റേഷന്‍ കാര്‍ഡ്: അനര്‍ഹര്‍ അകത്തുതന്നെ
അരീക്കോട്: ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ റേഷന്‍ കാര്‍ഡ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭാഗികമായി വിതരണം നടത്തിയെങ്കിലും അനര്‍ഹരെ ഒഴിവാക്കാന്‍ നടപടിയില്ല. നീല, പിങ്ക്, മഞ്ഞ, വെള്ള നിറങ്ങളില്‍ വിവിധ കാറ്റഗറികളാക്കി നാലുതരം കാര്‍ഡുകളാണ് വിതരണം നടത്തിയത്. ഇവ വിതരണം ചെയ്ത ഭാഗങ്ങളില്‍ അനര്‍ഹര്‍ ഏറെയുള്ളതായി ആക്ഷേപമുയരുന്നുണ്ട്.
കൃത്യമായ സര്‍വേയുടെ അടിസ്ഥാനത്തിലാണ് അപേക്ഷ പൂരിപ്പിച്ചിരുന്നത്. പരിഗണനാര്‍ഹര്‍ക്കും അല്ലാത്തവര്‍ക്കും പ്രത്യേക മാനദണ്ഡം നിര്‍ദേശിച്ചിരുന്നു. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍, ആദായ നികുതി അടക്കുന്നവര്‍, നാലുചക്ര വാഹനമുള്ളവര്‍, ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍, ആയിരം സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള വീടുള്ളവര്‍, ഇരുപത്തയ്യായിരം രൂപ പ്രതിമാസ വരുമാനമുള്ളവര്‍ എന്നിവരെ ഒഴിവാക്കണമെന്ന നിര്‍ദേശം പലയിടങ്ങളിലും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ജില്ലയില്‍ ജനുവരി ആദ്യത്തില്‍ അനര്‍ഹരായ 5,226 പേരെ നീക്കംചെയ്തിരുന്നു. ഇതിനു പുറമേ, 2,379 പേര്‍ മുന്‍ഗണനാ പട്ടികയില്‍നിന്നു സ്വയം ഒഴിഞ്ഞുപോകുകയും അനര്‍ഹരായ 9,467 പേര്‍ ഇടംപിടിക്കുകയും ചെയ്തു. സര്‍ക്കാര്‍ ആദ്യം പുറത്തിറക്കിയ പരിഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത അര്‍ഹരായവരെ ചേര്‍ക്കാന്‍ താലൂക്ക് ആസ്ഥാനത്ത് ഹിയറിങ് നടത്തുകയും പിന്നീട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അന്തിമ ലിസ്റ്റ് അംഗീകരിച്ചു നല്‍കേണ്ട ചുമതല നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍, ലിസ്റ്റില്‍ ഇല്ലാത്തവരെ ഉള്‍പ്പെടുത്താന്‍ ഗ്രാമസഭകള്‍ക്കു കഴിഞ്ഞിരുന്നില്ല. അനര്‍ഹരായവരുടെ പേര് കണ്ടെത്തി നീക്കംചെയ്യാനായിരുന്നു നിര്‍ദേശമെങ്കിലും ഗ്രാമസഭകളില്‍ പ്രാദേശിക രാഷ്ടീയ നേതൃത്വം അനര്‍ഹരായവരെക്കൂടി പരിഗണിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഗ്രാമസഭകളില്‍ അനര്‍ഹരെ പുറത്താക്കാനുള്ള ചര്‍ച്ച വന്നിരുന്നെങ്കിലും അതു മുഖവിലയ്‌ക്കെടുക്കാതെ പലരും തങ്ങളെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചാവേദിയായി ഗ്രാമസഭയെ മാറ്റുകയായിരുന്നു. ജൂലൈയോടെ കാര്‍ഡ് വിതരണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."