പൊലിസുകാരുടെ കീഴടങ്ങല്‍; വനപാലകരുമായുള്ള ഒത്തുകളിയെന്ന് ആരോപണം
നെടുമങ്ങാട്: പൊലിസ് ജീപ്പിലിരുന്നു വന്യ ജീവിയെ വെടിവെച്ച് വീഴ്ത്തിയ സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പൊലിസുകാര്‍ കോടതിയില്‍ കീഴടങ്ങിയത് വനപാലകരുമായുള്ള ഒത്തുകളിയെന്ന് ആരോപണം. കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിനാണ് പൊന്മുടി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. അയ്യൂബ്, സിവില്‍ പൊലിസ് ഓഫിസര്‍ രാജീവ്, പൊലിസ് ഡ്രൈവര്‍ വിനോദ്, കൊല്ലായിലെ പൊസ്റ്റ് ഓഫിസിലെ പോസ്റ്റ്മാസ്റ്റര്‍ മനു, കുളത്തൂപ്പുഴ മൈലമൂട്ടിലെ വേട്ടക്കാരായ മറ്റു മൂന്നുപേരും ചേര്‍ന്നാണ് പൊന്മുടി വനമേഖലയില്‍ മ്ലാവിനെ വേട്ടയാടിയത്. പൊലിസ് ജീപ്പിലിരുന്നു മ്ലാവിനെ വെടിവെച്ചു വീഴ്ത്തിയത് മനുവായിരുന്നു. ചത്തുവീണ മ്ലാവിനെ സംഘം പൊലിസ് ജീപ്പില്‍ തന്നെ വനത്തില്‍ നിന്നും പുറത്തെത്തിച്ചു വെട്ടിനുറുക്കി മാംസമാക്കി പങ്കിട്ടെടുക്കുകയായിരുന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ വേട്ടക്കുപയോഗിച്ച തോക്കുകള്‍, കത്തികള്‍, കടത്താന്‍ ഉപയോഗിച്ച വാഹനം പൊലിസുകാരും സര്‍ക്കാര്‍ ജീവനക്കാരും ഒഴികയുള്ള മറ്റു പ്രതികള്‍ പിടിയിലായിരുന്നു. ഒളിവില്‍ പോയ പൊലിസുകാരെ കഴിഞ്ഞ രണ്ടര മാസത്തിനിടയില്‍ പിടികൂടാന്‍ വനപാലകര്‍ക്കു ആയിട്ടില്ല എന്നത് ഒത്തുകളിയുടെ ഭാഗമായതെന്നാണ് അറിയുന്നത്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഈ പൊലിസുകാരുടെ ലുക്ക് ഔട്ട് നോട്ടീസ് വനപാലകര്‍ പുറത്തു വിട്ടിരുന്നു. എന്നിട്ടും ഒരു തുമ്പും കിട്ടിയില്ലത്രേ.
ഇതിനിടയില്‍ തന്നെ വന്യ മൃഗ വേട്ടക്കാരായ പോലീസുകാര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ പോയിരുന്നു. ഇത് തള്ളിയതോടെയാണ് കഴിഞ്ഞ ദിവസം ഇവര്‍ നെടുമങ്ങാട് കോടതിയില്‍ കീഴടങ്ങിയത്. കീഴടങ്ങാന്‍ പ്രതികളായ പോലീസുകാര്‍ എത്തുന്നുണ്ടെന്ന വിവരം അറിഞ്ഞിട്ടും ഇവരെ പിടികൂടാന്‍ ശ്രമിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ഇതാണ് പ്രതികളായ പൊലിസുകാരും വനപാലകരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് കീഴടങ്ങല്‍.
ഒളിവില്‍ പോയ പൊലിസുകാരെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രതിഷേധം ശക്തമായപ്പോള്‍ വേട്ടക്കുപയോഗിച്ച പൊലിസ് ജീപ്പ് വനപാലകര്‍ കസ്റ്റഡിയില്‍ എടുക്കുകയും പിന്നീട് വിട്ടു നല്‍കുകയും ചെയ്തിരുന്നു. തിരുവനന്തപുരം കൊല്ലം ജില്ലകളുടെ അതിര്‍ത്തി മേഖലകള്‍ പങ്കിടുന്ന കുളത്തൂപ്പുഴ, പാലോട്, ഫോറസ്റ്റ് റേഞ്ച് പരിധിയില്‍ വരുന്ന ഉള്‍വനങ്ങളിലാണ് വന്യ മൃഗ വേട്ട കൊഴുക്കുന്നത്. നേരത്തെ തന്നെ വേട്ടക്കാരും നിയമപാലകരും വനപാലകരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് അതിര്‍ത്തി വന മേഖലയില്‍ മൃഗ വേട്ട കൊഴുക്കാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."