വീട്ടില്‍ നിന്നു മകള്‍ ഇറക്കിവിട്ടു വൃദ്ധ ദമ്പതികള്‍ക്ക് ആശ്രയം ദേവാലയം
തളിപ്പറമ്പ്: സ്വന്തം വീട്ടില്‍ നിന്നു മകള്‍ ഇറക്കിവിട്ട വൃദ്ധ ദമ്പതികള്‍ക്ക് പള്ളിവരാന്തയില്‍ അഭയം. നിയമപാലകരുടെയും ഭരണകൂടത്തിന്റെയും കനിവിനായി കാത്തിരിക്കുകയാണിവര്‍. തളിപ്പറമ്പ് തൃഛംബരം സെന്റ് പോള്‍സ് ദേവാലയത്തിനു സമീപത്തെ ഹെന്റി ജോസും ഭാര്യ മോളി ജോസുമാണ് പെരുവഴിയിലായത്. ആലുവ സ്വദേശിയായ ഹെന്റി ജോസ് ഭാര്യയോടൊപ്പം തളിപ്പറമ്പിലെത്തിയിട്ട് 43 വര്‍ഷമായി. സര്‍വിസ് സ്റ്റേഷന്‍ തൊഴിലാളിയിരുന്നു.
ഹൃദ്രോഗത്താല്‍ അവശനായ ഹെന്റി ജോസ് ഭാര്യയുടെ സഹായമില്ലാതെ ദിനചര്യകള്‍ പോലും ചെയ്യാനാകാത്ത അവസ്ഥയിലാണ്. സെന്റ് പോള്‍സ് ദേവാലയത്തിനു സമീപത്തെ വീട്ടില്‍ ഇവര്‍ മകള്‍ ഗ്രേസിയുടെയും ഭര്‍ത്താവ് ഡോവിഡ് റാഫേലിനും മൂന്നു മക്കളോടുമൊപ്പമാണ് താമസിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ആറു വര്‍ഷമായി മകളും ഭര്‍ത്താവും വീട് സ്വന്തമാക്കാനായി നിരന്തരം പീഡിപ്പിക്കുകയാണെന്നാണ് ഇവര്‍ പറയുന്നത്. ഇത്രയും കാലമായി മകളില്‍ നിന്നു നീതിക്കായി പൊലിസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങുകയും മനുഷ്യാവകാശ കമ്മിഷനും മുഖ്യമന്ത്രിക്കുമൊക്കെ പരാതികള്‍ നല്‍കിയെങ്കിലും പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാന്‍ സാധിച്ചില്ലെന്ന് ഇവര്‍ പറയുന്നു.
വ്യാഴാഴ്ച രാത്രി വീട്ടില്‍ നിന്നു ഇറക്കിവിട്ട ഇവര്‍ക്ക് സെന്റ് പോള്‍സ് ദേവാലയ വികാരി ജേക്കബ് ജോസ് അഭയം നല്‍കുകയായിരുന്നു. ഫാദര്‍ അറിയിച്ചതനുസരിച്ച് എത്തിയ തളിപ്പറമ്പ് എസ്.ഐ ഇന്നലെ രാവിലെ പത്തോടെ മകളോട് വീട്ടില്‍ നിന്നു ഇറങ്ങികൊടുക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തയാറായില്ല. പകല്‍ വീട്ടില്‍ കഴിഞ്ഞാലും രാത്രി അവിടെ തങ്ങാന്‍ ധൈര്യമില്ലെന്നാണ് ദമ്പതികള്‍ പറയുന്നത്. രാത്രിയില്‍ പള്ളി വരാന്തയില്‍ കഴിയാനാണ് ഇവരുടെ തീരുമാനം. എത്രകാലം എന്ന ചോദ്യത്തിന് ആരുമില്ലാത്തവര്‍ക്ക് ദൈവം തുണയാകുമെന്നു മാത്രമാണ് ഇവരുടെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."