വാളയാര്‍ പീഡനക്കേസ്: പ്രതികളുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സി.പി.എം
പാലക്കാട്:വാളയാര്‍ പീഡനക്കേസില്‍ പാലക്കാട് പോക്സോ കോടതി വെറുതെവിട്ട പ്രതികള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് സി.പി.എം. പാര്‍ട്ടിക്കെതിരെ ആരോപണങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് പാര്‍ട്ടി പ്രതികരണം. പൊലിസ് അന്വേഷണത്തില്‍ വീഴ്ച വന്നപ്പോഴാണ് പാര്‍ട്ടി ഇടപെട്ടതെന്നും സി.പി.എം പുതുശേരി ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് പറഞ്ഞു.
കേസില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് ബന്ധമുണ്ടെന്ന് പെണ്‍കുട്ടികളുടെ അമ്മ ആരോപിച്ചിരുന്നു. അന്വേഷണം ശരിയായ ദിശയില്‍ നടത്താത്ത പൊലീസില്‍ വിശ്വാസമില്ലെന്നും വീണ്ടുമന്വേഷിച്ചാല്‍ രാഷ്ടീയ ഇടപെടല്‍ ഉണ്ടായേക്കുമെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞിരുന്നു.
അതേസമയം, വിമര്‍ശനങ്ങള്‍ക്കൊടുവില്‍ വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിധിക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് പൊലീസ്. പാര്‍ട്ടിക്കെതിരെ ആരോപണവുമായി രാഷ്ട്രീയ പ്രമുഖരും രംഗത്തെത്തിയിരുന്നു. വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടന്നെന്നും. പൊലിസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്നും സര്‍ക്കാരിന് ഇതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായും ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു.
കേസിലെ മൂന്ന് പ്രതികളെ തെളിവുകളുടെ അഭാവത്തിലാണ് പോക്സോ കോടതി വെറുതെവിട്ടത്. 2017ലാണ് 11ഉം ഒമ്പതും വയസ്സുള്ള സഹോദരിമാരെ ഒന്നര മാസത്തിന്റെ ഇടവേളയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇരുവരും ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."