ബി.എന്‍ അഞ്ജന്‍കുമാര്‍ പറമ്പിക്കുളം കടുവാസങ്കേതത്തില്‍ നിന്ന് പടിയിറങ്ങി
പറമ്പിക്കുളം: കടുവാസങ്കേതത്തിന്റെ അമരക്കാരനായി 3 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷം പടിയിറങ്ങുന്ന.ബി.എന്‍.അഞ്ജന്‍കുമാര്‍പറമ്പിക്കുളത്തിന് നല്‍കിയത് നേട്ടങ്ങളുടെ ഒരു നീണ്ട നിര തന്നെയാണ്. കോട്ടയം ഇന്‍സ്‌പെക്ഷന്‍ & ഇവാലുവേഷന്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അധിക ചുമതലയോടെ തിരുവനന്തപുരം റിസര്‍ച്ച് സൗത്ത് ഡിവിഷനിലേക്കാണ് അദ്ദേഹം സ്ഥലം മാറിയത്.
പറമ്പിക്കുളം കടുവാസങ്കേതത്തിന്റെ അധികാരി എന്നതിലുപരി ഒരു നല്ല മനസ്സിന്റെ ഉടമ കൂടിയായിരുന്നു അദ്ദേഹം. പറമ്പിക്കുളത്തെ ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി ബുദ്ധിപൂര്‍വ്വമായ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ നൂറ് ശതമാനം വിജയിച്ചിട്ടുണ്ട്. പറമ്പിക്കുളം ഡിവിഷന് കീഴില്‍ ജോലി ചെയ്തു വരുന്ന നാച്വറലിസ്റ്റ്, വാച്ചര്‍മാര്‍ എന്നിവര്‍ക്കിടയില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനുമായി പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹായത്തോടെ റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് പറമ്പിക്കുളത്ത് തുടക്കം കുറിച്ചു.
ഈ പദ്ധതിയുടെ പ്രതിമാസ പ്രീമിയം തുകയുടെ 50% ഫോറസ്റ്റ് ഡവലപ്പ്‌മെന്റ് ഏജന്‍സിയാണ് വഹിക്കുന്നത്. കോളനി നിവാസികളുടെ ജനനം രജിസ്റ്റര്‍ ചെയ്യുന്നതിനായി രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍, യുവതി-യുവാക്കളുടെ തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ക്യാമ്പ് എന്നിവ സംഘടിപ്പിച്ചതിലൂടെ അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ സേവനം പറമ്പിക്കുളത്തെ ജനത പരിപൂര്‍ണമായി ഉപയോഗപ്പെടുത്തുകയാണുണ്ടായത്. കോളനികളിലെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനായി ഉപരിപഠനത്തിന് യോഗ്യത നേടുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ധനസഹായം നല്‍കുന്നു.
ശിശു മരണനിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി പ്രസവം ആശുപത്രിയില്‍ നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കുവാന്‍ പറമ്പിക്കുളത്തെ അമ്മമാര്‍ക്ക് പ്രസവാനന്തര ധനസഹായം നല്‍കുന്നു. ആശുപത്രികളില്‍ ചികിത്സ തേടുന്ന തദ്ദേശവാസികള്‍ക്ക് ചികിത്സാ ധനസഹായം നല്‍കുന്നു.
പറമ്പിക്കുളം കടുവാസങ്കേതത്തിന് കീഴില്‍ ജോലിയില്‍ തുടരവേ മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് മരണാനന്തര ധനസഹായം നല്‍കുന്നു. തുടങ്ങിയ നിരവധി അനവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം മനസ്സറിഞ്ഞ് ചുക്കാന്‍ പിടിച്ചിരുന്നു. തദ്ദേശീയര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി തൊഴിലധിഷ്ഠിത പരിശീലന കളരികള്‍ സംഘടിപ്പിക്കുവാനും ഏവരുടെയും പ്രിയങ്കരനായ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ മറന്നില്ല.
പറമ്പിക്കുളത്തിന്റെയും അതിനോട് ചേര്‍ന്നു കിടക്കുന്നതുമായ വനമേഖലകളുടെയും വന്യമൃഗങ്ങളുടെയും സംരക്ഷണപ്രവര്‍ത്തനങ്ങളും, ആയതിന് വേണ്ട ഗവേഷണങ്ങള്‍ക്കും അദ്ദേഹം ചുക്കാന്‍ പിടിച്ചു. 2017 ലെ മാര്‍ച്ച് മാസം ഉണര്‍ന്നെണീറ്റത് തമിഴ്‌നാട് മലനിരകളില്‍ നിന്നും പറമ്പിക്കുളത്തേക്ക് കത്തിപ്പടര്‍ന്ന കാട്ടുതീ കണികണ്ടുകൊണ്ടാണ്. അപ്പോഴും ആത്മധൈര്യം കൈവിടാതെ ആത്മവിശ്വാസത്തോടെ ജീവഭയമില്ലാതെ പറമ്പിക്കുളം നിവാസികളോടൊപ്പം തീയണക്കല്‍ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹവും പങ്കു ചേര്‍ന്നത് ഈ ദേശവാസികള്‍ക്ക് മറക്കാനാവില്ല.
2017 ജൂണ്‍ 21 ന് ആനപ്പാടിയില്‍ സംഘടിപ്പിച്ച വിടപറയല്‍ ചടങ്ങ് വര്‍ണാഭമാക്കാന്‍ കാടിന്റെ മക്കള്‍ മത്സരിച്ചു. ചിലര്‍ പൂച്ചെണ്ടുകള്‍ കരുതി. മറ്റു ചിലര്‍ കാട്ടുപുല്ലും കാട്ടുപൂക്കളും കൊണ്ട് സ്വയം നിര്‍മ്മിച്ച അലങ്കാര വസ്തുക്കള്‍ കരുതി. എല്ലാം അവരുടെ പ്രിയങ്കരനായ ഡി.എഫ്.ഒ അഞ്ജന്‍കുമാര്‍ സാറിനുള്ള ഉപഹാരങ്ങളായിരുന്നു. വിശിഷ്ട വസ്തുക്കളാല്‍ മേശപ്പുറങ്ങള്‍ നിറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."