പെന്‍സ്റ്റോക്ക് പരിശോധിക്കാന്‍ ചെന്നൈയില്‍ നിന്നും വിദഗ്ധ സംഘം
തൊടുപുഴ: പെന്‍സ്റ്റോക്ക് പൈപ്പുകളുടെ ദുര്‍ബലാവസ്ഥയെത്തുടര്‍ന്ന് പള്ളിവാസല്‍ പദ്ധതിയുടെ രണ്ട് ജനറേറ്ററുകള്‍ നിര്‍ത്തിവച്ച സാഹചര്യത്തില്‍ ചെന്നൈയില്‍ നിന്നുള്ള വിദഗ്ധ സംഘം പരിശോധന നടത്തും. പെന്‍സ്റ്റോക്കില്‍ ഒപ്റ്റിക്കല്‍ 3 ഡി ലേസര്‍ സ്‌കാന്‍ അടക്കമുള്ള പരിശോധനകള്‍ നടത്തി നിലവിലുള്ള സ്ഥിതി വിലയിരുത്തും. ദുര്‍ബലമായ ഭാഗങ്ങള്‍ ശക്തിപ്പെടുത്തണോ അതോ പെന്‍സ്റ്റോക്കുകള്‍ പൂര്‍ണമായും മാറ്റണോ എന്നത് വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്ന് കെ.എസ്.ഇ.ബി കോര്‍പ്പറേറ്റ് പ്ലാനിങ് ജനറേഷന്‍ ഇലക്ട്രിക്കല്‍ ഡയരക്ടര്‍ എന്‍. വേണുഗോപാല്‍ സുപ്രഭാതത്തോട് പറഞ്ഞു.
പരിശോധനകള്‍ക്ക് ഏകദേശം ഒന്നര മാസത്തെ സമയം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. അറ്റകുറ്റപ്പണികള്‍ക്ക് ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും എടുക്കും. അതുവരെ ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നതു മൂലം പ്രതിദിനം 10 ലക്ഷം രൂപയുടെ ഉല്‍പാദന നഷ്ടമാണ് ഉണ്ടാകുക. പെന്‍സ്റ്റോക്ക് പൂര്‍ണമായും മാറ്റണമെങ്കില്‍ പിന്നെയും കാലതാമസമെടുക്കും. രണ്ട് പെന്‍സ്റ്റോക്ക് പൈപ്പുകളുടെ കാലപ്പഴക്കം വലിയ ഭീഷണി ഉയര്‍ത്തുന്നതാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് ആദ്യഘട്ടത്തില്‍ സമ്മതിക്കാന്‍ അധികൃതര്‍ തയാറായിരുന്നില്ല. പത്ത് മില്ലി മീറ്റര്‍ കനമുണ്ടായിരുന്ന പെന്‍സ്‌റ്റോക്കിന്റെ കനം ഇപ്പോള്‍ കുറഞ്ഞ് മൂന്ന് മില്ലിമീറ്റര്‍വരെ ആയിരിക്കുകയാണ്. ഇത് പൊട്ടിത്തെറിച്ചാല്‍ എട്ടു പേരുടെ ജീവന്‍ അപഹരിച്ച പന്നിയാറിനെക്കാള്‍ വലിയ ദുരന്തമാകുമെന്നാണ് വിലയിരുത്തല്‍. ഏകദേശം അഞ്ച് പഞ്ചായത്തുകളിലെ ജനങ്ങളാണ് ഇതുമൂലം ഭീതിയുടെ മുള്‍മുനയിലായിരിക്കുന്നത്. മറ്റു രണ്ട് പെന്‍സ്‌റ്റോക്കുകള്‍ക്ക് കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് കെ.എസ്.ഇ.ബിയുടെ നിഗമനം. എന്നിരുന്നാലും ഈ രണ്ട് പൈപ്പുകളും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
7.5 മെഗാവാട്ടിന്റെ രണ്ടും 5 മെഗാവാട്ടിന്റെ മൂന്നും ജനറേറ്ററുകളാണ് സംസ്ഥാനത്തെ ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസലില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ 5 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളുടെ പെന്‍സ്റ്റോക്ക് പൈപ്പുകളിലെ ചോര്‍ച്ച ഗുരുതരമായതിനെത്തുടര്‍ന്നാണ് ഇവ നിര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."