പട്ടികജാതിക്കാര്‍ക്കെതിരേ തിരസ്‌കാരമുണ്ടായാല്‍ നിയമനടപടി: പട്ടികജാതി-വര്‍ഗ കമ്മിഷന്‍
ഗോവിന്ദാപുരം: പട്ടികജാതി വിഭാഗത്തിനെതിരേ സാമ്പത്തികമായ തിരസ്‌കരിക്കലും സാമൂഹ്യപരമായി ഒറ്റപെടുത്തലും ഉണ്ടായാല്‍ നിയമനടപടിയെടുക്കുമെന്ന്് പട്ടികജാതി-വര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് ഡോ. പി.എന്‍ വിജയകുമാര്‍ പറഞ്ഞു. അംബേകര്‍ കോളനിയില്‍ തെളിവെടുപ്പിനെത്തിയതായിരുന്നു അദ്ദേഹം.
ജാതിവിവേചനത്തിനെതിരേ കേസിന്റെ നടപടികളിലേക്കുകടക്കുന്നതിനേക്കാള്‍ നല്ലത് രാഷ്ട്രീയമായും സാമൂഹ്യപരമായും പരിഹരിക്കപെടുകയാണ് വേണ്ടത്. പട്ടികജാതിക്കാരനെന്ന പേരില്‍ ഏതെങ്കിലുമൊരാളെ വേര്‍തിരിക്കുന്നത് കുറ്റകരമാണ്. കോളനിയില്‍ ചക്ലിയ വിഭാഗക്കാര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്നും പരാതിയുണ്ടായിട്ടുണ്ട്. ഇതിന് വേണ്ട നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ മേരികുട്ടിയോട് കമ്മീഷന്‍ ആവശ്യപെട്ടു. ഭവന പദ്ധതികളിലും കുടിവെള്ളം ലഭ്യമാക്കുന്നതിലും, തൊഴില്‍ ഉറപ്പുവരുത്തുന്നതിലുമായി പട്ടിക വിഭാഗങ്ങളുടെ കോളനിയില്‍ പ്രതിസന്ധികള്‍ നിലനില്‍ക്കാറുണ്ട്. ഇത്തരം പ്രതിസന്ധി അംബേദ്കര്‍ കോളനിയിലുമുണ്ട്.
വിദ്യാഭ്യാസപരമായ പിന്നാക്ക അവസ്ഥയുണ്ടെങ്കിലും വിദ്യാഭ്യാസം ആര്‍ജിച്ചെടുത്ത യുവതീയുവാക്കള്‍ക്ക് നല്ലതൊഴിലുകള്‍ ലഭിക്കാതെ തോട്ടങ്ങളില്‍ കൂലിപണിയെടുക്കേണ്ട അവസ്ഥയുണ്ടായിട്ടുണ്ടെന്ന് കോളനിവാസിയായ ശിവരാജന്‍ കമ്മീഷന്റെ തെളിവെടുപ്പ് വേളയില്‍ പറഞ്ഞു. 133 വീടുകളിലായി 203 ചക്ലിയ കുടുംബങ്ങളാണ് താമസിക്കുന്നത്. വീടുകളുടെ അറ്റകുറ്റപണികള്‍ക്കായി പത്തു വര്‍ഷത്തിലധികമായി അപേക്ഷ നല്‍കിയും നടപടിയുണ്ടാവാത്തതിനാല്‍ ജീര്‍ണാവസ്ഥയിലുള്ള വീടുകളാണ് കോളനിയില്‍ ചക്ലിയവിഭാഗക്കാര്‍ താമസിക്കുന്നതെന്ന്് രാമ്മാത്താള്‍ പറഞ്ഞു.
1984ല്‍ കോളനി രൂപീകരിച്ചതു മുതല്‍ കോളനിയില്‍ സര്‍ക്കാര്‍ നല്‍കിയ ഭവനപദ്ധതികളിലെ വീടുകള്‍ പൂര്‍ണമായും തകര്‍ച്ചയിലുള്ളതായി ശെല്‍വി പറഞ്ഞു. കമ്മീഷന്‍ ജീര്‍ണാവസ്ഥയിലുള്ള നാല് വീടുകള്‍ നേരില്‍ കണ്ട് വിലയിരുത്തി. പട്ടികജാതി വിഭാഗങ്ങള്‍ക്ക് പൊതുശ്മശാന ഭൂമിയില്ലാത്തത് കോളനിവാസികളെ ദുരിതത്തിലാക്കിയതായും ഗോവിന്ദാപുരം പുഴയില്‍ ശവസംസ്‌കാരം നടത്തുന്നത് നിലവില്‍ പ്രയാസമുണ്ടാക്കുന്നതായും കോളനിവാസികള്‍ പറഞ്ഞപ്പോള്‍ ജില്ല പഞ്ചായത്തില്‍ ശ്മശാനത്തിനുള്ള സംവിധാനം കണ്ടെത്തുവാന്‍ ഭരണസമിതിയില്‍ ചര്‍ച്ചകള്‍ നടത്തണമെന്ന് ജില്ലാപഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപെട്ടു. കോളനിയില്‍ എല്ലാവര്‍ക്കും കക്കൂസ് ലഭ്യമായിട്ടില്ലെന്നും കോളനിവാസികള്‍ കമ്മീഷന് പരാതി നല്‍കി. കക്കൂസ് ലഭ്യമാക്കുവാന്‍ വേണ്ട നടപടികള്‍ക്കായി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കമ്മീഷന്‍ കോളനിവാസികളോട് പറഞ്ഞു.
ഗുരുവായൂരപ്പന്‍, കമലം, ആറാത്താള്‍, ജയസുധ, വീരന്‍, മുരുകന്‍, അയ്യപ്പന്‍, മാസിലാമണി, മഞ്ജുള സുരേഷ്, ചിത്ര, മഹേന്ദ്രന്‍, ലക്ഷ്മി, കുമാരി, വീരന്‍, മുരുകന്‍, അയ്യപ്പന്‍, പ്രശാന്ത്, ഭുവനേശ്വരി, കാളിയമ്മാള്‍, വൃന്ദ, ശെല്‍വി, വിജയന്‍, നാഗമ്മാള്‍, ഗായത്രി, പഴണാത്താള്‍, മുരുകാത്താള്‍, കണ്ണമ്മാള്‍, കാളിയമ്മാള്‍, രാജന്‍, പ്രജീന, പരമശിവം, ഭാഗ്യം, ജയസുധ, വീരന്‍, മുരുകന്‍, അയ്യപ്പന്‍, പ്രശാന്ത്, മണി, പരമശിവം, ഭാഗ്യം, പാപ്പാത്തി, സുമതി, ശാന്തി, അര്‍ക്കാണി, സരസ്വതി, പഴണി എന്നീ കോളനിവാസികളില്‍നിന്ന് കമ്മീഷന്‍ നേരിട്ട് തെളിവെടുപ്പു നടത്തി. ജില്ലാ കലക്ടര്‍ മേരിക്കുട്ടി, പൊലിസ് സൂപ്രണ്ട് പ്രതീഷ്‌കുമാര്‍ ഉള്‍പെടെയുള്ള ഉദ്യോഗസ്ഥര്‍ കോളനിയിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."