മൂന്ന് യുവാക്കള്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു
ജെയ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കേ തൊഴിലില്ലായ്മയില്‍ മനംനൊന്തു മൂന്നു യുവാക്കള്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതു സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നു.
ഇന്നലെ രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയിലാണ് നാലു യുവാക്കള്‍ ട്രെയിനിനു മുന്നില്‍ ചാടിയത്. ഇവരില്‍ ഒരാള്‍ ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടിട്ടുണ്ട്. മരിച്ചവരുടെ സുഹൃത്തുക്കളാണ് ഇവരുടെ മരണകാരണം തൊഴിലില്ലായ്മയാണെന്നു പൊലിസിനു മൊഴി നല്‍കിയത്. മനോജ്, സത്യനാരായണ്‍ മീണ, റിതുരാജ് മീണ എന്നിവരാണ് മരിച്ചത്. അഭിഷേക് മീണയ്ക്കാണ് പരുക്കേറ്റത്.
അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും യുവാക്കളുടെ മരണകാരണം എന്താണെന്നു തിരിച്ചറിയേണ്ടതുണ്ടെന്നും ആള്‍വാര്‍ പൊലിസ് അറിയിച്ചു. തൊഴിലില്ലായ്മ കാരണം യുവാക്കള്‍ മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നാണ് വിവരം. മരിച്ച മനോജും സത്യനാരായണയും സര്‍ക്കാര്‍ സര്‍വിസില്‍ ജോലിക്കു കയറാനുള്ള പരിശീലനത്തിലായിരുന്നു. മരിച്ച റിതുരാജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. പരുക്കേറ്റ യുവാവിനെ ജെയ്പൂരിലെ ആശുപത്രിയിലേക്കു മാറ്റിയതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."