ജില്ല പനിച്ചു വിറക്കുന്നു
കാഞ്ഞങ്ങാട്: ജില്ലയില്‍ ഈമാസം പനി ബാധിച്ചു ചികിത്സ തേടിയത് പതിനായിരത്തിലധികം ആളുകള്‍. ഈ മാസം ഒന്ന് മുതല്‍ ഇന്നലെ വരെ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയവരുടെ എണ്ണം എട്ടായിരം കവിഞ്ഞതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എ.പി ദിനേശ് കുമാര്‍ പറഞ്ഞു. ഇതില്‍ 404 പേര്‍ക്ക് ഡെങ്കിപ്പനി സംശയിക്കുന്നതായും ജില്ലയില്‍ 101 പേര്‍ക്ക് ഡെങ്കിപ്പനി ഉറപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഇതിനു പുറമേ 21 പേര്‍ക്ക് മലേറിയയും കണ്ടെത്തിയിട്ടുണ്ട്.
അതേ സമയം ജില്ലയിലെ സ്വകാര്യാശുപത്രികളിലും ഒട്ടനവധി പനിരോഗികള്‍ ചികിത്സ തേടിയെത്തിയിട്ടുണ്ട്. ഇവയും കൂടി കണക്കിലെടുക്കുമ്പോള്‍ പതിനായിരത്തോളം പനി ബാധിതര്‍ ഈമാസം ചികിത്സ തേടിയെത്തിയതായാണു സൂചന.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മഴയുടെ തുടക്കത്തില്‍ തന്നെ പനിരോഗികളുടെ എണ്ണം പെരുകുന്ന കാഴ്ചയാണുള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഡെങ്കിപ്പനി, മലേറിയ എന്നിവയും ആദ്യമാസത്തില്‍ തന്നെ പെരുകുന്നതായാണ് ഡി.എം.ഒ ഉള്‍പ്പെടെയുള്ളവര്‍ നല്‍കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം പത്തിലധികം പേരാണു ജില്ലയില്‍ ഡെങ്കിപ്പനി കാരണം മരിച്ചത്.
ഇതര സംസ്ഥാന തൊഴിലാളികളിലാണ് മലേറിയ കൂടുതലായും കണ്ടു വരുന്നത്. ഇവര്‍ താമസിക്കുന്ന സ്ഥലങ്ങളും പരിസരങ്ങളും വൃത്തി ഹീനമായി നിലകൊള്ളുന്നതാണ് ഇതര സംസ്ഥാന തൊഴിലാളികളില്‍ മലേറിയ പടരാന്‍ കാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. അതേ സമയം ജില്ലയിലെ നഗരസഭകളിലും പഞ്ചായത്തുകളിലും മഴക്കാല പൂര്‍വ ശുചീകരണം പേരിനു മാത്രമായി മാറിയതാണ് പനിരോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമാകുന്നതെന്ന ആരോപണമുണ്ട്.
നഗരങ്ങളില്‍ ഉള്‍പ്പെടെ പേപ്പര്‍ മാലിന്യങ്ങളും പച്ചക്കറി അവശിഷ്ടങ്ങളും ഭക്ഷണ സാധനങ്ങളും ചീഞ്ഞളിഞ്ഞ നിലയില്‍ കുന്നുകൂടിയ അവസ്ഥയിലാണുള്ളത്. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഇടപഴകുന്ന മത്സ്യ മാര്‍ക്കറ്റ് പരിസരങ്ങളും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ അഴുക്കു വെള്ളം കെട്ടി നിന്ന് കൊതുകുകൂത്താടികള്‍ പെരുകിയ അവസ്ഥയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."