സഹകരണ സ്ഥാപനങ്ങള്‍ മില്ല് ആരംഭിക്കണമെന്ന് കൃഷി മന്ത്രി
ആലത്തൂര്‍: സഹകരണ സ്ഥാപനങ്ങള്‍ മില്ല് ആരംഭിക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍. ആലത്തൂര്‍ മോഡേണ്‍ റൈസ് മില്‍ പുനപ്രവര്‍ത്തനങ്ങളുടെ സമാരംഭംകുറിച്ച്‌കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ വിള ഇന്‍ഷുറന്‍സ് 10 കോടി രൂപ ഉടന്‍തന്നെ നല്‍കുമെന്നും പ്രളയക്കെടുതിയില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് 90 ശതമാനവും നല്‍കികഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്‍ന്റെ അധീനതയിലുള്ള ആലത്തൂര്‍ മോഡേണ്‍ റൈസ് മില്‍ ഓയില്‍ ഫാം ഇന്ത്യ ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് പുനപ്രവര്‍ത്തനം തുടങ്ങുന്നത്.
നെല്ല് സംഭരണം നടത്തി അരിയാക്കി വെച്ചൂരിലുള്ള മില്ലിലാണ് പാക്കിങ്ങ് പ്രവര്‍ത്തനങ്ങള്‍. ഉല്‍പ്പാദിപ്പിച്ച അരി സപ്ലൈകോ മുഖാന്തരം വിതരണം ചെയ്യും. നെല്ല് സംഭരണം സഹകരണ പ്രസ്ഥാനങ്ങളെ ഏല്‍പ്പിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷനായ എം.എല്‍.എ കെ.ഡി പ്രസേനന്‍ ആവശ്യപ്പെട്ടു. ഓയല്‍ഫാം ഇന്ത്യാ ലിമിറ്റഡിനെ ഒരു വര്‍ഷത്തേക്കാണ് കൃഷി വകുപ്പും വെയര്‍ ഹൗസിങ് കോര്‍പ്പറേഷനും വാടക ഇല്ലാതെ മില്ല് നല്‍കിയിട്ടുള്ളത്.
താങ്ങ് വിലയുമായും നെല്ല് സംഭരണവുമിയി ബന്ധപ്പെട്ട് സാങ്കേതിക പ്രശ്‌നങ്ങള്‍ നിലവിലുണ്ട്. അതുകൂടി തരണം ചെയ്താലെ മില്ലിന്റെ പ്രവര്‍ത്തനം നീണ്ടുനില്‍ക്കുകയുള്ളൂവെന്നും പൂട്ടാതെ നടത്തണമെന്നും എം.എല്‍.എ അഭിപ്രായപ്പെട്ടു. ഓയില്‍ ഫാം ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ വിജയന്‍ കുനിശ്ശേരി വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ വാഴൂര്‍ സോമന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ചാമുണ്ണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ഗംഗാധരന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.മീനാകുമാരി, ഓയില്‍ ഫാം ഇന്ത്യ എംഡി ബാബു തോമസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."