ജില്ലയില്‍ ഇന്നു മുതല്‍ പിങ്ക് പട്രോള്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങും
കോട്ടയം : ജില്ലയില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പിങ്ക് പട്രോളിങ് വാഹനം ഇന്ന് മുതല്‍ ജില്ലയില്‍ നിരത്തിലിറങ്ങും. രാവിലെ 11ന് ഗാന്ധി സ്‌ക്വയറില്‍ ജില്ലാ പൊലിസ് മേധാവി എന്‍. രാമചന്ദ്രന്‍ വാഹനം ഫ്‌ളാഗ് ഓഫ് ചെയ്യും.
പൂര്‍ണ്ണമായും വനിതാ പൊലിസ് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തില്‍ രണ്ട് കാറുകളും വനിതാ സെല്ലില്‍ പിങ്ക് കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. അപകടത്തില്‍ പെടുന്ന സ്ത്രീകള്‍ക്ക് '1515''എന്ന നമ്പര്‍ വഴിയും ''തനുത്ര'' എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുംപിങ്ക് പട്രോളിങ് സംഘത്തെ ബന്ധപ്പെടാം പിങ്ക് നിറത്തിലുള്ള രണ്ട് കാറുകളാണ് പട്രോളിംഗിനായി ഒരുക്കിയിട്ടുള്ളത്.
ഡ്രൈവര്‍മാരും പൊലിസുകാരുമടക്കം 32 വനിതാ ഉദ്യോഗസ്ഥരാണ് പിങ്ക് പട്രോളിങിനായി പരിശീലനം നേടിയത്. അഡ്മിനിസ്‌ട്രേഷന്‍ ഡിവെ.എസ്.പി വിനോദ് പിള്ളയാണ് പിങ്ക് പട്രോളിംങിന്റെ നോഡല്‍ ഓഫിസര്‍. വനിതാ സെല്‍ ഇന്‍സ്‌പെക്ടര്‍ എന്‍. ഫിലോമിന, സബ് ഇന്‍സ്‌പെക്ടര്‍ സരള എന്നിവര്‍ക്കാണ് പട്രോളിംഗ് വാഹനത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്തെ മെട്രോ നഗരങ്ങളിലും മറ്റും നല്‍കിയിരിക്കുന്ന പിങ്ക് പട്രോളിങ് വാഹനമാണ് ജില്ലയില്‍ ലഭ്യമായിരിക്കുന്നത്. സ്ത്രീകള്‍ ആപത്തുകളിലോ അപകടങ്ങളിലോ ഉള്‍പ്പെടുന്ന സാഹചര്യങ്ങളില്‍ പിങ്ക് പട്രോളിങിനെ ബന്ധപ്പെടാവുന്നതും ഇത്തരത്തില്‍ സഹായം തേടിയുള്ള സന്ദേശം ലഭിച്ചാല്‍ ജി.പി.എസ് സംവിധാനം ഉപയോഗിച്ച് കൃത്യമായ സ്ഥലം കണ്ടെത്താനുള്ള സോഫറ്റ് വെയര്‍,കാമറ, വൈ.ഫൈ, റിമോര്‍ട്ട്, റഡാര്‍, ടാബ് സംവിധാനം എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പിങ്ക് വാഹനങ്ങളില്‍ ഒന്ന് മെഡിക്കല്‍ കോളജ്, കോട്ടയം കേന്ദ്രീകരിച്ച് ഡ്യൂട്ടിയിലുണ്ടാവുന്നതും കെ.എസ്.ആര്‍.ടി.സി, ആര്‍.ആര്‍ ജങ്ഷന്‍, ബേക്കര്‍ ജംഗ്ഷന്‍, ചാലുകുന്ന്, സി.എംഎസ് കോളജ്, ഉപ്പൂട്ടികവല, അറുപറ, ഇല്ലിക്കല്‍ പാലം, തിരുവാതുക്കല്‍, ബോട്ടുജട്ടി, തിരുനക്കര, ശാസ്ത്രി റോഡ്, ഡി.സി. ബുക്‌സ്, ബിസിഎം കോളേജ്, ജില്ലാ ആശുപത്രി, സെന്ററല്‍ ജംഗ്ഷന്‍ എന്നീ പ്രദേശങ്ങളും രണ്ടാമത്തെ വാഹനം നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് കേന്ദ്രികരിച്ച് ഡ്യൂട്ടിയിലുണ്ടാവുന്നതും വടവാതൂര്‍ ജങ്ഷന്‍, കളത്തിപ്പടി, കഞ്ഞിക്കുഴി, കളക്ടേറ്റ്, റെയില്‍വേ സ്റ്റേഷന്‍, നാഗമ്പടം സ്റ്റാന്‍ഡ്, സിയേഴ്‌സ് ജങ്ഷന്‍, നാഗമ്പടം പാലം, ചൂട്ടുവേലി, ചവിട്ടുവരി, കമാരനല്ലൂര്‍ ജംഗ്ഷന്‍ എന്നീ പ്രദേശങ്ങളും ഉള്‍പ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."