യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു
കാസര്‍കോട്: സുഹൃത്തിനൊപ്പം ഫാസ്റ്റ് ഫുഡ് കടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയ അറസ്റ്റ് ചെയ്തു. ചൂരിയിലെ അല്‍ത്താഫിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയായ കറന്തക്കാട് ശിവാജി നഗറിലെ സന്ദീപിനെ (26)യാണ് കാസര്‍കോട് ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തത്. കേസിലെ രണ്ടാംപ്രതിയായ ശ്രീജിത്തിനെ പൊലിസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.
സംഭവത്തില്‍ സന്ദീപ്, ശ്രീജിത്ത് തുടങ്ങി മൂന്നുപേര്‍ക്കെതിരേ വധശ്രമത്തിനാണ് പൊലിസ് കേസെടുത്തിരുന്നത്. ഈ കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. അല്‍ത്താഫും സുഹൃത്ത് മസ്ഊദും കഴിഞ്ഞ തിങ്കളാഴ്ച രാത്രി ചൂരിയിലെ ഫാസ്റ്റ്ഫുഡ് കടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സന്ദീപിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം എത്തി അല്‍ത്താഫിനെ വടിവാള്‍ കൊണ്ടു വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അല്‍ത്താഫ് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.
അക്രമത്തിനു ശേഷം സംഘം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സന്ദീപിനെ നാട്ടുകാര്‍ പിടികൂടി പൊലിസിലേല്‍പ്പിച്ചു.
മര്‍ദനത്തില്‍ പരുക്കേറ്റതിനാല്‍ സന്ദീപ് പൊലിസ് കാവലില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരുക്ക് അല്‍പ്പം ഭേദമായതോടെയാണ് സന്ദീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."