ബാങ്ക് വായ്പക്ക് ഇടനിലക്കാരനായി നിന്ന് ലക്ഷങ്ങള്‍ തട്ടിയ ആള്‍ റിമാന്‍ഡില്‍
ബാലുശ്ശേരി: ബാങ്ക് വായ്പയ്ക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ വെസ്റ്റ് ഇയ്യാട് ചാത്തോത്ത് സദാനന്ദനെ (63) ബാലുശ്ശേരി പൊലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സര്‍വിസ് സഹകരണ ബാങ്കില്‍നിന്നു തന്റെ വീടും പുരയിടവും പണയപ്പെടുത്തി സദാനന്ദന്‍ 32 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കാണിച്ച് നന്മണ്ട കുന്നുമ്മല്‍ ചന്ദ്രന്‍ ബാലുശ്ശേരി പൊലിസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പ്രതി ഏറെക്കാലം ഒളിവിലായിരുന്നു.
ബാങ്കില്‍നിന്നു വായ്പയെടുക്കാന്‍ സഹായിയായി നിന്ന് കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാരോപിച്ച് 2017 ഫെബ്രുവരിയില്‍ കുന്നുമ്മല്‍ ചന്ദ്രന്‍ ഉള്‍പ്പെടെ നന്മണ്ട-12ലെ മാത്തോട്ടത്തില്‍ അബ്ദുല്‍ ലത്തീഫ്, വെസ്റ്റ് ഇയ്യാട് ചാത്തോത്ത് ബാലന്‍, നന്മണ്ട എഴുകുളം ആലുള്ളതില്‍ ജനാര്‍ദ്ദനന്‍ എന്നിവര്‍ കുടുംബത്തോടെ സദാനന്ദന്റെ വീടിനു മുന്നില്‍ മാസങ്ങളോളം നീണ്ട കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. വീടും സ്ഥലവും ഈടു നല്‍കി ബാങ്കില്‍നിന്നു വലിയ തുക വായ്പയെടുത്ത് ചെറിയ തുക ഉടമസ്ഥര്‍ക്ക് നല്‍കി ബാക്കി തുക സദാനന്ദന്‍ തട്ടിയെടുത്തെന്നായിരുന്നു പരാതി. ഇരകള്‍ക്കു നല്‍കുന്ന തുക മാത്രം അടച്ചാല്‍ മതിയെന്നും പലിശയും ബാക്കി തുകയും താന്‍ അടച്ചുതീര്‍ക്കുമെന്നും വിശ്വസിപ്പിച്ചായിരുന്നു സദാനന്ദന്‍ തുക കൈക്കലാക്കിയത്.
വായ്പാ കാലാവധി കഴിഞ്ഞ് ജപ്തി നോട്ടിസ് കിട്ടിയപ്പോഴാണ് സദാനന്ദന്റെ കബളിപ്പിക്കല്‍ ഇരകള്‍ക്ക് ബോധ്യമായത്. കുത്തിയിരിപ്പ് സമരം തുടര്‍ന്നപ്പോള്‍ വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കള്‍ പ്രശ്‌നപരിഹാരത്തിന് ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതോടെ ഇരകള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാവര്‍ക്കും പരാതി നല്‍കിയിരുന്നു.
ബാലുശ്ശേരി എസ്.ഐ ശിവദാസന്‍, എ.എസ്.ഐ എം. മധു,വിജയന്‍, ജിലു സെബാസ്റ്റ്യന്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."