ഗ്രാമീണറോഡുകള്‍ വ്യാപകമായി തകര്‍ന്നിട്ടും മിണ്ടാട്ടമില്ലാതെ അധികൃതര്‍
പേരൂര്‍ക്കട: നടുവൊടിക്കുന്ന റോഡുകളിലൂടെ ജീവന്‍ പണയപ്പെടുത്തിയുള്ള ജനങ്ങളുടെ യാത്ര തുടങ്ങിയിട്ട് മാസങ്ങളായിട്ടും നടപടിയുണ്ടാകുന്നില്ല.
വിളവൂര്‍ക്കല്‍, മാറനല്ലൂര്‍, വിളപ്പില്‍ എന്നീ പഞ്ചായത്ത് പ്രദേശത്തെ നിരവധി റോഡുകളും സഞ്ചാരയോഗ്യമല്ല.വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ ഈഴക്കോട് വാര്‍ഡിലുള്‍പ്പെട്ട പണ്ടാരക്കണ്ടം-ഈഴക്കോട് റോഡ് തകര്‍ന്ന് കാല്‍നടയാത്ര പോലും സാദ്ധ്യമാകാതായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു.
ഇരട്ടക്കലുങ്ക് ഭാഗത്തേക്കും പാലോട്ടുവിള-കോളച്ചിറ പ്രദേശത്തുള്ളവര്‍ക്ക് മങ്കാട്ട്കടവ്-തിരുമല ഭാഗത്തേക്കും പോകാനുള്ള എളുപ്പമാര്‍ഗമാണ് റോഡ്. ഗതാഗതക്കുരുക്ക് ഇല്ലാതെ നിശ്ചിത സമയത്തിനുള്ളില്‍ യാത്ര ചെയ്യാനാകുമെന്നതിനാല്‍ ഇരുചക്ര യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രസ്തുത റോഡാണ് തിരഞ്ഞെടുക്കാറുള്ളത്. പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ ഏക ആശ്രയവുമാണിത്.
പൊട്ടിപ്പൊളിഞ്ഞ് കുഴിമാത്രമായി തീര്‍ന്ന റോഡ് നവീകരിക്കണമെന്ന് പലവട്ടം വാര്‍ഡ് അംഗം ഉള്‍പ്പെടെയുള്ളവരെ അറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. കഴിഞ്ഞദിവസം കുടുംബത്തോടൊപ്പം കാറിലെത്തിയവര്‍ റോഡില്‍ അകപ്പെട്ട് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയില്‍ പരിശോധനയ്ക്ക് കൊണ്ട് പോകവേയാണ് അപകടത്തിലായത്. നന്നേ ബുദ്ധിമുട്ടിയാണ് കുഴിയില്‍ നിന്ന് കാര്‍ കരകയറ്റിയത്.
ഇരട്ടക്കലുങ്ക്-പൊറ്റയില്‍, വിഴവൂര്‍-പൊറ്റയില്‍, കൊമ്പേറ്റി-കോളച്ചിറ എന്നീ വിളവൂര്‍ക്കല്‍ പഞ്ചായത്തിലുള്‍പ്പെട്ട റോഡുകളും നവീകരണമില്ലാതെ തകര്‍ന്നടിഞ്ഞ് കിടക്കുകയാണ്. അരുമാളൂര്‍-കരിങ്ങല്‍, അരുവിക്കര കോടനൂര്‍-പുന്നാവൂര്‍ എന്നീ മാറനല്ലൂരിലെ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. വിളപ്പില്‍ ഗ്രാമപ്പഞ്ചായത്തിലെ കരിവിലാഞ്ചി-മിണ്ണംകോട് റോഡ് ഭാഗികമായി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി അധികൃതര്‍ കൈയൊഴിഞ്ഞിരിക്കുകയാണ്. മേപ്പൂക്കട-കുഴയ്ക്കാട്, കുഴയ്ക്കാട്-ചീനിവിള ബണ്ട് റോഡ്, ഇരട്ടക്കലുങ്ക്-പുത്തന്‍വിള, എന്നീ റോഡുകള്‍ നവീകരിക്കാതെ കിടക്കുകയാണ്. വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ റോഡ് നവീകരണത്തിനുള്ള ഫണ്ട് അനുവദിക്കുകയും പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള അനുമതിയും ലഭിച്ചെങ്കിലും കൃത്യസമയത്തിന് സെക്രട്ടറി തുക പിന്‍വലിച്ച് നല്‍കാത്തതിനാല്‍ പൊതുമരാമത്ത് പണി ഉള്‍പ്പെടെയുള്ളവ ചെയ്യാനാകാത്തതെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് വി.അനില്‍കുമാര്‍ നല്‍കിയ വിവരം.
ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകള്‍ എണ്ണിയാലൊടുങ്ങാത്ത വികസനത്തെ സംബന്ധിച്ച് വിളമ്പരം നടത്താറുണ്ടെങ്കിലും യാതൊരു പ്രയോജനവുമുണ്ടാകുന്നില്ലെന്നാണ് ചില പ്രസിഡന്റുമാര്‍ നല്‍കുന്ന വിവരം. എം.പി, എം.എല്‍.എ.ഫണ്ടുകള്‍ നല്‍കിയാലും തനതു ഫണ്ടില്ലിത്ത പഞ്ചായത്ത് റോഡുകള്‍ നവീകരിക്കാവുന്നതേയുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."