ജാതിയെ കൂട്ടുപിടിച്ചവര്‍ക്കെല്ലാം തിരിച്ചടി
തിരുവനന്തപുരം: ജാതിസംഘടനകളുടെ സഹായത്തോടെ തെരഞ്ഞടുപ്പു വിജയിക്കാമെന്ന മോഹവുമായി രംഗത്തിറങ്ങിയവര്‍ക്കെല്ലാം കനത്ത തിരിച്ചടി. എന്‍.എസ്.എസ് തുണയ്ക്കുമെന്നു കോണ്‍ഗ്രസ് നേതാക്കള്‍ കരുതിയ വട്ടിയൂര്‍ക്കാവിലും കോന്നിയിലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വന്‍ തിരിച്ചടിയാണ് നേരിട്ടത്.
തങ്ങളുടെ തോല്‍വിക്ക് എന്‍.എസ്.എസ് 'സഹായം' വഴിവച്ചുവെന്ന രീതിയില്‍ ഈ സ്ഥാനാര്‍ഥികള്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്.
ഇതേ തിരിച്ചടി എല്‍.ഡി.എഫിനുമുണ്ടായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്ത സി.പി.എം വിരോധിയായിരുന്ന വെള്ളാപ്പള്ളി നടേശന്‍ ഇത്തവണ ഉപതെരഞ്ഞെടുപ്പില്‍ ആരും ആവശ്യപ്പെടാതെ തന്നെ അരൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ഷാനിമോള്‍ ഉസ്മാന്‍ തോല്‍ക്കുമെന്നും അദ്ദേഹം പച്ചയായി പറഞ്ഞു. എന്നാല്‍, കഴിഞ്ഞ തവണ 38,000 ത്തിലേറെ വോട്ടിന് എല്‍.ഡി.എഫ് വിജയിച്ച ഈ മണ്ഡലത്തില്‍ ഷാനിമോള്‍ അട്ടിമറി വിജയമാണു കൈവരിച്ചത്.
ബി.ജെ.പിക്കും കിട്ടി ജാതിശക്തികളുടെ കൂട്ടുപിടുത്തത്തിന്റെ കനത്ത തിരിച്ചടി. കോന്നിയിലെ ബി.ജെ.പി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന് ഓര്‍ത്തഡോക്‌സ് സഭയുടെ പരസ്യ പിന്തുണ ഉണ്ടായിരുന്നെങ്കിലും മൂന്നാം സ്ഥാനം കൊണ്ടു തൃപ്തിയടയേണ്ടി വന്നു. തെരഞ്ഞെടുപ്പു പ്രചാരണക്കാലത്ത് ബി.ജെ.പി നേതാക്കള്‍ തുടരെത്തുടരെ ഓര്‍ത്തഡോക്‌സ് പാതിരിമാരെ സന്ദര്‍ശിക്കുകയായിരുന്നു.
ശബരിമലയുടെ പേരു പറഞ്ഞു ശരിദൂരം പ്രഖ്യാപിച്ച എന്‍.എസ്.എസ്സിനെ കോണ്‍ഗ്രസ് നേതാക്കള്‍ കണ്ണുമടച്ചു വിശ്വസിക്കുകയായിരുന്നു. സുകുമാരന്‍ നായര്‍ ശരിദൂരം പറഞ്ഞപ്പോള്‍ താലൂക്ക് യൂണിയന്‍ ഭാരവാഹികള്‍ അതു യു.ഡി.എഫിനു പിന്തുണയെന്നാക്കി.
പരസ്യമായ വോട്ടുപിടിത്തത്തിനും അവര്‍ രംഗത്തിറങ്ങി. അതോടെ മറുപുറത്ത് സാമുദായികമായ വോട്ടുസമാഹരണം അണിയറയില്‍ നടന്നു. വട്ടിയൂര്‍ക്കാവിലെ 40 ശതമാനം നായര്‍ സമുദായ വോട്ട് തങ്ങളെ ജയിപ്പിക്കുമെന്നു കരുതിയ കോണ്‍ഗ്രസ് നേതാക്കളുടെ മനക്കോട്ട തകര്‍ത്ത ഫലമാണ് ഉണ്ടായത്.
സി.പി.എമ്മിലെ പത്മകുമാറില്‍നിന്ന് പിടിച്ചെടുത്ത് അടൂര്‍ പ്രകാശ് കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയാക്കി മാറ്റിയ കോന്നിയില്‍ അടൂര്‍ പ്രകാശ് നിര്‍ദ്ദേശിച്ച സ്ഥാനാര്‍ഥിയെ മാറ്റി എന്‍.എസ്.എസ് ആസ്ഥാനത്തു നിന്നു വിളിച്ചു പറഞ്ഞ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് നിര്‍ത്തുകയായിരുന്നു. അതോടെ അടൂര്‍ പ്രകാശ് ഇടഞ്ഞു. അതോടൊപ്പം അദ്ദേഹത്തെ പിന്തുണച്ച ഒരു സമുദായവും. തിരിച്ചടി കോണ്‍ഗ്രസിന്. ശരിദൂരം തിരിച്ചടിയായി.
വര്‍ഗീയ ശക്തികള്‍ക്കൊപ്പം കൂട്ടുകൂടിയ ബി.ഡി.ജെ.എസിനെയും എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒപ്പം കൂട്ടിയതുമാണ് കൈവശമുണ്ടായിരുന്ന ഉറച്ച സീറ്റായ അരൂര്‍ സി.പി.എമ്മിന് നഷ്ടപ്പെട്ടത്.
മഞ്ഞക്കൊടിയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം പതിച്ചത് സ്വന്തം പാര്‍ട്ടിക്കാര്‍ പോലും അംഗീകരിച്ചില്ല. അതാണ് തുറവൂര്‍ പഞ്ചായത്തില്‍ കണ്ടത്. സി.പി.എമ്മിന്റെ ഉറച്ച കോട്ട. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുവായിരത്തിലധികം ലീഡ് നേടി കൊടുത്ത പഞ്ചായത്ത്. പാര്‍ട്ടി അംഗങ്ങള്‍ പോലും ഇവിടെ സി.പി.എമ്മിനെ കൈവിട്ടു. ഇതിനു പ്രധാന കാരണം വെള്ളാപ്പള്ളിയുടെ പിന്തുണ സ്വകീരിച്ചത് തന്നെയായിരുന്നു.
ശബരിമലയിലെ വിശ്വാസം തന്നെയാണ് ഇത്തവണ ബി.ജെ.പിയും കോണ്‍ഗ്രസും പ്രധാന ആയുധമാക്കിയത്. ഒപ്പം കിഫ്ബിയും ജലീലിന്റെ മാര്‍ക്ക് ദാനവും കോണ്‍ഗ്രസ് പ്രചാരണ ആയുധമാക്കി.
ഒരിടത്തും രാഷ്ട്രീയം പറഞ്ഞില്ല. എല്ലാ സ്ഥലത്തും വിശ്വാസം പറഞ്ഞു. മാത്രമല്ല ഇടതു സ്ഥാനാര്‍ഥികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതുവരെയെത്തി. എന്നാല്‍ ഇടതു മുന്നണിയാകട്ടെ വിവാദങ്ങളില്‍ നിന്നൊഴിഞ്ഞ് വികസനം പറയുകയും മറ്റു ന്യൂനപക്ഷ വോട്ടുകളും നിക്ഷപക്ഷ വോട്ടുകളും ഏകീകരിക്കുകയും ചെയ്തു.
വട്ടിയൂര്‍ക്കാവിലും കോന്നിയിലും കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ചിതറി പോയ പാര്‍ട്ടി വോട്ടുകളും സ്ത്രീകളുടെയും യുവാക്കളുടെ വോട്ടുകളും അനുകൂലമാക്കാന്‍ കഴിഞ്ഞു.ജാതി, സമുദായ സംഘടനകളെ പാടെ അവഗണിക്കുകയായിരുന്നു ഈ രണ്ടു മണ്ഡലങ്ങളിലും കണ്ടത്. ബി.ജെ.പിക്ക് സ്വാധീനമുള്ള ബൂത്തുകളില്‍ പോലും പ്രശാന്തിന് ലീഡ് നിലനിര്‍ത്താന്‍ കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."