പടന്ന തോട്ടുകരപാലം നിര്‍മാണം തുടങ്ങി
തൃക്കരിപ്പൂര്‍: പടന്നയിലെ തോട്ടുകര പാലം നിര്‍മാണം തുടങ്ങി. 2010ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മലബാര്‍ പാക്കേജിലുള്‍പ്പെടുത്തിയാണ് പടന്നയെ പിലിക്കോട് പഞ്ചായത്തുമായി ബന്ധിപ്പിക്കുന്നതിനുള്ള തോട്ടുകര പാലത്തിന് നടപടിയായത്. അന്നത്തെ സര്‍ക്കാരിന്റെ കാലത്തുതന്നെ ഭരണാനുമതിയും കരാര്‍ നടപടിയും പൂര്‍ത്തിയാക്കി. മൂസഹാജി മുക്കില്‍നിന്നും പാലം സൈറ്റിലേക്ക് മൂന്ന് മീറ്റര്‍ വീതിയുള്ള പഞ്ചായത്ത് റോഡ് നവീകരിച്ച് ആറുമീറ്റര്‍ വീതിയില്‍ അപ്രോച്ച് റോഡാക്കാനാണ് കരാര്‍ വ്യവസ്ഥയിലുണ്ടായിരുന്നത്. റോഡ് നവീകരണത്തിനായി സ്ഥലം വിട്ടുനല്‍കാന്‍ പരിസരവാസികള്‍ തയാറാകാതെ വന്നതോടെ നിര്‍മാണം എട്ടുവര്‍ഷത്തോളം അനന്തമായി നീണ്ടു. സി കുഞ്ഞികൃഷ്ണന് പ്രസിഡന്റായ പടന്ന പഞ്ചായത്ത് ഭരണസമിതിയും മുന്‍ എം.എല്‍.എ കെ കുഞ്ഞിരാമനും സ്ഥല ഉടമകളുമായി നിരന്തരം ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് സ്ഥലം വിട്ടുനല്‍കാന്‍ ഉടമകള്‍ തയ്യാറായത്.
വര്‍ഷങ്ങളായി ചുവപ്പ് നാടയില്‍ കുരുങ്ങിയ പാലത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ എം രാജഗോപാലന്‍ എം.എല്‍.എ യുടെ ഇടപെടലിനെ തുടര്‍ന്നാണ് വേഗത്തിലായത്. മന്ത്രിയുടെ തിയതി ലഭിക്കുന്ന മുറയ്ക്ക് പ്രവര്‍ത്തി ഉദ്ഘാടനം സംഘടിപ്പിക്കും.
എട്ടുകോടി രൂപ ചെലവിട്ടുള്ള പാലത്തിന്റെ നിര്‍മാണ ചുമതല കാസര്‍കോട് ചട്ടഞ്ചാല്‍ കണ്‍ട്രക്ഷന്‍ കമ്പനിക്കാണ്. 65 മീറ്റര്‍ നീളത്തില്‍ തോട്ടുകര ബാലന് പുഴയ്ക്ക് കുറുകെ നിര്‍മിക്കുന്ന പാലത്തിന് നാല് തൂണും മൂന്ന് സ്പാനുമാണുള്ളത്. പാലം യാഥാര്‍ഥ്യമാകുന്നതോടെ പിലിക്കോട് പടന്ന പഞ്ചായത്തുകളുടെ വികസനത്തിനാണ് വാതില്‍ തുറക്കുന്നത്. ഇത് പൂര്‍ത്തിയാവുക വഴി പടന്നയില്‍നിന്നും എളുപ്പം ദേശീയപാതയിലെത്താനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."