സഊദിയില്‍ രാത്രിജോലി നിയമങ്ങള്‍ പരിഷ്‌കരിച്ചു
ജിദ്ദ: സഊദിയില്‍ രാത്രികാല ജോലിയുടെ നിയമങ്ങളും നിബന്ധനകളും പരിഷ്‌കരിച്ചു. രാത്രി തൊഴിലെടുക്കുന്നവരുടെ അവകാശങ്ങളും ആരോഗ്യവും സംരക്ഷിക്കുന്നതാണ് പരിഷ്‌കരിച്ച നിയമം. പുതിയ നിയമം അടുത്ത വര്‍ഷം ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ സാമൂഹിക കാര്യ മന്ത്രി അഹമ്മദ് അല്‍ റാജിഅറിയിച്ചു.
രാത്രി 11 മുതല്‍ രാവിലെ ആറു വരെയുള്ള സമയത്തെ ജോലിയാണ് രാത്രി തൊഴില്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. രാവിലെ ആറു മുതല്‍ രാത്രി 11 വരെയുള്ള സമയത്ത് നിര്‍വഹിക്കുന്ന തൊഴിലുകള്‍ സാദാ തൊഴില്‍ സമയമായി കണക്കാക്കും. തൊഴില്‍, സാമൂഹിക വികസന മന്ത്രിയുടെ തീരുമാനപ്രകാരം പ്രത്യേകം നിര്‍ണയിച്ച സമയത്ത് ചുരുങ്ങിയത് മൂന്നു മണിക്കൂറെങ്കിലും ജോലി ചെയ്യുന്നവര്‍ക്ക് രാത്രി തൊഴിലാളിയെന്ന സാങ്കേതിക വിശേഷണം ബാധകമായിരിക്കുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. രാത്രി തൊഴിലാളിക്ക് ആരോഗ്യ പരിചരണം ലഭ്യമാക്കുന്നതിന് തൊഴിലുടമ ബാധ്യസ്ഥമാണ്. രാത്രി തൊഴിലിന് ആരോഗ്യപരമായി എത്രമാത്രം അനുയോജ്യനാണ് എന്നും അനുയോജ്യനല്ല എന്നും വ്യക്തമാക്കി മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൊഴിലാളിക്ക് അവകാശമുണ്ട്. രാത്രി തൊഴിലിന് ആരോഗ്യപരമായി അനുയോജ്യനല്ലെങ്കില്‍ സാദാ തൊഴില്‍ സമയത്തേക്ക് തൊഴിലാളിയെ മാറ്റണം.
ആരോഗ്യം സംരക്ഷിക്കുന്നതിന് രാത്രി ജോലി ഒഴിവാക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കുന്നവര്‍, പ്രസവത്തിന് ചുരുങ്ങിയത് 24 ആഴ്ച മുമ്പു വരെയുള്ള ഗര്‍ഭിണികള്‍, മാതാവിന്റെയും കുഞ്ഞിന്റെയും ആരോഗ്യം സംരക്ഷിക്കുന്നതിന് അധിക കാലം രാത്രി ജോലി ഒഴിവാക്കേണ്ടത് ആവശ്യമാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന ഗര്‍ഭിണികള്‍, മാതാക്കള്‍ എന്നിവരെ രാത്രി ജോലിക്ക് നിയോഗിക്കാന്‍ പാടില്ല.
തൊഴില്‍ ദിനം അവസാനിച്ച് മറ്റൊരു തൊഴില്‍ ദിനം ആരംഭിക്കുന്നതിനിടയില്‍ രാത്രി തൊഴിലാളിക്ക് അനുവദിക്കുന്ന വിശ്രമസമയം 12 മണിക്കൂറില്‍ കുറയാന്‍ പാടില്ല. രാത്രി തൊഴിലില്‍ തുടര്‍ച്ചയായി മൂന്നു മാസത്തില്‍ കൂടുതല്‍ നിയോഗിക്കുന്നതിനും വിലക്കുണ്ട്. മൂന്നു മാസം പിന്നിട്ടാല്‍ തൊഴിലാളിയെ ഒരു മാസത്തില്‍ കുറയാത്ത കാലത്തേക്ക് സാദാ തൊഴില്‍ സമയത്തേക്ക് മാറ്റണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."