കേരളത്തില്‍ ഇന്നു മുതല്‍ മഴക്ക് സാധ്യത
കോഴിക്കോട്: ഗജ ലക്ഷദ്വീപിനു സമീപത്ത് തുടരുന്നതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം (ലോപ്രഷര്‍ ) രൂപപ്പെട്ടു. ഇന്ത്യയുടെ തെക്കന്‍ ഉപഭൂഖണ്ഡത്തിന്റെ കിഴക്കും പടിഞ്ഞാറും കടലില്‍ ന്യൂനമര്‍ദം തുടരുന്നത് കേരളത്തില്‍ ഇന്നു മുതല്‍ മഴക്ക് കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. കേരള തീരം വിട്ട ഗജ ശക്തി കുറഞ്ഞ് ന്യൂനമര്‍ദമായാണ് ഇപ്പോള്‍ ലക്ഷദ്വീപിന് സമീപത്തുള്ളത്. ഭൂമധ്യരേഖയോട് ചേര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിനു സമീപത്തായി സമുദ്രനിരപ്പില്‍ നിന്ന് 3.1 കി.മി ഉയരത്തിലാണ് ഇന്നലെ ലോ പ്രഷര്‍ രൂപപ്പെട്ടത്. ഇത് അടുത്ത 24 മണിക്കൂറില്‍ ശക്തിപ്പെട്ട് തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്കും പിന്നീട് ചെന്നൈ തീരം ലക്ഷ്യമാക്കിയും നീങ്ങുമെന്നാണ് സൂചനയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു.
ഈമാസം 21, 22 തിയതികളില്‍ തമിഴ്‌നാടിന്റെ തീരപ്രദേശം, ആന്ധ്രാ തീരം എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട മഴയോ കനത്തമഴയോ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. കേരളത്തില്‍ 20 നും 21 നുമാണ് ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ഈ ദിവസങ്ങളില്‍ കേരളത്തില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചന പ്രകാരം 20ന് ഇടുക്കിയിലും 21ന് കോഴിക്കോട്ടും ഒറ്റപ്പെട്ട കനത്തമഴക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എന്നാല്‍ ഇന്നു മുതല്‍ കേരളത്തിലെ മിക്ക ജില്ലകളിലും മഴയുണ്ടാകുമെന്നും വൈകിട്ടാണ് മഴക്ക് സാധ്യതയെന്നും കേരളത്തിലെ കാലാവസ്ഥാ മാറ്റം നിരീക്ഷിക്കുന്ന സ്വകാര്യ കാലാവസ്ഥാ വെബ്‌സൈറ്റ് അറിയിച്ചു. തീരദേശത്ത് ചാറ്റല്‍മഴയും മറ്റിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയോ ഇടത്തരം മഴയോ ആണ് പ്രതീക്ഷിക്കുന്നത്. ഇടിയോടു കൂടെയുള്ള മഴക്കാണ് സാധ്യതയെന്നും അവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."