍ അറിയിച്ചു.
ലോറി എത്തിയത് ബള്‍ഗേറിയയില്‍ നിന്നാണെന്നാണ് പൊലിസ് ആദ്യം അറിയിച്ചത്. എന്നാല്‍ ബെല്‍ജിയത്തില്‍നിന്ന് യു.കെയിലേക്ക് പ്രവേശിച്ചതാണെന്ന് പിന്നീട് അറിയിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തെന്നും ഏതെങ്കിലും സംഘങ്ങള്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്നും ബെല്‍ജിയം ഫെഡറല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫിസ് പറഞ്ഞു.
കണ്ടെയ്‌നര്‍ ബെല്‍ജിയത്തിലെ സീബ്രഗില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് എത്തിയത്. വൈകിട്ടോടെ ഇവിടെനിന്ന് പുറപ്പെട്ട കണ്ടെയ്‌നര്‍ ബുധന്‍ രാവിലെയോടെയാണ് എസെക്‌സിലെ പര്‍ഫ്‌ളീറ്റില്‍ എത്തിയത്. 39 പേരും കണ്ടെയ്‌നറിന്റെ ഉള്ളില്‍വച്ച് മരിച്ചതാണോ ബെല്‍ജിയത്തില്‍വച്ച് മരിച്ചതിന് ശേഷം കണ്ടെയ്‌നറില്‍ കയറ്റിയതാണോയെന്ന കാര്യം വ്യക്തമല്ല. മനുഷ്യക്കടത്താണോ അടിമപ്പണിക്കായി കൊണ്ടുപോകുന്നതാണോയെന്ന് പരിശോധിക്കുമെന് യു.കെ നാഷനല്‍ പൊലിസ് തലവന്‍ ഷൂന്‍ സ്വയര്‍ പറഞ്ഞു. 2000ല്‍ യു.കെയിലെ ഡോവറില്‍ എത്തിയ ട്രക്കില്‍ 58 ചൈനീസ് പൗരന്മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.
2015ല്‍ ഓസ്ട്രിയയിലെ റോഡില്‍ ലോറിയില്‍ 71 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ബള്‍ഗേറിയയിലെ മനുഷ്യക്കടത്തിന്റെ ഭാഗമായാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് പൊലിസ് അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."