പ്രവാസികള്‍ക്ക് നിയമ സഹായത്തിന് ലെയ്‌സണ്‍ ഓഫിസര്‍മാരെ നിയമിക്കാന്‍ നടപടി തുടങ്ങി
മലപ്പുറം: വിദേശരാജ്യങ്ങളില്‍ നിയമക്കുരുക്കുകളിലകപ്പെട്ട മലയാളികളായ പ്രവാസികള്‍ക്കു നിയമസഹായം നല്‍കുന്നതിനു ലീഗല്‍ ലെയ്‌സണ്‍ ഓഫിസര്‍മാരെ നിയമിക്കാനുള്ള നടപടികള്‍ക്കു തുടക്കമായി. പ്രവാസി മലയാളികളുടെ സംഘടനകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനുള്ള മാര്‍ഗരേഖ നിശ്ചയിച്ചുകൊണ്ട് നോര്‍ക്ക ഉത്തരവിറക്കി.
വിസ, തൊഴില്‍, സാമൂഹ്യപ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടനിയമക്കുരുക്കിലകപ്പെട്ട പ്രവാസികള്‍ക്കു സഹായം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജി.സി.സി രാഷ്ട്രങ്ങളിലും ഇറാഖിലും മറ്റുമാണ് ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന മലയാളികള്‍ അധികമുള്ളത്.
ഈ മേഖലയ്ക്കു പ്രാധാന്യം നല്‍കിക്കൊണ്ടായിരിക്കും പദ്ധതിയുടെ പ്രവര്‍ത്തനം. കേസുകള്‍ നടത്താനും തൊഴില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ക്ക് അതു ലഭിക്കാന്‍ പരാതി സമര്‍പ്പിക്കാനും ഗുരുതരമായ കേസുകളിലകപ്പെട്ടവര്‍ക്കു ദയാഹരജി നല്‍കാനുമൊക്കെ ലെയ്‌സണ്‍ ഓഫിസര്‍മാര്‍ വഴി നിയമസഹായം ലഭിക്കും. പദ്ധതിയുടെ ഭാഗമായി വിദേശരാജ്യങ്ങളിലെ മലയാളി സംഘടനകളുമായി സഹകരിച്ച് പ്രവാസികള്‍ക്ക് നിയമ ബോധവല്‍കരണ ക്ലാസുകളും സംഘടിപ്പിക്കും. കേസ് നടത്തിപ്പിന് ദ്വിഭാഷിയുടെ സഹായം ആവശ്യമുള്ളവര്‍ക്ക് അതും ലഭ്യമാക്കും. സാധ്യമായ മറ്റു നിയമകാര്യങ്ങളിലും സഹായം ലഭ്യമാക്കും. സാധുവായ പാസ്‌പോര്‍ട്ട് ഉള്ളവരും തൊഴില്‍ വിസയിലോ സന്ദര്‍ശന വിസയിലോ വിദേശരാജ്യങ്ങളില്‍ എത്തിയവരുമായ മലയാളികള്‍ക്കായിരിക്കും സഹായം ലഭിക്കുക. കൂടാതെ അവിടെ ജയിലുകളില്‍ കഴിയുന്ന പ്രവാസികളുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടാലും നിയമസഹായം ലഭ്യമാക്കും.
കേരളത്തില്‍ താമസിക്കുന്നവരും മലയാളത്തിലും ബന്ധപ്പെട്ട രാജ്യത്തെ പ്രാദേശിക ഭാഷയിലും പ്രാവീണ്യമുള്ള അഭിഭാഷകരായിരിക്കും ലെയ്‌സണ്‍ ഓഫിസര്‍മാരായി നിയമിക്കുക. ഇവര്‍ കേരളത്തില്‍ ചുരുങ്ങിയത് രണ്ടു വര്‍ഷം അഭിഭാഷകരായി പ്രവര്‍ത്തിച്ചവരും ബന്ധപ്പെട്ട വിദേശരാജ്യങ്ങളിലെ കേസുകള്‍ കൈകാര്യം ചെയ്തു പരിചയമുള്ളവരുമായിരിക്കണം. ബന്ധപ്പെട്ട രാജ്യങ്ങളില്‍ ഏതെങ്കിലും നിയമസ്ഥാപനത്തില്‍ രണ്ടു വര്‍ഷമെങ്കിലും പ്രവര്‍ത്തിച്ചവരുമാവണം. നോര്‍ക്ക സി.ഇ.ഒയും ആഭ്യന്തര, നിയമ, നോര്‍ക്ക വകുപ്പ് സെക്രട്ടറിമാര്‍ അല്ലെങ്കില്‍ അവര്‍ നിയോഗിക്കുന്ന പ്രതിനിധികള്‍ എന്നിവരും ഉള്‍പ്പെട്ട സെലക്്ഷന്‍ കമ്മിറ്റിയായിരിക്കും ലെയ്‌സണ്‍ ഓഫിസര്‍മാരെ നിയമിക്കുക. അപേക്ഷ ക്ഷണിച്ചായിരിക്കും നിയമനം.
നിയമിക്കപ്പെടുന്നവര്‍ക്കുള്ള പ്രതിഫലം നിശ്ചയിക്കുന്നതും സെലക്്ഷന്‍ കമ്മിറ്റിയായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവരുടെ പേരുവിവരം സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ വഴിയും പത്രങ്ങള്‍ വഴിയും പരസ്യപ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."