പാലറിവ്
ഡയറിഫാം
ക്ഷീരവ്യവസായം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവയാണ് ഡയറിഫാമുകള്‍. അത്യുല്‍പാദന ശേഷിയുള്ള പശുക്കളെ വളര്‍ത്തി പാല്‍ ശേഖരിച്ച് സംസ്‌കരിച്ച് വിപണനം നടത്തുന്നവയാണിവ.
ആധുനിക ഡയറി ഫാമുകളില്‍ കറവയന്ത്രമുപയോഗിച്ച് കൃത്യമായി ഇടവേളകളില്‍ പശുക്കളെ കറന്ന് പാലെടുക്കുന്നു. പൂര്‍ണമായും അണുവിമുക്തമായ പാല്‍ ലഭ്യമാക്കാന്‍ ഫാമുകള്‍ ശ്രദ്ധിക്കുന്നു. പശുവിന് പോഷകസമ്പൂര്‍ണമായ ആഹാരം നല്‍കാനും ഫാം കര്‍ഷകര്‍ ശ്രദ്ധചെലുത്തുന്നു. ചൂടും തണുപ്പും ക്രമീകരിച്ച തൊഴുത്തുകള്‍ ആധുനിക ഫാമുകളിലുണ്ട്. സര്‍ക്കാര്‍ സ്വകാര്യമേഖലകളില്‍ ഡയറി ഫാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വികസിത രാജ്യങ്ങളില്‍ ഡയറി ഫാമുകള്‍ക്കുമേല്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഉണ്ട്. അവിടത്തെ ശുചിത്വവും മറ്റും കൃത്യമായ ഇടവേളകളില്‍ പരിശോധിക്കാനുള്ള സംവിധാനവുമുണ്ട്.
ക്ഷീരസഹകരണ
സംഘത്തെ അറിയാം
നിങ്ങളുടെ നാട്ടിലും ക്ഷീരസഹകരണ സംഘങ്ങളില്ലേ? ഒരു പ്രദേശത്തെ ക്ഷീരകര്‍ഷകരുടെ സംഘമാണ് പ്രാഥമിക ക്ഷീരസഹകരണ സംഘം. ക്ഷീരകര്‍ഷകരില്‍ നിന്ന് പാല്‍ ശേഖരിക്കുന്നു. വിപണനം നടത്തുന്നു. കാലിത്തീറ്റയും പശുക്കള്‍ക്കുള്ള മരുന്നുകളും മറ്റും ന്യായമായ വിലയ്ക്ക് എത്തിക്കുന്നു. കാലികള്‍ക്കുണ്ടാകുന്ന രോഗങ്ങളെപ്പറ്റിയും ആധുനിക കാലിവളര്‍ത്തുരീതികളെപ്പറ്റിയും അംഗങ്ങളെ ബോധവാന്മാരാക്കുന്നു. അതിനായി സെമിനാറുകള്‍ നടത്തുന്നു. വിപണനം ചെയ്ത ശേഷം ബാക്കി വരുന്ന പാല്‍ ഉപയോഗിച്ച് ചെറു വ്യവസായങ്ങള്‍ നടത്തുന്നു. നാട്ടിലെ ക്ഷീര സഹകരണ സംഘം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങളെ അറിയൂ.
പാലിലെ ഘടകങ്ങള്‍
പാല്‍ ഒരു സമീകൃതാഹാരമാണെന്ന് അറിയാമല്ലോ. പക്ഷേ അതിലെന്തൊക്കെ ഘടകങ്ങളുണ്ടെന്നറിയാമോ? പശുവിന്‍ പാലില്‍ 87 ശതമാനം വെള്ളമാണ്. ബാക്കി 13 ശതമാനം ഖരപദാര്‍ഥങ്ങളാണ്. അതു മുഴുവനും പോഷകഗുണമുള്ള പദാര്‍ഥങ്ങളാണ്. അവയേതൊക്കെയെന്നോ? പ്രോട്ടീനുകള്‍, പഞ്ചസാര, ധാതുക്കള്‍, വിറ്റാമിനുകള്‍ എന്നിവയാണ്. പാലിലെ ധാന്യകമാണ് മില്‍ക്ക് ഷുഗര്‍.
പാലുത്പന്നങ്ങള്‍
നെയ്യ്, തൈര് തുടങ്ങിയവ പാലില്‍ നിന്നും എടുക്കുന്നവയാണ്. അല്ലെങ്കില്‍ പാലുത്പന്നങ്ങളാണ്. വേറെ എന്തൊക്കെ ഉത്പന്നങ്ങളാണുള്ളത്? വെണ്ണ, പാല്‍ക്കട്ടി, തൈര്, മോര്, ക്രീം, യോഗ്‌ഹോര്‍ട്ട്, ഐസ്‌ക്രീം, പാല്‍പ്പൊടി, സോര്‍ക്രീം, പാടനീക്കി കൊഴുപ്പു കുറച്ച പാല്‍ തുടങ്ങി അനേകം ഉത്പന്നങ്ങള്‍ പാലില്‍ നിന്നുണ്ടാക്കാം.
യോഗ്ഹര്‍ട്ട്
പാടനീക്കിയ പാലും കൊഴുപ്പ് ഒട്ടും ഇല്ലാത്ത പാലും ചേര്‍ക്കുന്നു. അതില്‍ സുഗന്ധം, രുചി എന്നിവയ്ക്കായുള്ള പദാര്‍ഥങ്ങളും ചേര്‍ക്കുന്നു. ഒപ്പം പുളിപ്പിക്കാനുള്ള പദാര്‍ഥങ്ങളും ഇങ്ങനെയുണ്ടാക്കുന്ന തൈര് തണുപ്പിച്ച് അതില്‍ പഴങ്ങളും പഞ്ചസാരയും ചേര്‍ത്ത് ഉപയോഗിക്കുന്നു.
സോര്‍ക്രീം
ക്രീമില്‍ അമ്ലരസമുണ്ടാക്കുന്ന യീസ്റ്റ് നിക്ഷേപിക്കുന്നു. ആവശ്യത്തിന് പുളിവരുത്തിയശേഷം തണുപ്പിച്ചുപയോഗിക്കുന്നു.
പാല്‍ പതഞ്ഞുപൊങ്ങുന്നതെന്തുകൊണ്ട്
പാല്‍ തിളപ്പിക്കുമ്പോള്‍ പതഞ്ഞുപൊങ്ങുന്നു. എന്തുകൊണ്ടാണത്? അതിനുള്ളിലെ കൊഴുപ്പ് അടക്കമുള്ള ഘടകങ്ങള്‍ പാലിനു മുകളില്‍ ഒരു പാട സൃഷ്ടിക്കും. ഒപ്പം പാലിലെ വെള്ളം നീരാവിയായി മുകളിലേക്കുയരും. പാടയുള്ളതിനാല്‍ നീരാവിക്ക് മുകളിലേക്ക് പോകാന്‍ കഴിയില്ല.
അതുകൊണ്ട് നീരാവി പാടയെ മുകളിലേക്ക് ഉയര്‍ത്തുന്നു. എന്നാല്‍ സ്പൂണ്‍കൊണ്ടിളക്കിയാലോ? പാടയില്‍ വിടവുണ്ടാകും. നീരാവി വിടവിലൂടെ രക്ഷപ്പെടും. പാല്‍ താഴ്ന്നു പോകും.
മില്‍മ
കേരളത്തിലെ ആറുലക്ഷത്തോളം ക്ഷീരകര്‍ഷകര്‍ അംഗങ്ങളായുള്ള പ്രാഥമിക സഹകരണ സംഘങ്ങളുടെ ഫെഡറേഷനാണ് കേരള കോ.ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ എന്ന മില്‍മ. ഇന്ന് കേരളത്തിലെങ്ങും വ്യാപിച്ചു കിടക്കുന്ന ശൃംഖലയാണിത്. ആധുനിക സംസ്‌കരണ സംവിധാനമുപയോഗിച്ചാണ് മില്‍മ പാല്‍ സംസ്‌കരിക്കുന്നത്.
ഡോ.വര്‍ഗീസ് കുര്യന്‍
ഡോ.വര്‍ഗീസ് കുര്യന്‍ ഇന്ത്യയിലെ ധവളവിപ്ലവത്തിന്റെ പിതാവായാണ് അറിയപ്പെടുന്നത്. എന്‍ജിനീയറും പ്രശസ്തനായ സാമൂഹിക സംരംഭകനുമായിരുന്ന അദ്ദേഹം 1921 നവംബര്‍ 26നാണ് ജനിച്ചത്. ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ പാല്‍ ഉത്പാദക രാജ്യമായി മാറ്റിയതില്‍ സുപ്രധാന പങ്കാണ് അദ്ദേഹം വഹിച്ചത്. ഇന്ത്യന്‍ ക്ഷീര വികസന ബോര്‍ഡിന്റെ സ്ഥാപകനും ആദ്യ ചെയര്‍മാനുമാണ്. ഗുജറാത്ത് സഹകരണ ക്ഷീര വിപണന സംഘത്തിന്റെ ചെയര്‍മാനായി ഇദ്ദേഹം 34 വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ പാല്‍ക്കാരന്‍ എന്ന വിശേഷണവും അദ്ദേഹത്തിന് നേടിക്കൊടുത്തു.
കര്‍ഷകരുടെ ഉടമസ്ഥതയില്‍ മുപ്പതോളം സ്ഥാപനങ്ങള്‍ ആരംഭിച്ചു. മികച്ച രീതിയിലുള്ള ഭരണനിര്‍വഹണം ഓരോ സ്ഥാപനങ്ങളേയും മുന്‍ നിരയിലെത്തിച്ചു. അമുല്‍ എന്ന തുടക്ക കമ്പനിയെ ലോകവിപണിയുടെ മുന്‍ നിരയിലെത്തിച്ചതും ആ കഠിനപ്രയത്‌നഫലമായാണ്. അമുലിന്റെ വിജയം രാജ്യത്തൊട്ടാകെ ആവര്‍ത്തിക്കാന്‍ പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രി കുര്യനെ നാഷനല്‍ ഡയറി ഡെവലപ്പ്‌മെന്റ് ബോര്‍ഡിന്റെ ചെയര്‍മാനാക്കി. ഗുജറാത്ത് കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ്ങ് ഫെഡറേഷന്‍ ലോകത്തിലെ മികച്ച സഹകരണ സംരംഭമായി കണക്കാക്കപ്പെടുന്നു.
പത്മവിഭൂഷണ്‍, പത്മശ്രീ, പത്മഭൂഷണ്‍ എന്നീ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ച അദ്ദേഹത്തിന് 1989 ലെ വേള്‍ഡ് ഫുഡ് പ്രൈസ് ലഭിച്ചു. 1963 ല്‍ മാഗ്‌സസെ അവാര്‍ഡ് ലഭിച്ചു.
2012 സെപ്റ്റംബര്‍ ഒന്‍പതിന് മരണമടഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."