കുല്‍ഭൂഷണ്‍ ജാധവ് കേസില്‍ വിയന്ന ഉടമ്പടി പാകിസ്താന്‍ ലംഘിച്ചെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി
ദില്ലി: പാക് സുരക്ഷാ ഏജന്‍സികള്‍ ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്ത കുല്‍ഭൂഷണ്‍ ജാധവ് കേസില്‍ പാകിസ്താന്‍ വിയന്ന ഉടമ്പടി ലംഘിച്ചെന്ന് വീണ്ടും അന്താരാഷ്ട്ര നീതിന്യായ കോടതി. ഐ.സി.ജെ അധ്യക്ഷന്‍ ജസ്റ്റിസ് അബ്ദുള്‍ഖാവി അഹമ്മദ് യൂസഫാണ് ഐക്യരാഷ്ട്രസഭയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യം പറയുന്നത്. പാകിസ്താന്‍ പരിഹാര നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജസ്റ്റിസ് അബ്ദുള്‍ഖാവി അഹമ്മദ് യൂസഫ് പറഞ്ഞു.
ജൂലൈയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി പുറപ്പെടുവിച്ച വിധി ഇന്ത്യാ പാകിസ്താന്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ സഹായിച്ചെന്നും ജസ്റ്റിസ് യൂസഫ് പറഞ്ഞു. യു.എന്‍ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ഇങ്ങനെ പ്രതികരിച്ചത്. ഐ.സി.ജെ വിധിയുടെ പശ്ചാത്തലത്തില്‍ കുല്‍ഭൂഷണ്‍ ജാധവിനെ കാണാന്‍ പാകിസ്താന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അനുവദിച്ചിരുന്നു. എന്നാല്‍, അന്താരാഷ്ട്ര നിയമം ലംഘിച്ച് കുല്‍ഭൂഷണ്‍ ജാധവിന് മേല്‍ പാകിസ്താന്‍ കടുത്ത സമ്മര്‍ദം ചെലുത്തുന്നു എന്നായിരുന്നു ഇന്ത്യയുടെ ആരോപണം.
2016 മാര്‍ച്ച് 3-നാണ് ചാരപ്രവൃത്തി ആരോപിച്ച് കുല്‍ഭൂഷണ്‍ ജാധവിനെ അറസ്റ്റ് ചെയ്യുന്നത്. 2017ല്‍ പാക് പട്ടാളക്കോടതി ജാദവ് കുറ്റക്കാരനെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."