സംസ്ഥാനത്ത് മാവോയിസ്റ്റ് ആക്രമണത്തിന് സാധ്യത
കാളികാവ്: സംസ്ഥാനത്ത് മാവോയിസ്റ്റ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന് സൂചന. നിലമ്പൂര്‍ വെടിവയ്പിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടാകുമെന്നാണ് രഹസ്യവിവരം. ഇതേതുടര്‍ന്ന് സംസ്ഥാനത്തെ പൊലിസ് സ്റ്റേഷനുകളുടെ സുരക്ഷ ശക്തമാക്കി. മാവോയിസ്റ്റ് ഭീഷണിയുള്ള പൊലിസ് സ്റ്റേഷനുകള്‍ സായുധ സേനയുടെ സംരക്ഷണത്തിലാണ്. നക്സല്‍വിരുദ്ധ സേനക്കാണ് സ്റ്റേഷനുകളുടെ പൂര്‍ണ ചുമതല. മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലെ വനമേഖലയോട് ചേര്‍ന്നുള്ള സ്റ്റേഷനുകള്‍ക്കാണ് ഭീഷണിയുള്ളത്. മലപ്പുറത്തെ കേരള-തമിഴ്നാട് അതിര്‍ത്തിയിലെ വഴിക്കടവ്, എടക്കര, പോത്തുകല്ല്, നിലമ്പൂര്‍, പൂക്കോട്ടുംപാടം, കാളികാവ്, കരുവാരകുണ്ട് എന്നീ സ്റ്റേഷനുകളും വയനാട്ടിലെ പുല്‍പ്പള്ളി, തിരുനെല്ലി, കേണിച്ചിറ, വെള്ളമുണ്ട, തലപ്പുഴ, മാനന്തവാടി, വൈത്തിരി, പാലക്കാട്ടെ അഗളി, പുതൂര്‍ തുടങ്ങിയ സ്റ്റേഷനുകള്‍ക്കുമാണ് ഭീഷണി. ശനിയാഴ്ച നടക്കുന്ന രക്തസാക്ഷി ദിനാചരണം മുന്‍നിര്‍ത്തിയാണ് നക്സല്‍വിരുദ്ധ സേനക്ക് പൂര്‍ണ ചുമതല നല്‍കിയിട്ടുള്ളത്. സ്റ്റേഷനുകളിലെത്തുന്ന വാഹനങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും കടത്തിവിടുക. കൂടാതെ പൊലിസുകാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്യും. സ്റ്റേഷനുകളുടെ സുരക്ഷ നക്സല്‍വിരുദ്ധ സേന ഏറ്റെടുത്തതിന് പുറമെ പൊലിസ് വാഹനത്തില്‍ നിരന്തര പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റേഷനുകളുടെ രണ്ടര കിലോമീറ്റര്‍ പരിധിയില്‍ പരിശോധന നടത്താനാണ് നിര്‍ദേശം. നക്സല്‍വിരുദ്ധ സേനാ അംഗങ്ങളുടെ കുറവുള്ള സ്റ്റേഷനുകളില്‍ വ്യാഴാഴ്ച കൂടുതല്‍ പേരെ എത്തിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."