സൗജന്യ സര്‍വിസിനു 60 ബസുകള്‍
കണ്ണൂര്‍: രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടന പരിപാടിക്കെത്തുന്നവരെ വിമാനത്താവളത്തില്‍ എത്തിക്കാന്‍ 60 ബസുകള്‍ സര്‍ക്കുലര്‍ സര്‍വിസ് നടത്തും. മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഉദ്ഘാടന ദിവസം ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായി സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. കിയാലിന്റെ പാസുള്ള സ്വകാര്യ വാഹനങ്ങള്‍ മാത്രമേ വിമാനത്താവള പരിസരത്തേക്കു കടത്തിവിടൂ.
പാര്‍ക്കിങ് പോയിന്റില്‍നിന്ന് പ്രത്യേക ബസുകള്‍ ഏര്‍പ്പെടുത്തി യാത്രക്കാരെ വിമാനത്താവളത്തിലെത്തിക്കും. കണ്ണൂര്‍, തലശ്ശേരി ഭാഗങ്ങളില്‍നിന്ന് വരുന്ന സ്വകാര്യ വാഹനങ്ങള്‍ പനയത്താംപറമ്പിലും ഇരിട്ടി ഭാഗത്തുനിന്ന് വരുന്നവ മട്ടന്നൂര്‍ ഹൈസ്‌കൂള്‍, പോളിടെക്‌നിക്ക് എന്നിവിടങ്ങളിലും പാര്‍ക്ക് ചെയ്യണം. ഇവിടെ നിന്നും മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും ആളുകളെ പ്രത്യേക ബസുകളിലായിരിക്കും വിമാനത്താവളത്തിലേക്ക് എത്തിക്കുക. ഇതിനായി 40 കെ.എസ്.ആര്‍.ടി.സി ബസുകളും 20 സ്വകാര്യ ബസുകളും ഉപയോഗിക്കാനാണ് യോഗത്തില്‍ ധാരണയായത്. വായാന്തോട് നിന്നു നാല്‍പതും മറ്റു രണ്ടു പോയന്റില്‍ നിന്നു 10 വീതവും ബസുകളായിരിക്കും സര്‍ക്കുലര്‍ സര്‍വിസ് നടത്തുക.
അഞ്ചുമിനിറ്റ് ഇടവിട്ട് ബസ് സര്‍വിസ് ഉണ്ടാകും. ഇതിനു യാത്രക്കാരില്‍ നിന്ന് ചാര്‍ജ് ഈടാക്കില്ല. രാവിലെ ഏഴുമുതല്‍ 10 വരെയും ഉദ്ഘാടനം കഴിഞ്ഞ് തിരിച്ചും സൗജന്യ ബസ് സര്‍വിസ് ഉണ്ടാകും. ബസ് സര്‍വിസിന്റെയും പൊതുവായ ഗതാഗത ക്രമീകരണത്തിന്റെയും വിശദാംശം പൊലിസ് തയാറാക്കി നല്‍കണമെന്നും യോഗം നിര്‍ദേശിച്ചു. ഉദ്ഘാടനം കഴിഞ്ഞ് പൊതുജനങ്ങളും വാഹനങ്ങളും പൂര്‍ണമായി പോയി കഴിയുന്നതുവരെ ഗതാഗത ക്രമീകരണവും പൊലിസ് മേല്‍നോട്ടവും ഉണ്ടാകണമെന്നും നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."