നാഗാലാന്‍ഡ് രാഷ്ട്രീയ പ്രതിസന്ധി: സമാധാനചര്‍ച്ച 31ന്
കൊഹിമ ഇംഫാല്‍: നാഗാലാന്‍ഡില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള രണ്ടാം ഘട്ട സമാധാന ചര്‍ച്ച ഈ മാസം 31ന് നടക്കും. അതേസമയം ചര്‍ച്ച നടക്കാനിരിക്കെ ഏതെങ്കിലും തരത്തിലുള്ള അക്രമ സംഭവങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അതിനെ നേരിടുന്നതിനായി നാഗാലാന്‍ഡിനൊപ്പം മണിപ്പൂരും സംയുക്ത നീക്കം തുടങ്ങി.
സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിക്കുകയും പലയിടങ്ങളിലും പൊലിസ് സുരക്ഷ കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്.
മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ എല്ലാ ജില്ലാ ഡെപ്യൂട്ടി കമ്മിഷനര്‍ മാരും ജില്ലാ ഭരണാധികാരികളും അതാത് സ്ഥലങ്ങളില്‍ ഉണ്ടായിരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. അക്രമസംഭവങ്ങള്‍ ഒഴിവാക്കുന്നതിനും സുരക്ഷ കര്‍ശനമാക്കുന്നതിനും വേണ്ടി പൊലിസ് ഉദ്യോഗസ്ഥരെ വിവിധ ഇടങ്ങളില്‍ വിന്യസിച്ചതായും ഇവരുടെ അവധി അപേക്ഷ താല്‍ക്കാലികമായി റദ്ദാക്കിയതായും സംസ്ഥാന പൊലിസ് മേധാവി അറിയിച്ചു.
അയല്‍ സംസ്ഥാനമായ മണിപ്പൂരിലും നാഗാ ജനങ്ങളുണ്ട്. ഇവിടെ അക്രമങ്ങളുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലും എടുത്തിട്ടുണ്ട്.
അതേസമയം നാഗാലാന്‍ഡുമായുള്ള സമാധാന ചര്‍ച്ചക്കിടയില്‍ മണിപ്പൂരിനെതിരേ ഏതെങ്കിലും തരത്തിലുള്ള അക്രമങ്ങള്‍ ഉണ്ടായേക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. പ്രധാനമന്ത്രി മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ എന്നിവര്‍ക്ക് തങ്ങളുടെ ആശങ്ക മണിപ്പൂര്‍ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."