കുടിയേറ്റ വിധിയെച്ചൊല്ലി ട്രംപ്-ചീഫ് ജസ്റ്റിസ് വാക്‌പോര്
വാഷിങ്ടണ്‍: കുടിയേറ്റവുമായി ബന്ധപ്പെട്ട കോടതി വിധിക്കു പിന്നാലെ അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ടും തമ്മില്‍ വാക്‌പോര്. അനധികൃതമായി രാജ്യത്തേക്കു കുടിയേറിയവര്‍ക്ക് അഭയം റദ്ദാക്കുന്ന ഭരണകൂട നടപടി താല്‍ക്കാലികമായി സ്റ്റേ ചെയ്തതിനു പിന്നാലെയാണ് ജഡ്ജിമാര്‍ക്കെതിരേ ട്രംപ് രംഗത്തെത്തിയത്.
ജഡ്ജിമാര്‍ രാജ്യത്തെ ഭദ്രമല്ലാത്ത അവസ്ഥയിലേക്കാണ് നയിക്കുന്നതെന്നു ട്രംപ് ആരോപിച്ചു. അതിര്‍ത്തിയിലോ മറ്റു സ്ഥലങ്ങളിലോ ഉള്ള സുരക്ഷയ്ക്കായി ജഡ്ജിമാര്‍ നിയമനിര്‍മാണം നടത്തുന്നില്ല. ഇതുസംബന്ധിച്ച് അവര്‍ക്ക് ഒന്നും അറിയില്ല. നിയമനിര്‍മാണ സംവിധാനങ്ങളില്‍ ജോലി ചെയ്യുന്നവരെ അതു ചെയ്യാന്‍ അനുവദിക്കണം. അങ്ങനെ ചെയ്തിട്ടില്ലെങ്കില്‍ മരണങ്ങളും പ്രശ്‌നങ്ങളുമാണ് രാജ്യത്തുണ്ടാകുകയെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
ചെക്‌പോയിന്റുകള്‍ വഴി ഔദ്യോഗികമായി രാജ്യത്തേക്കു പ്രവേശിക്കുന്നവര്‍ക്കു മാത്രം അഭയം നല്‍കിയാല്‍ മതിയെന്ന ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം റദ്ദാക്കിയതോടെയാണ് ട്രംപ് ജഡ്ജിമാര്‍ക്കെതിരേ രംഗത്തെത്തിയത്.
കോടതി വിധി പുറപ്പെടുവിച്ച ഫെഡറല്‍ ജഡ്ജിമാരെ 'ഒബാമ ജഡ്ജിമാര്‍' എന്നു വിളിച്ചാണ് ട്രംപ് കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്. എന്നാല്‍, ഇതിനെതിരേ ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട് രംഗത്തെത്തുകയായിരുന്നു.
ഒബാമ ജഡ്ജി, ട്രംപ് ജഡ്ജി, ബുഷ് ജഡ്ജി, ക്ലിന്റണ്‍ ജഡ്ജി എന്നിങ്ങനെയില്ലെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. തങ്ങളുടെ മുന്നിലെത്തുന്നവര്‍ക്കു തുല്യത ലഭിക്കാനായി പ്രവര്‍ത്തിക്കുന്ന ജഡ്ജിമാരാണുള്ളത്. സ്വതന്ത്രമായ ജുഡിഷ്യറി നടത്തുന്നതിനാല്‍ അവരോട് നന്ദി പറയണമെന്നും അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസിന് ആവശ്യമുള്ളത് പറയാം, എന്നാല്‍ ഒന്‍പതാം സെര്‍ക്യൂട്ട് കോടതി പൂര്‍ണമായും നാശമാണെന്നു ട്രംപ് തിരിച്ചടിച്ചു.
രാജ്യത്തെ മറ്റു കോടതികളെ സെര്‍ക്യൂട്ട് കോടതി അട്ടിമറിക്കുകയാണെന്നു ട്രംപ് പറഞ്ഞു. സുപ്രിംകോടതിയുടെ ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നതില്‍ 79 ശതമാനം ഒന്‍പതാം സെര്‍ക്യൂട്ടില്‍നിന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."