ജൈവബോധം കുരിശേറുമ്പോള്‍
അറബിസാഹിത്യത്തില്‍ ഇന്ന് ഏറ്റവും അറിയപ്പെടുന്ന എഴുത്തുകാരില്‍ ഒരാളാണ് ഇബ്‌റാഹിം അല്‍ കോനി എന്ന ലിബിയന്‍ നോവലിസ്റ്റ്. എഴുത്തില്‍ ധാരാളിയായ അല്‍ കോനിയുടെ രചനാലോകം മിത്തുകളുടെയും അസ്തിത്വപരമായ ഉത്കണ്ഠകളുടെയും ലോകമാണു തുറന്നു വയ്ക്കുന്നത്. സഹാറാ മരുഭൂമിയില്‍ ലിബിയ മുതല്‍ മൊറോക്കോ വരെ ആഫ്രിക്കയിലെങ്ങും സഞ്ചരിക്കുന്ന, എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന, ഒരിടത്തുതന്നെ നില്‍ക്കുകയെന്നാല്‍ അടിമത്തമാണെന്നു വിശ്വസിക്കുന്ന 'മൂടുപടമിട്ടവര്‍,' 'നീല മനുഷ്യര്‍' എന്നൊക്കെ അറിയപ്പെടുന്ന ടോരെഗ് നാടോടി വിഭാഗക്കാര്‍ മരുഭൂമിയെ സ്വാതന്ത്ര്യത്തിന്റെയും പ്രകൃതിയുമായുള്ള സമന്വയത്തിന്റെയും കേന്ദ്രമായിക്കാണുന്നു. ടോരെഗ് വിഭാഗക്കാരനായ അല്‍ കോനിയുടെ കൃതികളില്‍ സൂഫിസത്തിന്റെയും പൗരസ്ത്യ ആത്മീയപാരമ്പര്യങ്ങളുടെയും കനത്ത സ്വാധീനവും മാജിക്കല്‍ റിയലിസത്തിന്റെയും ദൃഷ്ടാന്തകഥാരീതികളുടെയും സ്വഭാവങ്ങളും വ്യക്തമാണ്. അല്‍ കോനിയുടെ രചനകളില്‍ ഇംഗ്ലീഷിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ട ആദ്യകൃതിയാണ് 'ദി ബ്ലീഡിങ് ഓഫ് ദി സ്റ്റോണ്‍.' നൊബേല്‍ പുരസ്‌കാരജേതാവ് ലേ ക്ലെസിയോയുടെ 'മരുഭൂമി' എന്ന നോവലിലും 'നീല മനുഷ്യര്‍' പ്രധാന പ്രതിപാദ്യ വിഷയമാണ്.
ഒറ്റനോട്ടത്തില്‍ ദൃഷ്ടാന്ത കഥയുടെ ലാളിത്യമുള്ള ഈ ചെറു നോവലിനു കൃത്യമായ രാഷ്ട്രീയ പാരിസ്ഥിതിക മാനങ്ങളുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ കൊളോനിയല്‍ തേര്‍വാഴ്ചകള്‍ ലോകത്തു മനുഷ്യനും പ്രകൃതിക്കും ഭീകരമായ ആഘാതങ്ങള്‍ ഏല്‍പിച്ചുവന്ന കാലത്തിന്റെ പശ്ചാത്തലത്തിലാണു കഥാഗതിയെങ്കിലും, കാലാതീതമായ തിരിച്ചറിവുകളുടെ പാഠങ്ങളാണ് നോവലിനെ അനശ്വരമാക്കുന്നത്. ദക്ഷിണ ലിബിയന്‍ മരുഭൂമിയിലെ മലയോരങ്ങളില്‍ കാലിമേച്ചു കഴിയുന്ന അസൂഫ് എന്ന ബദവി, മനുഷ്യനും വന്യപ്രകൃതിയും തമ്മിലുള്ള പാരസ്പര്യങ്ങളെ കുറിച്ചുള്ള ആദിമ ജ്ഞാനങ്ങളുടെ സൂക്ഷിപ്പുകാരന്‍ കൂടിയാണ്. പുരാവസ്തു പര്യവേഷകര്‍ കണ്ടെത്തിയ കുറേയേറെ പുരാതന ഗുഹകളുടെയും ചുമര്‍ചിത്രങ്ങളുടെയും കാവലാളായി പാശ്ചാത്യവിനോദ സഞ്ചാരികള്‍ക്കു വഴികാണിക്കുന്ന ജോലിയും അയാള്‍ക്കുണ്ട്. ആ നിലയില്‍ ആധുനിക ലോകം, വന്യസൗന്ദര്യമിയന്നതെങ്കിലും സ്വതേ ദുര്‍ബലമായ പ്രകൃതിയില്‍ നടത്തുന്ന കടന്നുകയറ്റങ്ങളുടെ ദുരന്തഫലം അയാള്‍ മുന്‍കൂട്ടിക്കാണുന്നു.
മരുഭൂമിയുടെ രഹസ്യങ്ങളറിയാവുന്ന ബദവിയില്‍, തങ്ങളുടെ ദുര തീര്‍ക്കാന്‍ വേണ്ട അറിവുകളുണ്ടെന്ന് ഒരു നാള്‍ അതിഥി വേഷങ്ങളിലെത്തുന്ന കായേന്‍, മസൂദ് എന്നീ രണ്ടു വേട്ടക്കാര്‍ തിരിച്ചറിയുന്നതോടെ സാത്വികനായ ആ മനുഷ്യന്റെ ജീവിതം കലങ്ങിമറിയുകയും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സനാതനമായ ഉടമ്പടിയുടെ വിശുദ്ധി കളങ്കപ്പെടുകയും ചെയ്യുന്നു. മരുഭൂമിയിലെ ഒരുതരം മാനുകളെ വേട്ടയാടിത്തീര്‍ത്തതില്‍ അഭിമാനിക്കുന്ന കായേന്‍, 'അവസാനത്തെ വടക്കന്‍ മാനിനെ ഞാന്‍ തന്നെയാണു തിന്നത് 'എന്നു വീമ്പടിക്കുകയും ചെയ്യുന്നു. പച്ചമാംസം ശീലമാക്കിയ അയാള്‍ക്ക് അതു കിട്ടാത്തപ്പോള്‍ കടുത്ത അസ്വാസ്ഥ്യമുണ്ടാവും. ഇപ്പോള്‍ അവര്‍ക്ക് ഒരു രഹസ്യമറിയണം: അസൂഫിനു മാത്രം അറിയാവുന്ന, വംശനാശം സംഭവിച്ചുവെന്നു കരുതപ്പെടുന്ന, മാംസത്തിന്റെ രുചിക്കു പേരുകേട്ട 'വദ്ദാന്‍' എന്നു വിശേഷപ്പെട്ട മരുഭൂആടിന്റെ വാസസ്ഥലം എവിടെയാണെന്ന്. എന്നാല്‍, പവിത്രമായ ആ രഹസ്യം കൊലയാളികള്‍ക്കു മുന്നില്‍ വെളിവാക്കാന്‍ അസൂഫ് തയാറല്ല. പിന്നെയുണ്ടാവുന്നത് ഒരു കുരിശേറ്റമാണ്. മരുഭൂമിയിലെ തിളയ്ക്കുന്ന സൂര്യനു ചുവടെ, 'പുതിയ മതം' സ്വീകരിച്ചതിന് ഉടമ ചുട്ടുപഴുത്ത കല്ല് നെഞ്ചില്‍ കയറ്റിവച്ചു പീഡിപ്പിച്ച പ്രവാചകന്‍ മുഹമ്മദിന്റെ ബാങ്കുവിളിക്കാരനായിരുന്ന കറുത്ത അടിമ യാസിര്‍, ഗ്രീക്ക് പുരാണത്തിലെ പ്രോമിത്യൂസ് എന്നിവരെയും ക്രിസ്തുവിനെയും ഒരേ സമയം ഓര്‍മിപ്പിക്കും പോലെ കുരിശേറ്റിയവന്റെ രൂപത്തില്‍ അയാള്‍ പാറപ്പുറത്ത് ബന്ധിതനാവുന്നു. സൊരാഷ്ട്രിയന്‍, ബുദ്ധിസ്റ്റ്, ഇസ്‌ലാമിക് സൂഫി ചിന്തകളെ കുറിച്ച് പഠിക്കാനെത്തിയ കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റി ബിരുദധാരി ജോണ്‍ പാര്‍ക്കര്‍ എന്ന അമേരിക്കക്കാരനും വലിയ തത്ത്വങ്ങള്‍ മാറ്റിവച്ചു വേട്ടയുടെ പ്രാകൃത ചോദനയ്ക്കു കീഴ്‌പ്പെടുന്നതു കാണുന്നു. രണ്ടു ഗുണ്ടകളെയും കൂട്ടി ഒരു അമേരിക്കന്‍ മിലിട്ടറി ഹെലികോപ്ടര്‍ സംഘടിപ്പിച്ചു മരുഭൂമിയിലെ അവസാനത്തെ വന്യജീവികളെയും കൊന്നൊടുക്കാന്‍ അയാള്‍ പുറപ്പെടുന്നു. അതേസമയം, കായേനും മസൂഫും ബന്ധിതനായ അസൂഫിനെ വീണ്ടും സമീപിക്കുന്നു. ഇത്തവണയും ഒന്നും വെളിപ്പെടുത്താന്‍ തയാറാവാത്ത അയാളുടെ മനോവീര്യത്തിനു മുന്നില്‍ തോറ്റുപോകുന്ന കൊലയാളികളില്‍, കായേന്‍ അയാളുടെ തലയറുക്കുന്നു: ഇടയന്റെ അന്ത്യം നോവലില്‍ ഇങ്ങനെ വിവരിക്കുന്നു: 'മസൂദ് ജീപ്പിലേക്കു ചാടിക്കയറി എഞ്ചിന്‍ സ്വിച്ച് ഓണ്‍ ചെയ്തു. അതേനിമിഷം മഴയുടെ കനത്ത തുള്ളികള്‍ അതിന്റെ ജനാലയില്‍ പതിക്കാന്‍ തുടങ്ങി. അതു ശിലാമുഖത്തു ക്രൂശിതനായ മനുഷ്യന്റെ രക്തവും കഴുകിക്കളഞ്ഞു.'
മാജിക്കല്‍ റിയലിസം എന്ന സംജ്ഞ അല്‍ കോനിയുടെ രചനകളോടു ചേര്‍ത്ത് എപ്പോഴും ഉപയോഗിക്കപ്പെടുന്നുണ്ട്. 'ബ്ലീഡിങ് ഓഫ് ദി സ്റ്റോണി'ല്‍ അങ്ങനെ വിവരിക്കാവുന്ന മുഹൂര്‍ത്തങ്ങള്‍ ധാരാളമുണ്ടുതാനും. മരുഭൂമിയുടെ നിഗൂഢ സൗന്ദര്യവും പരുക്കന്‍ ജീവിത സന്ധികളിലും അസൂഫ് കാത്തുസൂക്ഷിക്കുന്ന അനിമിസ്റ്റിക് സ്പിരിച്വാലിറ്റി(പ്രകൃതിയാരാധനയുടെയും ആത്മീയതയുടെയും ദര്‍ശനം)യും സൂചിതമാകുന്ന മിത്തുകള്‍, ബന്ധനസ്ഥനായി പീഡാനുഭവം ഏറ്റുവാങ്ങുന്ന പാവം ഇടയനെ കുരിശേറിയ ദൈവപുത്രന്റെ തലത്തിലേക്കുയര്‍ത്തുന്ന രചനാ വൈഭവം, കായേന്‍ എന്ന പേര് സൂചിപ്പിക്കും പോലെ ഹിംസയുടെയും നശീകരണ പ്രവണതയുടെയും പ്രതീകവല്‍ക്കരണമായി അവതരിപ്പിക്കുന്ന കൊളോനിയലിസ്റ്റ് ദുര, പച്ചമാംസക്കൊതിയുടെ ജുഗുപ്‌സാത്മകതയെ കാരിക്കേച്ചര്‍വല്‍ക്കരിക്കുന്ന കായേനിന്റെ 'വിത്ത്ഡ്രാവല്‍ സിംറ്റംസ്'(ലഹരി നിഷേധിക്കപ്പെട്ട ആസക്തന്റെ ഭ്രാന്തന്‍ പ്രതികരണങ്ങള്‍) തുടങ്ങി യാഥാര്‍ഥ്യത്തിനും അതീത യാഥാര്‍ഥ്യത്തിനും ഫാന്റസിക്കുമിടയില്‍ അടയാളപ്പെടുത്താവുന്ന പല സന്ദര്‍ഭങ്ങള്‍. മാനുകളെ കുറിച്ചു നോവലില്‍ വിവരിക്കുന്നത് അവ വിചിത്രസൗന്ദര്യവും ആത്മീയചൈതന്യവുമുള്ള ജീവികളായിട്ടാണ്. 'വിഷാദഭരിതമായ, ബുദ്ധിയുള്ള കണ്ണുകള്‍, നിങ്ങള്‍ക്കവന്റെ നെറ്റിയില്‍ ചുംബിക്കാനും ഹൃദയത്തില്‍ ചേര്‍ത്തുനിര്‍ത്താനും തോന്നും. ഈ ജീവിയില്‍ ഒരു സ്ത്രീയുടെ മാന്ത്രികതയും ഒരു കുഞ്ഞിന്റെ നിഷ്‌കളങ്കതയുമുണ്ട്, ഒരു മനുഷ്യന്റെ നിശ്ചയദാര്‍ഢ്യവും ഒരു കുതിരസവാരിക്കാരന്റെ അന്തസുമുണ്ട്, ഒരു കന്യകയുടെ ലജ്ജയും പറവയുടെ ശാലീനതയും വിശാല സ്ഥലികളുടെ രഹസ്യങ്ങളുമുണ്ട്.' മാനുകളെ കുറിച്ചുള്ള ഈ കാവ്യാത്മക നിരീക്ഷണങ്ങളോടു ചേര്‍ത്തുകാണേണ്ട ഏറെ ഹൃദ്യമായ ഒരു സന്ദര്‍ഭമാണു മരുഭൂമിയിലെ മാനുകളുടെ സംഭാഷണം. മുത്തശ്ശിക്കഥകളിലേതുപോലെ മനുഷ്യനെ വിശ്വസിക്കാമോ എന്നതിനെ കുറിച്ച് അവര്‍ ചര്‍ച്ചചെയ്യുന്നു. ആവാമെന്നു മനുഷ്യന്റെ കണ്ണുകളുള്ള ഒരു മാന്‍ വാദിക്കുന്നു. ഒരിക്കലും അരുതെന്നു തന്റെ അമ്മ വേട്ടയാടപ്പെടുന്നതിനു സാക്ഷിയായ മറ്റൊരു മാന്‍ സമര്‍ഥിക്കുന്നു: 'അവര്‍ എനിക്കു നല്‍കിയ മുഴുവന്‍ വേദനക്കും അവരെ ശപിക്കണമെന്നു ഞാന്‍ ദൈവത്തോടു പ്രാര്‍ഥിച്ചു. ഞാന്‍ എന്റെ കൊല്ലപ്പെട്ട അമ്മയെ ഓര്‍ക്കുമ്പോഴൊക്കെ, ആ വിഷം പുരട്ടിയ അമ്പ് ഒരിക്കല്‍കൂടി എന്റെ ഹൃദയം തുളഞ്ഞിറങ്ങുന്നത് എനിക്കനുഭവപ്പെട്ടു. എന്റെ പാവം അമ്മ!' ആ നിമിഷം തന്റെ കുഞ്ഞിന്റെ കണ്‍മുന്നില്‍ വച്ച്, മനുഷ്യനു വേണ്ടി വാദിച്ച സുന്ദര ദൃഷ്ടികളുടെ ഉടമയായ മാന്‍ കായേനിന്റെ വെടിയേറ്റു മരിക്കുന്നു.
ഇസ്‌ലാമികപൂര്‍വ വിശ്വാസക്രമങ്ങളുടെയും ഇസ്‌ലാമിക ദര്‍ശനങ്ങളുടെയും സങ്കലനത്തിലൂടെയാണ് അല്‍ കോനിയുടെ പ്രചോദനമായ സൂഫി മിസ്റ്റിസിസം ഉരുവപ്പെടുന്നത്. 'വദ്ദാന്‍', മരുഭൂ മാനുകള്‍ എന്നിവയില്‍ സമ്മേളിക്കുന്ന പ്രകൃത്യാരാധനയുടെ മാന്ത്രികതയും ആ കുരിശേറ്റ സങ്കല്‍പവും നിയതമായ അര്‍ഥത്തില്‍ അനിസ്‌ലാമികമാണ്. മരുഭൂവാസികളുടെ ചടങ്ങുകളും ആചാരങ്ങളും, മരുഭൂമിക്കു മേല്‍ 'കിരണങ്ങള്‍ കൊണ്ടു ചുവന്ന അങ്കി ധരിപ്പിക്കുന്ന സൂര്യന്റെ' പ്രഭാവവും വിവരിക്കുന്നതു പ്രകൃതിയെ ദൈവത്തിന്റെ സ്വയം വെളിപ്പെടുത്തലായിക്കാണുന്ന പാന്‍തീസ്റ്റിക് ദര്‍ശനത്തിന്റെ ഭാഗമായും കാണാം. ഇക്കാര്യത്തില്‍ അല്‍ കോനി, തോമസ് ഹാര്‍ഡിയെ ഓര്‍മിപ്പിക്കുന്നുവെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മരണം എപ്പോഴും വിളിപ്പാടകലെ നില്‍ക്കുന്ന മരുഭൂജീവിതത്തിന്റെ പാരുഷ്യം പക്ഷെ, മണ്ണുമാന്തിയും വെടിയുണ്ടയും അടയാളപ്പെടുത്തുന്ന കൊളോനിയലിസ്റ്റ് 'പരിഷ്‌കൃതി'ക്കു നേര്‍ വിപരീതമായാണ് നോവലില്‍ കടന്നുവരുന്നത്. ഒരുവേള, കഥാപാത്രങ്ങളില്‍ കറുപ്പും വെളുപ്പുമായി വേര്‍തിരിക്കല്‍ ഇത്തിരി കൂടുതലാണെന്ന വിമര്‍ശനത്തിനും ഈ 'മൂല്യങ്ങളുടെ മുഖാമുഖം' കാരണമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."