ബി.ജെ.പിക്ക് ഗുജറാത്ത് വാട്ടര്‍ലൂ ആയേയ്ക്കും
ഗുജറാത്തിലെ ബി.ജെ.പി അഭിമുഖീകരിക്കുന്നതു പോംവഴി കണ്ടെത്താനാവാത്ത ഒരു പ്രതിസന്ധിയാണ്. 13 വര്‍ഷം തന്റെ ചൊല്‍പ്പടിയില്‍ നിര്‍ത്തിയ സംസ്ഥാനം എന്തേ ഇങ്ങനെയെന്നു മോദി അത്ഭുതപ്പെടുന്നുണ്ടാവും. മോദിയുടെ വ്യക്തിപ്രഭാവവും ഏകാധിപത്യപ്രവണതയുംതന്നെയാണു ഗുജറാത്തിനെ അടക്കിഭരിക്കാന്‍ സഹായിച്ചത്.
മോദിക്കു പകരമാവാന്‍ അത്തരമൊരാള്‍ ആ പാര്‍ട്ടിയുടെ ഗുജറാത്ത് ഘടകത്തിലില്ല. രാജിവച്ച ആനന്ദിബെന്നിനുപകരം അമിത്ഷായെ സ്ഥാനമേല്‍പ്പിച്ചാല്‍ സംസ്ഥാനം സുരക്ഷിതമായി നിലനിര്‍ത്താമെന്നു ബി.ജെ.പിക്കും മോദിക്കും അറിയാം. പക്ഷേ, പാര്‍ട്ടിയും മോദിയും അതിനു തുനിയാതിരുന്നതിനു കാരണം ദേശീയതലത്തില്‍ ഷായെ ആവശ്യമുള്ളതുകൊണ്ടാണ്.
ഗുജറാത്തില്‍ ബി.ജെ.പിയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത് ആനന്ദിബെന്നിനെ മുഖ്യമന്ത്രിപദം ഏല്‍പ്പിച്ചതോടെയാണ്. പ്രത്യക്ഷത്തിലില്ലെങ്കിലും പലര്‍ക്കും ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടായിരുന്നു.
2017 അവസാനം ഗുജറാത്ത് തെരഞ്ഞെടുപ്പിലേയ്ക്കു പോവുകയാണ്. അതു മുന്നില്‍ക്കണ്ടു പുതിയ മുഖ്യമന്ത്രിക്ക് ഏറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. പട്ടേല്‍ വിഭാഗത്തെ അനുനയിപ്പിക്കുകയാണു പ്രധാനം. അതിനു കഴിവും പ്രാപ്തിയുമുള്ള നേതാക്കള്‍ മോദിയും ഷായും തന്നെയാണ്. എങ്കിലും പകരക്കാരന്‍ വേണം. ശ്രമവും വേണം. ജയം നേടാന്‍ കോണ്‍ഗ്രസ് അത്രപോര. പിന്നീടുള്ളത് ആം ആദ്മിയാണ്. റാലികളുമായി മുന്നേറുന്ന അവര്‍ കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കിലാണ് വിള്ളലുണ്ടാക്കിയത്.
അസാധാരണം ആനന്ദിബെന്‍
കേഡര്‍ പാര്‍ട്ടിയായ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ആനന്ദിബെന്നിന്റെ രാജി കനത്ത പ്രഹരമാണ്. മോദിക്കുപകരം അവരെ മുഖ്യമന്ത്രിയാക്കിയതു സംസ്ഥാനം പാര്‍ട്ടിയുടെ ചൊല്‍പ്പടിക്കു നിര്‍ത്താന്‍ അവര്‍ക്കു കെല്‍പ്പുണ്ടെന്നു കരുതിത്തന്നെയാണ്. എന്നാല്‍, പാര്‍ട്ടിയോടുപോലും ആലോചിക്കാതെ രാജിവിവരം ഫേസ്ബുക്കിലൂടെ വിളംബരംചെയ്ത ആനന്ദിബെന്‍ പാര്‍ട്ടി വൃത്തങ്ങളെപ്പോലും ഞെട്ടിച്ചു. മാത്രമല്ല തനിക്ക് 76 വയസായെന്നു പറഞ്ഞ് ഒരു മുഴംമുന്നേ എറിഞ്ഞിരിക്കുന്നു ബെന്‍. വയസായതുകൊണ്ടാണു രാജിയെന്നാണു വിശദീകരണം. അതായത്, അടുത്ത മുഖ്യമന്ത്രി 75ല്‍താഴെ പ്രായമുള്ളയാളാവണം. ഇതു ബി.ജെ.പിക്കു തലവേദനതന്നെയാണ്.
അമിത് ഷായുടെ ധാര്‍ഷ്ട്യ നടപടികള്‍ ഗുജറാത്ത് ഘടകത്തിനു തീരെ ദഹിക്കുന്നില്ല. ഇപ്പോഴുണ്ടായിരിക്കുന്നതും അത്തരമൊരു പ്രതിസന്ധിയാണ്. പ്രതിസന്ധിയില്ലായിരുന്നെങ്കില്‍ ആനന്ദിബെന്‍ തുടര്‍ന്നേനേയെന്ന കാര്യത്തില്‍ സംശയമില്ല. സര്‍ക്കാര്‍ മേഖലയില്‍ 33 ശതമാനവും തദ്ദേശസ്ഥാപനങ്ങളില്‍ 50 ശതമാനവും വനിതാസംവരണം നടത്തി ശ്രദ്ധേയയായ ആനന്ദി ഒരു നല്ല ഭരണാധികാരിയെന്ന പേരു സമ്പാദിച്ചിരുന്നു. വിദ്യാഭ്യാസം, റവന്യൂ, വനിതാ ശിശുക്ഷേമം തുടങ്ങിയ വകുപ്പുകളും വിജയകരമായി കൈകാര്യംചെയ്‌തെങ്കിലും രാഷ്ട്രീയം അവര്‍ക്കു പിടികിട്ടുന്ന ഒന്നായിരുന്നില്ലെന്നുവേണം ഈ സംഭവവികാസങ്ങളില്‍നിന്നു മനസിലാക്കേണ്ടത്.
ശങ്കര്‍സിങ് വഗേലയെ പൂട്ടി
അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാകാനിടയുള്ള ഭീഷണി മുതിര്‍ന്ന നേതാവും ഗുജറാത്ത് നിയമസഭാ പ്രതിപക്ഷനേതാവുമായ ശങ്കര്‍സിങ് വഗേലയില്‍ നിന്നാവാമെന്നാണു കരുതിയിരുന്നത്. എന്നാല്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വഗേലയ്‌ക്കെതിരേ കേസെടുത്തിരിക്കുകയാണ്.
കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ത്രിയായിരിക്കേ മുംബൈയിലെ നാഷനല്‍ ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷന്‍ വ്യവസായ സ്ഥലം തുച്ഛമായ വിലയ്ക്കു വിതരണം നടത്തി 709.27 കോടി രൂപ ഖജനാവിനു നഷ്ടം വരുത്തിയെന്നാണു കേസ്. കഴിഞ്ഞവര്‍ഷം സി.ബി.ഐ രജിസ്റ്റര്‍ചെയ്ത കേസിന്റെ തുടര്‍ച്ചയാണിത്. കൊല്‍ക്കത്തയിലെ ഹാള്‍ ആന്‍ഡ് ആന്‍ഡേഴ്‌സണ് 29.35 കോടിയ്ക്കു കണ്ണായ സ്ഥലം നല്‍കിയെന്നും കള്ളപ്പണം വെളുപ്പിച്ചെന്നും കുറ്റപ്പെടുത്തുന്നു. ഗുജറാത്തിലെ ശക്തനായ ബി.ജെ.പിക്കാരനായിരുന്നു വഗേല. ഒരുകാലത്ത് ഗുജറാത്തില്‍ ബി.ജെ.പി എന്നതു വഗേലയായിരുന്നു.
തകര്‍ന്ന കോണ്‍ഗ്രസ്
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പോടെയാണു ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ പതനം പൂര്‍ണമായത്. പിന്നീട് ആ പാര്‍ട്ടിക്ക് കരകയറാനേ സാധിച്ചിട്ടില്ല. തദ്ദേശതെരഞ്ഞെടുപ്പിലെ വിജയം സംസ്ഥാനഘടകം ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും കേന്ദ്രനേതൃത്വത്തിനറിയാം അതു ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ പട്ടേല്‍വിഭാഗത്തിന്റെ സംഭാവനയാണെന്ന്. ഇപ്പോള്‍ ബി.ജെ.പിക്കു നേരിട്ട ഭംഗത്തിലും കോണ്‍ഗ്രസ് കാര്യമായ നേട്ടമുണ്ടാക്കുന്നില്ല. കാരണം അവര്‍ക്കതിനുള്ള ശേഷിപോലും നഷ്ടമായിരിക്കുന്നു.
അമിത് ഷാ ഏകാധിപതി
ബി.ജെ.പി അഖിലേന്ത്യാ പ്രസിഡന്റ് ആയതോടെ അമിത് ഷാ ഏകാധിപത്യപ്രവണതയിലേയ്ക്കു മാറി. അനിഷ്ടമെന്നു തോന്നിയാല്‍ എതിരഭിപ്രായം പറഞ്ഞയാള്‍ക്കു കനത്ത അടി നല്‍കുകയാണ് ഷായുടെ രീതി. ആനന്ദിബെന്നിനെ മോദിക്ക് ഇഷ്ടമാണെങ്കില്‍ ഷായ്ക്ക് അങ്ങനെയല്ല. ഷാ നല്‍കിയ നിര്‍ദേശങ്ങള്‍ അവര്‍ക്കു പാലിക്കാനായില്ല. പട്ടേല്‍ പ്രക്ഷോഭം അമര്‍ച്ചചെയ്യാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന ഷായുടെ ഉത്തരവ് ഒരു അധ്യാപികയായിരുന്ന ആനന്ദിബെന്നിന് ദഹിക്കുമായിരുന്നില്ല.
പട്ടേല്‍ വംശജയായ അവര്‍ക്ക് അങ്ങനെ ചെയ്യുന്നതിനു പരിധിയുമുണ്ട്. ഒടുവില്‍ പട്ടേല്‍സമരം അമര്‍ച്ച ചെയ്തതു വാഗ്ദാനങ്ങള്‍ നല്‍കിയാണ്. എന്നാല്‍, ആ വാഗ്ദാനങ്ങള്‍ ഉത്തരവായി നടപ്പാകുന്നതു വിളിച്ചറിയിച്ചതു ഷായുടെ ഉറ്റ അനുയായിയും സംസ്ഥാന ബി.ജെ.പി അധ്യക്ഷനുമായ വിജയ് രൂപാനിയായിരുന്നു. ആനന്ദിബെന്‍ പൂര്‍ണമായും ഒഴിവാക്കപ്പെട്ടു.
തുടര്‍ന്ന് അവരുടെ മകള്‍ ഉള്‍പ്പെട്ട ഒരു ഭൂമിയിടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണം പാര്‍ട്ടിക്കുള്ളിലും ഒച്ചപ്പാടുണ്ടാക്കി. ഇതും ഷായുടെ ഓപ്പറേഷനാണോയെന്നു ന്യായമായും അവര്‍ക്കു സംശയിക്കാം. അവസാനം പശുസംരക്ഷകരെന്ന പേരില്‍ ഉനയിലുണ്ടായ ദലിതര്‍ക്കെതിരേയുള്ള അക്രമസംഭവങ്ങള്‍. തലസ്ഥാനത്തു ദലിതര്‍ ഇതിനെതിരേ പ്രക്ഷോഭം നടത്തിയതോടെ ബി.ജെ.പിക്കു സ്ഥിതിഗതികള്‍ കൈവിട്ടുപോയി. ആനന്ദിബെന്നിനെ ബലികൊടുത്തു രാഷ്ട്രീയസ്ഥിതി തിരികെപ്പിടിപ്പിക്കാനാണു ബി.ജെപി ലക്ഷ്യം.
പട്ടേല്‍ പ്രക്ഷോഭം
ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ നടന്ന പട്ടേല്‍ സംവരണസമരമാണ് ഗുജറാത്ത് ഭരണത്തെ പ്രതിസന്ധിയിലാക്കിയത്. വിരലിലെണ്ണാവുന്ന ദിവസംകൊണ്ടാണു ഹാര്‍ദികിന്റെ പട്ടിദാര്‍ അനാമത് ആന്തോളന്‍ സമിതി ജനങ്ങളെ പാട്ടിലാക്കിയത്. ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാരിനു സമരം പൊളിച്ചടുക്കാന്‍ കഴിഞ്ഞു. ഹാര്‍ദികിനും മറ്റു പട്ടേല്‍ നേതാക്കള്‍ക്കുമെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഇതെല്ലാം പട്ടേല്‍ വിഭാഗത്തെ ചൊടിപ്പിച്ചു. ജനാധിപത്യ രാജ്യത്ത് കൈയൂക്കില്‍ കാര്യമില്ലെന്ന വസ്തുത അക്കമിട്ടു തെളിയുന്നതാണ് പിന്നെക്കണ്ടത്. തദ്ദേശതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു കനത്തപ്രഹരം. കോണ്‍ഗ്രസ് അത്ഭുതകരമായി തിരിച്ചുവന്നതു പട്ടേല്‍ വംശത്തിന്റെ പ്രതികാരമായിരുന്നു.
കെ.എച്ച്.എ.എമ്മുമായി ചേര്‍ന്നുള്ള കോണ്‍ഗ്രസിന്റെ ഏകപക്ഷീയഭരണത്തിന് അന്ത്യം കുറിക്കാന്‍ ബി.ജെ.പി കൂട്ടുപിടിച്ചതു പട്ടേല്‍വിഭാഗത്തെയാണ്. അവരെ അകറ്റുന്നത് ബി.ജെ.പിയെ തോല്‍വിയിലേയ്ക്കു നയിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഗുജറാത്തില്‍ 14 ശതമാനമാണു പട്ടേല്‍ വിഭാഗം. അതുകൊണ്ടുതന്നെ ബി.ജെ.പി മന്ത്രിസഭയില്‍ ഏഴുപേര്‍ ഈ വിഭാഗക്കാരുമാണ്. എന്നിട്ടും അവരുടെ സമരത്തെ ഫലപ്രദമായി നേരിടാന്‍ കഴിഞ്ഞില്ലെന്നതു ന്യൂനതയാണ്.
ദലിത് പ്രക്ഷോഭം
ഗുജറാത്തിലെ ദലിതുകള്‍ പരമ്പരാഗതമായി കോണ്‍ഗ്രസ് വോട്ടുബാങ്കാണ്. ഏഴുശതമാനമാണിവര്‍. അതുകൊണ്ടുതന്നെ ഉനയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ദലിത് പ്രക്ഷോഭം പാര്‍ട്ടിയുടെ ഗുജറാത്ത് തെരഞ്ഞെടുപ്പ് സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കില്ല. പക്ഷേ, രാജ്യം ഉറ്റുനോക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കനത്ത ആഘാതം വിതയ്ക്കാന്‍ അതിനാവും. മഹാഹിന്ദുസഖ്യമെന്ന ബി.ജെ.പി പ്രക്രിയക്ക് അതു തടയിടുകയും ചെയ്യും. ഇതുകാരണമാണു പ്രതിപക്ഷ കക്ഷികള്‍ ഗുജറാത്തിലെ ദലിത് പ്രശ്‌നം ഉത്തര്‍പ്രദേശില്‍ പ്രചാരണായുധമാക്കുന്നത്. ഗുജറാത്തിലെ ബി.ജെ.പിക്കു വരുന്ന മൂന്നുനാലുമാസങ്ങള്‍ നിര്‍ണായകമാണ്. പുതിയ മുഖ്യമന്ത്രിയെ കാത്തിരിക്കുന്നതു വെല്ലുവിളികള്‍ മാത്രവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."