പ്രവാചക ജീവിതവും ഇസ്‌ലാമിക നാഗരികതയും വരച്ചുകാട്ടുന്ന മ്യൂസിയം
കരാറില്‍ ഒപ്പുവച്ചു
മദീന: മദീനയില്‍ പ്രവാചക ജീവിതവും ഇസ്‌ലാമിക നാഗരികതയും വരച്ചുകാട്ടുന്ന ആധുനിക മ്യൂസിയം വരുന്നു.
ഇതിനായുള്ള കരാറില്‍ മുസ്‌ലിം വേള്‍ഡ് ലീഗ് ജന. സെക്രട്ടറി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം അല്‍ഇസ ഒപ്പുവച്ചു. മദീന മേഖലാ ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ സല്‍മാന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ആധുനിക സാങ്കേതിക വിദ്യയില്‍ രൂപകല്‍പ്പന ചെയ്യുന്ന മ്യൂസിയം 20,000 ചതുരശ്ര മീറ്ററിലാണ് ഉയരുന്നത്.
ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങള്‍, പരിശീലന, വികസന, വിവര്‍ത്തന കേന്ദ്രങ്ങള്‍, നൂതന മ്യൂസിയം ഗാലറികള്‍, അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ഹാളുകള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക കേന്ദ്രങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് മ്യൂസിയം ഒരുക്കുന്നത്.
വിവിധ രാജ്യങ്ങള്‍ മ്യൂസിയത്തിന്റെ ശാഖകള്‍ സ്ഥാപിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇന്തോനേഷ്യയടക്കം 24 രാജ്യങ്ങളില്‍നിന്ന് അപേക്ഷകള്‍ ലഭിച്ചതായി മുസ്‌ലിം വേള്‍ഡ് ലീഗ് ജന. സെക്രട്ടറി അറിയിച്ചു. ഇന്തോനേഷ്യയിലാണ് ആദ്യ ബ്രാഞ്ച് ആരംഭിക്കുന്നത്. പിന്നീട് യു.എ.ഇയില്‍ ആരംഭിക്കും.
ദുബൈയില്‍ നടക്കാന്‍ പോകുന്ന എക്‌സ്‌പോ 2020ല്‍ മ്യൂസിയം മോഡലുകളുമായി മുസ്‌ലിം വേള്‍ഡ് ലീഗ് പങ്കെടുക്കുന്നുണ്ട്. ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ ഒരുലക്ഷം ചതുരശ്രമീറ്ററില്‍ മ്യൂസിയത്തിന്റെ ബ്രാഞ്ച് സ്ഥാപിക്കാന്‍ കഴിഞ്ഞ മാസമാണ് ഇന്തോനേഷ്യന്‍ സിവില്‍ സര്‍വിസും മുസ്‌ലിം വേള്‍ഡ് ലീഗും ധാരണയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."