ബി.ജെ.പി റോഡ് ഉപരോധം; വലഞ്ഞ് ജനങ്ങള്‍
കൊല്ലം: ശബരിമല ദര്‍ശനത്തിനെത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ നിലയ്ക്കലില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ റോഡ് ഉപരോധം ദേശീയപാതയിലും എംസി റോഡിലും ഗതാഗതത്തെ ബാധിച്ചു. ജില്ലയില്‍ നീണ്ടകര, കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നിവിടങ്ങളിലായിണ് ഇന്നലെ രാവിലെ റോഡ് ഉപരോധിച്ചത്. കൊല്ലം കാവനാട് ആല്‍ത്തറമൂട്ടില്‍ നിന്ന് രാവിലെ 10.30ന് പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയാണ് നീണ്ടകര പാലത്തില്‍ ഉപരോധം നടത്തിയത്. പാലത്തില്‍ പൂര്‍ണമായും പ്രവര്‍ത്തകര്‍ നിറഞ്ഞതോടെ ഒരുമണിക്കൂറോളം ദേശീയപാതയിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. ആംബുലന്‍സുകള്‍, ആശുപത്രി ആവശ്യങ്ങള്‍ക്കായെത്തിയ വാഹനങ്ങള്‍ എന്നിവ മാത്രമാണ് കടത്തി വിട്ടത്. ഉപരോധം ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റ് കിഴക്കനേല സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ജി. ഗോപകുമാര്‍, മണ്ഡലം പ്രസിഡന്റ് ശൈലേന്ദ്രബാബു, ആര്‍.എസ്.എസ് നേതാക്കളായ സി.കെ. ചന്ദ്രബാബു, വി. മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. കരുനാഗപ്പള്ളിയില്‍ ദേശീയപാത ഉപരോധം ബിജെപി ജില്ലാ സെക്രട്ടറി നെടുമ്പന ഓമനക്കുട്ടനും കൊട്ടാരക്കരയില്‍ എം.സി റോഡ് ഉപരോധം ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥും ഉദ്ഘാടനം ചെയ്തു.
മൂന്ന് കേന്ദ്രങ്ങളിലും റോഡ് ഉപരോധിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ പൊലിസ് കേസെടുത്തു.
അറസ്റ്റിലായ കെ സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിലടച്ചെന്ന വിവരമറിഞ്ഞ് രാവിലെ തന്നെ നിരവധി ബിജെപി പ്രവര്‍ത്തകര്‍ കൊട്ടാരക്കര സബ് ജയിലിന് മുന്നിലെത്തിയിരുന്നു. ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും ജയിലിനുള്ളില്‍ അദ്ദേഹത്തെ കാണാന്‍ ശ്രമിച്ചെങ്കിലും അവധി ദിവസമായതിനാല്‍ അനുമതി ലഭിച്ചില്ല. കെ സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ശനിയാഴ്ച രാത്രി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ പന്തംകൊളുത്തി പ്രകടനം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."