നിലമ്പൂര്‍ വെടിവയ്പ്പ്: രക്തസാക്ഷിത്വദിനാചരണം നടത്തുമെന്ന് മുന്നറിയിപ്പ്
മാനന്തവാടി: നിലമ്പൂര്‍ വെടിവയ്പ്പിന്റെ രണ്ടാം രക്തസാക്ഷിത്വ ദിനം മാവോവാദികള്‍ ആചരിക്കുമെന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ വയനാട്ടില്‍ കനത്ത സുരക്ഷ.
2016 നവംബര്‍ 24നാണ് നിലമ്പൂര്‍ കരുളയി വനമേഖലയില്‍ പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ മാവോവാദി നേതാക്കളായ കുപ്പുദേവരാജും, അജിതയും കൊല്ലപ്പെട്ടത്. ഇവരുടെ രക്തസാക്ഷിത്വം ആചരിക്കാനായി ഒന്‍പതംഗ മാവോവാദി സംഘം നിലമ്പൂരില്‍ തമ്പടിച്ചിരിക്കുന്നതായി വിവരം ലഭിച്ചിരുന്നു.
മാവോവാദികളുടെ പ്രവര്‍ത്തനമേഖലയായ വയനാട്ടിലും ദിനാചരണം നടക്കാന്‍ സാധ്യത ഏറെ ഉള്ളതിനാലാണ് സുരക്ഷാ സംവിധാനം ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി എല്ലാ പൊലിസ് സ്റ്റേഷനുകളിലും മണല്‍ചാക്കുകള്‍ സ്ഥാപിച്ചു. കൂടാതെ വനം വകുപ്പും പൊലിസും വെവേറെ വനമേഖലയില്‍ പരിശോധനകള്‍ കര്‍ശനമാക്കി.
കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തി മേഖലകളിലും വാഹന പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്.
തണ്ടര്‍ബോള്‍ട്ടും ആന്റി നക്‌സല്‍ സ്‌ക്വാഡും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വൈത്തിരി, പടിഞ്ഞാറെത്തറ പൊലിസ് സ്റ്റേഷന്‍ പരിധികളില്‍ നിരവധി തവണ ആയുധ ധാരികളായ മാവോസംഘം എത്തുകയും പ്രചാരണം നടത്തുകയും ചെയ്തിരുന്നു.
കോഴിക്കോട് വയനാട് ജില്ലാ അതിര്‍ത്തികേന്ദ്രീകരിച്ച് നാടുകാണി ചുരം ദളത്തിന്റെ കീഴില്‍ മാവോവാദി പ്രവര്‍ത്തനം സജീവമാണെന്നാണ് പൊലിസ് നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."