വൈകുന്ന ആനുകൂല്യങ്ങള്‍ അവകാശികള്‍ക്ക് നല്‍കണം: മനുഷ്യാവകാശ കമ്മീഷന്
കൊല്ലം: ഭരണപരവും സാമ്പത്തികവുമായ കാരണങ്ങളാല്‍ വൈകിപോകുന്ന ആനുകൂല്യങ്ങള്‍ പരേതരുടെ അവകാശികള്‍ക്ക് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവിട്ടു.
ഏത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പരേതര്‍ക്ക് നല്‍കേണ്ടിയിരുന്ന പെന്‍ഷനും കുടിശികയും അവകാശികള്‍ക്ക് നല്‍കാത്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ യഥാസമയം അര്‍ഹതര്‍ക്ക് നല്കാന് സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും ഉത്തരവില്‍ പറയുന്നു.
അന്തരിച്ച അമ്മക്ക് ലഭിക്കേണ്ടിയിരുന്ന വാര്ധക്യകാലപെന്ഷന് കുടിശിക അവകാശിയായ തനിക്ക് ലഭിക്കണമെന്ന അപേക്ഷ നിരസിച്ചതിനെതിരെ കൊല്ലം ഉറുകുന്ന് സ്വദേശി ജിജി ഷിബു നല്കിയ പരാതിയിലാണ് നടപടി. വാര്‍ധക്യകാല പെന്ഷന് കുടിശിക അവകാശിയായ തനിക്ക് ലഭിക്കാന്‍ ജിജി പഞ്ചായത്ത് ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ക്ഷേമപെന്ഷന് സ്വീകരിക്കാന്‍ ഗുണഭോക്താവിന് മാത്രമാണ് അര്‍ഹതയെന്ന് പഞ്ചായത്ത് ഡയറക്ടര്‍ അറിയിച്ചു.
കുടിശിക അനന്തരാവകാശിക്ക് നല്കാന് നിയമമില്ല.
എന്നാല്‍ കുടിശിക അമ്മ ജീവിച്ചിരുന്ന കാലത്ത് തന്നെ ലഭിക്കേണ്ടിയിരുന്നതാണെന്നാണ് പരാതിക്കാരിയുടെ വാദം. സാമൂഹിക സുരക്ഷാ പെന്ഷന് കൃത്യമായി ലഭിച്ചിരുന്നെങ്കില്‍ അമ്മ ജീവിച്ചിരുന്ന കാലത്ത് തന്നെ തുക ലഭിക്കുമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
ഉത്തരവ് അടിയന്തിര നടപടികള്‍ക്കായി തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്കും പഞ്ചായത്ത് ഡയറക്ടര്‍ക്കും കൈമാറി. കേസ് ഡിസംബര്‍ 21ന് കൊട്ടാക്കരയില്‍ പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."