കണ്ണമ്പ്രയില്‍ ക്രാഫ്റ്റ് വില്ലേജ് നിര്‍മിക്കും: മന്ത്രി എ.കെ ബാലന്‍
പാലക്കാട്: കണ്ണമ്പ്രയില്‍ ദേശീയപാതയോരത്ത് ക്രാഫ്റ്റ് വില്ലേജ് നിര്‍മിക്കുമെന്ന് പട്ടികജാതി-വര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. കാവശ്ശേരിയില്‍ സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് നല്‍കുന്ന ധനസഹായത്തിന്റേയും യന്ത്രസാമഗ്രികളുടേയും വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പരമ്പരാഗത കരകൗശല വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലാളികള്‍ക്ക് വില്‍പ്പന കേന്ദ്രം കണ്ടെത്തുന്നതിനുമായാണ് അഞ്ച് ഏക്കര്‍ സ്ഥലത്ത് ക്രാഫ്റ്റ് വില്ലേജ് നിര്‍മിക്കുക. സ്ഥലം ഏറ്റെടുത്ത് നിര്‍മാണ ജോലികള്‍ ഉടന്‍ ആരംഭിക്കും.
ക്രാഫ്റ്റ് വില്ലേജ് തുടങ്ങുന്നതോടെ ടൂറിസം മേഖലയെ ഉപയോഗപ്പെടുത്തി പരമ്പരാഗത മണ്‍പാത്ര- നെയ്ത്ത്-കരകൗശല ഉല്‍പ്പന്നങ്ങളുടെ വിപണി കണ്ടെത്താനാകും. മണ്‍പാത്ര നിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃത കളിമണ്ണ് ലഭിക്കുന്നതിനുള്ള തടസങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ട് നീക്കും. ജില്ലാ കലക്ടറുമായും ജിയോളജി വകുപ്പുമായും ആലോചിച്ച് തടസങ്ങള്‍ നീക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
പരമ്പരാഗത തൊഴിലുകളെ സര്‍ക്കാര്‍ സംരക്ഷിക്കും.യന്ത്രവല്‍ക്കരണത്തിലൂടെ വൈവിധ്യമാര്‍ന്ന കളിമണ്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനും വിപണനം നടത്തുന്നതിനും തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കും. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സംയോജിത സാമൂഹിക പ്രതിബദ്ധത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കാവശ്ശേരി പഞ്ചായത്തിലെ 50 കളിമണ്‍പാത്ര നിര്‍മാണ കുടുംബങ്ങള്‍ക്ക് 35000 രൂപവീതം ധനസഹായം നല്‍കിയത്. ജില്ലയില്‍ 40 കോടിയാണ് കോര്‍പ്പറേഷന്‍ ഈ വര്‍ഷം വായ്പയായി നല്‍കുക. സ്വയംതൊഴില്‍ സംരഭകര്‍ക്കായി 10 ലക്ഷം രൂപ അഞ്ചുമുതല്‍ ആറ് ശതമാനം പലിശനിരക്കിലും മതന്യൂനപക്ഷങ്ങള്‍ക്ക് 30 ലക്ഷം രൂപ ആറ് മുതല്‍ എട്ട് ശതമാനം പലിശനിരക്കിലും വിദ്യാഭ്യാസ വായ്പയായി 20 ലക്ഷം രൂപ മൂന്ന് മുതല്‍ നാല് ശതമാനം പലിശ നിരക്കിലും വായ്പയായി കോര്‍പ്പറേഷന്‍ നല്‍കും.
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സംഗീത ചക്രപാണി അധ്യക്ഷനായി. കെ.ഡി. പ്രസേനന്‍ എം.എല്‍.എ. സുവര്‍ണശ്രീ പദ്ധതി വായ്പാ വിതരണം നടത്തി. ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ അരവിന്ദ് കത്തൂരിയ സംയോജിത സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഗ്രാന്റ് വിതരണം ചെയ്തു. വിവാഹ വായ്പാ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി ഭാമ നിര്‍വഹിച്ചു. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്റ്റര്‍ കെ.ടി. ബാലഭാസ്‌കരന്‍, ഡയറക്ടര്‍മാരായ എ.പി. ജയന്‍, എ. മഹേന്ദ്രന്‍, ജനപ്രതിനിധികള്‍ , രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."