വോളി അസോസിയേഷന്റെ വെല്ലുവിളി; കര്‍ശന നടപടിക്കൊരുങ്ങി സ്‌പോര്‍ട്‌സ് കൗണ്‍സില്‍
കോഴിക്കോട്: വോളി അസോസിയേഷന്റെ വെല്ലുവിളിയെ ശക്തമായി നേരിടാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒരുങ്ങുന്നു. ക്രമക്കേടുകളുടെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ടവര്‍ ഭാരവാഹിസ്ഥാനത്തേക്ക് സ്വയം അവരോധിക്കപ്പെട്ടതോടെയാണ് സര്‍ക്കാരും സ്‌പോര്‍ട്‌സ് കൗണ്‍സിലും വോളി അസോസിയേഷനെതിരേ ശക്തമായ നടപടിക്ക് ഒരുങ്ങുന്നത്.
ബൈലോ ഭേദഗതി ചെയ്യാന്‍ കഴിഞ്ഞ ദിവസം എറണാകുളത്ത് വിളിച്ചു ചേര്‍ത്ത ജനറല്‍ ബോഡി യോഗത്തില്‍ വീണ്ടും പ്രസിഡന്റും സെക്രട്ടറിയുമായി ചാര്‍ളി ജേക്കബും പ്രൊഫ. നാലകത്ത് ബഷീറും അവരോധിതരായിരുന്നു. സംസ്ഥാന, ജില്ലാ അസോസിയേഷന്‍ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ ക്രമക്കേടുകളെ തുടര്‍ന്നാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വോളി അസോസിയേഷന്റെ അംഗീകാരം നേരത്തെ റദ്ദാക്കിയത്. പ്രശ്‌ന പരിഹാരമെന്ന നിലയിലാണ് പ്രസിഡന്റ് ചാര്‍ളി ജേക്കബും സെക്രട്ടറി നാലകത്ത് ബഷീറും ഭാരവാഹിത്വത്തില്‍നിന്ന് മാറി നിന്നത്. ഒരു വര്‍ഷം പിന്നിട്ടതോടെ ഇരുവരും നിലവിലെ സെക്രട്ടറി ഇന്‍ ചാര്‍ജിനെയും പ്രസിഡന്റ് ഇന്‍ ചാര്‍ജിനെയും നീക്കിയാണ് പദവികളിലേക്ക് തിരികെ വന്നത്. വോളിബോള്‍ അസോസിയേഷന്റെ നടപടി ധിക്കാരപരമാണെന്ന വിലയിരുത്തലിലാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍.
വോളി അസോസിയേഷന്റെ നീക്കത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍ ഉള്‍പ്പെടെ കടുത്ത അമര്‍ഷത്തിലാണ്. വോളി അസോസിയേഷന്റെ തീരുമാനത്തിന് നിയമപരമായ പിന്‍ബലമില്ലെന്ന നിലപാടിലാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍.
വോളി അസോസിയേഷന്റെ നടപടി ചര്‍ച്ച ചെയ്യാന്‍ 28ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ വോളി അസോസിയേഷനെതിരായ നടപടി ചര്‍ച്ച ചെയ്തു തീരുമാനിക്കും. സര്‍ക്കാരിനെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിനെയും കളിക്കാരെയും വെല്ലുവിളിക്കുന്ന നിലപാട് തിരുത്താന്‍ വോളി അസോസിയേഷന്‍ തയാറായില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകും.
വോളി അസോസിയേഷനുമായി ബന്ധപ്പെട്ടു കേരളത്തില്‍ ഇനി മുതല്‍ നടക്കുന്ന ഒരു ചാംപ്യന്‍ഷിപ്പിനും അംഗീകാരം നല്‍കില്ലെന്ന നിലപാടിലേക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍ എത്തിയിട്ടുണ്ട്.
സര്‍ട്ടിഫിക്കറ്റും ഗ്രേസ്മാര്‍ക്കും പ്രൈസ് മണിയും ഇനിമുതല്‍ കളിക്കാര്‍ക്ക് നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സിലിനെയും സര്‍ക്കാരിനെയും വെല്ലുവിളിച്ച് വോളി അസോസിയേഷന്‍ തന്നിഷ്ടം പോലെ നീങ്ങുന്നത് താരങ്ങളെയാണ് ബാധിക്കുക.
നടപടികള്‍ കര്‍ശനമാക്കുന്നതോടെ വോളി അസോസിയേഷനെതിരേ താരങ്ങള്‍ക്ക് തന്നെ രംഗത്തിറങ്ങേണ്ടി വരും. കൗണ്‍സില്‍ ആക്ടിന് വിരുദ്ധമായി എല്ലാ അധികാരങ്ങളോടെയും സ്റ്റിയറിങ് കമ്മിറ്റിയെയും ചെയര്‍മാനെയും നിയമിക്കുന്നതും ചോദ്യം ചെയ്യപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."