നെടുങ്ങോലം ലഹരിവിമോചന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാകുന്നു
കൊല്ലം: നെടുങ്ങോലത്ത് എക് സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ലഹരിമോചന ചികിത്സാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാകുന്നു. എക്‌സൈസ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും പൊതുപ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നത്. ലഹരിക്ക് അടിപ്പെട്ട യുവാക്കളെ കണ്ടെത്തി എക്‌സൈസ് ഉദ്യോഗസ്ഥര്‍ രക്ഷാകര്‍ത്താക്കളുടെയും പൊതുപ്രവര്‍ത്തകരുടെയും സഹകരണത്തോടെ ലഹരിവിമോചന കേന്ദ്രത്തില്‍ എത്തിച്ച് രോഗികള്‍ക്ക് വേണ്ട കൗണ്‍സലിങ്, കിടത്തി ചികിത്സ എന്നിവയാണ് നല്‍കിവരുന്നത്. ലഹരി കടത്തുമായി ബന്ധപ്പെട്ട് 19 ഹൈ സ്പീഡ് ബൈക്കുകളാണു കഴിഞ്ഞമാസം എക്‌സൈസ് മാത്രം ജില്ലയില്‍ പിടിച്ചെടുത്തത്. ലഹരി ഉപഭോഗത്തിനു ശേഷം യുവാക്കള്‍ ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നതുമൂലം ധാരാളം അപകടങ്ങളും അപകട മരണങ്ങളും സംഭവിക്കുന്ന പശ്ചാതലത്തില്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന യുവാക്കളെ എക്‌സൈസ് പ്രത്യേകം നീരിക്ഷിച്ചു വരികയാണ്. ലഹരിമോചന കേന്ദ്രങ്ങളില്‍ ചികിത്സയ്ക്ക് എത്തുന്നവരില്‍ കൂടുതലും ഇത്തരത്തിലുള്ള യുവാക്കളാണെന്നും വീടുകളില്‍ ഹൈ സ്പീഡ് ബൈക്കുകള്‍ വാങ്ങുന്നതിനു നിര്‍ബന്ധം പിടിക്കുന്നത് ഇത്തരക്കാരുടെ സ്വഭാവമാണെന്നും നെടുങ്ങോലം ലഹരിമോചന ചികിത്സാ കേന്ദ്രത്തിലെ സൈക്കോളജിസ്റ്റ് ഡോ. അനില്‍കുമാര്‍ പറഞ്ഞു. കഞ്ചാവ് പോലുള്ള മയക്കുമരുന്നുകള്‍ ഹെര്‍ബല്‍ ആണെന്ന തെറ്റിദ്ധാരണ ഇത്തരക്കാരിലുണ്ട്. രക്ഷാകര്‍ത്താക്കളുടെ ലഹരി ഉപയോഗവും ചെറുപ്രായത്തിലുള്ള നിയന്ത്രണകുറവും സംഘം ചേര്‍ന്ന് ഒളിസങ്കേതങ്ങളില്‍ സംഘടിക്കുന്നതുമാണ് യുവാക്കളില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
വ്യത്യസ്ത കാരണങ്ങളാല്‍ ലഹരിക്ക് അടിപ്പെട്ടവര്‍ക്ക് വിമുക്തിയുടെ ഭാഗമായി കൊല്ലം ജില്ലയിലെ നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയില്‍ ഒരേ സമയം പത്തു പേരെ കിടത്തി ചികിത്സിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ ആരംഭിച്ച ലഹരിമോചന കേന്ദ്രത്തിന്റെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവും മയക്കുമരുന്നുകളും നിരോധിത പുകയില ഉല്‍പന്നങ്ങളും വിതരണം ചെയ്യുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുള്ളതിനാല്‍ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും ഇത്തരം സംഭവത്തെ കുറിച്ച് വിവരം ലഭിച്ചാല്‍ 9496002862 എന്ന നമ്പറില്‍ അറിയിക്കണമെന്നും അസി. എക്‌സൈസ് കമ്മിഷണര്‍ അറിയിച്ചു.
കൊല്ലം അസി. എക്‌സൈസ് കമ്മിഷണര്‍ പി. സനു, പരവൂര്‍ മുനിസിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ അംബികാ ചികിത്സാ കേന്ദ്രത്തിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."